ന്യൂഡൽഹി: 2000 രൂപയ്ക്കു മുകളിലുള്ള ഓരോ വാണിജ്യ ഇടപാടിനും (പി2എം) വ്യാപാരിയിൽനിന്ന് 0.4% മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാനുള്ള കേന്ദ്ര തീരുമാനം വിദേശ സ്വാധീനം മൂലമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് പ്രധാന ആരോപണം. യുപിഐയും റൂപേയും വീസ, മാസ്റ്റർകാർഡ് എന്നിവയുടെ ബിസിനസിനെ ബാധിച്ചുവെന്ന അമേരിക്കയുടെ പരാതി പരിഹരിക്കാനാണ് ഫീസ് ഏർപ്പെടുത്തുന്നതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
എന്നാൽ, ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് ധനമന്ത്രാലയം രംഗത്തെത്തി. ഇന്ത്യയുടെ യുപിഐ സംബന്ധിച്ച തീരുമാനങ്ങൾ തികച്ചും സ്വതന്ത്രമായാണ് എടുക്കുന്നതെന്നും യാതൊരുവിധ വിദേശ സ്വാധീനവുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സാധാരണക്കാരായ ഉപഭോക്താക്കൾക്ക് യുപിഐ സേവനം പൂർണ്ണമായും സൗജന്യമായി തന്നെ തുടരുമെന്നും അധികൃതർ അറിയിച്ചു. എന്താണ് എംഡിആർ ഫീസ്?
ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്കു മുകളിലുള്ള ഓരോ വാണിജ്യ യുപിഐ ഇടപാടിനും (പി2എം) വ്യാപാരിയിൽനിന്ന് 0.4% മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ബാങ്കുകൾ ഈടാക്കും. 75,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 0.4 ശതമാനവും അതിനു മുകളിലുള്ള ഏത് ഇടപാടിനും 300 രൂപ എന്ന ഫ്ലാറ്റ് നിരക്കുമായിരിക്കും ബാധകം.
ഫലത്തിൽ ഒരു ഇടപാടിന് എംഡിആർ ആയി ഈടാക്കാവുന്ന പരമാവധി തുക 300 രൂപയായിരിക്കും. ഈ ഫീസ് ഒരിക്കലും ഉപയോക്താക്കളിൽ നിന്നല്ല ഈടാക്കുന്നത്.
2020 ജനുവരിയിൽ നിർത്തിവച്ച യുപിഐ എംഡിആർ ചാർജാണ് ആറരവർഷത്തിനു ശേഷം പുതിയ രൂപത്തിൽ തിരിച്ചെത്തിയിരിക്കുന്നത്. 2,000 രൂപയ്ക്കു താഴെയുള്ള വാണിജ്യ ഇടപാടുകൾക്ക് യാതൊരു ചാർജും ഈടാക്കില്ല.
കൂടാതെ, വ്യക്തികൾ തമ്മിൽ എത്ര വലിയ തുക കൈമാറ്റം ചെയ്യുന്നതിനും (പി2പി) ചാർജ് ബാധകമല്ല. പ്രതിമാസം ഒരുലക്ഷം രൂപ വരെ യുപിഐ ക്യുആർ കോഡ് വഴി സ്വീകരിക്കുന്ന ചെറുകിട
വ്യാപാരികളെ (പി2പിഎം) എംഡിആർ ചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് ജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമില്ല.
എന്നാൽ, തുടർച്ചയായി 3 മാസങ്ങളിൽ ഒരുലക്ഷം രൂപയിൽ കൂടുതൽ തുക സ്വീകരിക്കുന്ന വ്യാപാരികൾക്ക് പുതിയ എംഡിആർ നിരക്കുകൾ ബാധകമാകും. നിലവിൽ ക്രെഡിറ്റ് കാർഡുകൾക്ക് 1.5% മുതൽ 2.5% വരെയും ഡെബിറ്റ് കാർഡുകൾക്ക് 0.9% വരെയുമാണ് ചാർജ് ഈടാക്കുന്നത്.
ഈ തുക നേരിട്ട് ഉപയോക്താവിൽ നിന്ന് വാങ്ങാൻ വ്യാപാരിക്ക് സാധിക്കില്ലെങ്കിലും, ഈ അധികനിരക്കിന്റെ ബാധ്യത ഉൽപ്പന്നങ്ങളുടെ വിലയിൽ പ്രതിഫലിച്ചേക്കാം. പ്രധാന ഇളവുകൾ:
• റെയിൽവേ ടിക്കറ്റ് ബുക്കിങ്, ടെലികോം പേയ്മെന്റുകൾ, ഇൻഷുറൻസ് പ്രീമിയം, പെട്രോൾ/ഡീസൽ, വൈദ്യുതി ബിൽ, വാട്ടർ ചാർജ്, ഗ്യാസ് ബിൽ, സ്കൂൾ ഫീസ്, സർവകലാശാല ഫീസ്, പ്രവേശനപരീക്ഷാ ഫീസ്, ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റ്, വളം-കീടനാശിനി-കാർഷികോപകരണ വിൽപന, കേബിൾ/ഡിഷ് ടിവി ബിൽ, കോടതിച്ചെലവ്, നികുതി പേയ്മെന്റുകൾ, പോസ്റ്റൽ സേവനം, സർക്കാർ ചുമത്തുന്ന പിഴ, വോലറ്റ് ടോപ്-അപ്, ടോൾ ഫീസ് എന്നിവയിൽ 2,000 രൂപയ്ക്കു മുകളിൽ ഏത് തുകയുടെ ഇടപാട് നടത്തിയാലും 5 രൂപയെന്ന ഫ്ലാറ്റ് എംഡിആർ നിരക്കായിരിക്കും ബാധകം.
• മ്യൂച്വൽ ഫണ്ട്, കടപ്പത്രം, സ്റ്റോക്ബ്രോക്കേഴ്സ്, ഡീലേഴ്സ് അടക്കമുള്ള ഓഹരിവിപണി ഇടപാടുകൾക്ക് 2,000 രൂപയ്ക്ക് മുകളിലാണെങ്കിൽ 0.02 ശതമാനമെന്ന കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുക.
ഇവിടെയും പരമാവധി തുക 300 രൂപയാണ്. • ആവർത്തിച്ചുവരുന്ന പേയ്മെന്റുകൾക്ക് (ഓട്ടോ–പേ/യുപിഐ മാൻഡേറ്റ്) എംഡിആർ ബാധകമായിരിക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

