കൊച്ചി: ലയണൽ മെസിയുടെ പേരിൽ അരങ്ങേറിയ തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശേരിയിലെ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ റെയ്ഡ് തികച്ചും നിയമപരമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സെർച്ച് വാറണ്ട് ഉൾപ്പെടെയുള്ള ആവശ്യമായ എല്ലാ നിയമപരമായ അനുമതികളും നേടിയ ശേഷമാണ് പരിശോധന പൂർത്തിയാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
എസ്ഐടി എങ്ങനെ പ്രവർത്തിക്കണമെന്ന കാര്യത്തിൽ കൃത്യമായ നിയമവ്യവസ്ഥകളുണ്ട്. അന്വേഷണ സംഘം യാതൊരുവിധ നിയമവിരുദ്ധ നടപടികളിലേക്കും തിരിഞ്ഞിട്ടില്ല.
പൊലീസ് അന്വേഷണത്തിൽ ആഭ്യന്തര മന്ത്രിയോ സർക്കാരോ ഇടപെടൽ നടത്തുന്ന പതിവില്ലെന്നും, അന്വേഷണം അതിന്റെ മുറയ്ക്ക് നടക്കട്ടെയെന്നും വസ്തുതകളുടെ അടിസ്ഥാനത്തിൽ നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. റെയ്ഡിനിടയിൽ എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് ഗൗരവമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ പത്ത് വർഷക്കാലം മാധ്യമങ്ങൾക്ക് നേരെ നടന്ന വേട്ടയാടലുകൾ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നതായിരുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർക്ക് വരെ ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്.
അന്ന് ആരും അതിനെതിരെ പ്രതികരിക്കാൻ തയ്യാറായില്ല. ഒരു മാധ്യമപ്രവർത്തകയ്ക്കെതിരെ മുൻപ് എടുത്ത കേസുകളെക്കുറിച്ചും ആഭ്യന്തര മന്ത്രി ഓർമ്മിപ്പിച്ചു.
നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് ആരായാലും പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

