ഓണക്കാലത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ പൊലീസ് നടപ്പാക്കിയ ട്രാഫിക് പരിഷ്കരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും വിജയകരമായി മൂന്ന് ആഴ്ചകൾ പിന്നിടുന്നു. എങ്കിലും പ്രധാന ജംക്ഷനുകളിൽ ഫ്രീ ലെഫ്റ്റ് തടസ്സപ്പെടുത്തുന്ന പ്രവണതയ്ക്കെതിരെ കർശന നടപടികൾ ഉണ്ടാകാത്തത് യാത്രക്കാർക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, ഇരുചക്രവാഹനങ്ങൾ എന്നിവ ഫ്രീ ലെഫ്റ്റ് ഭാഗങ്ങളിൽ തടസ്സം സൃഷ്ടിച്ച് നിർത്തുന്നതിനാൽ വാഹനങ്ങൾ നിരനിരയായി കിടക്കുകയും ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും ചെയ്യുന്നുണ്ട്. നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനായി പുതുതായി 75 ട്രാഫിക് വാർഡന്മാർ, 70 കൺട്രോൾ റൂം പൊലീസുകാർ, 36 സിആർവി പട്രോളിങ് പൊലീസ് വാഹനങ്ങൾ, 187 ട്രാഫിക് പൊലീസുകാർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്.
എന്നിരുന്നാലും, രാവിലെയും വൈകിട്ടും നഗരത്തിലെ പ്രധാന ജംക്ഷനുകളായ എരഞ്ഞിപ്പാലം, ക്രിസ്ത്യൻ കോളജ്, സ്റ്റേഡിയം, രാജാജി റോഡ്, പുതിയ ബസ് സ്റ്റാൻഡ് ജംക്ഷൻ, പാളയം, തൊണ്ടയാട് എന്നിവിടങ്ങളിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് ഇതുവരെയും പൂർണ്ണ പരിഹാരമായിട്ടില്ല. കാരപ്പറമ്പ് – എരഞ്ഞിപ്പാലം റൂട്ടിൽ വരുന്ന വാഹനങ്ങൾക്ക് സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് പ്രവേശിക്കുന്നതിനായി റോഡിൽ കൃത്യമായ ലൈൻ മാർക്ക് ചെയ്തിട്ടുണ്ട്.
മുൻപ് ഇവിടെ രണ്ട് പൊലീസുകാരും ഒരു ട്രാഫിക് വാർഡനും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നെങ്കിലും, നിലവിൽ ഒരു പൊലീസുകാരൻ മാത്രമാണ് സേവനത്തിലുള്ളത്. ഇതോടെ ഓട്ടോറിക്ഷകളും ബസുകളും ഫ്രീ ലെഫ്റ്റ് പൂർണ്ണമായും തടസ്സപ്പെടുത്തിയാണ് സർവീസ് നടത്തുന്നത്.
കാരപ്പറമ്പ് ഭാഗത്ത് നിന്ന് നഗരത്തിലേക്ക് അത്യാഹിത വിഭാഗവുമായി എത്തുന്ന ആംബുലൻസുകൾ പോലും പലപ്പോഴും ഈ ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവുകാഴ്ചയായി മാറിയിട്ടുണ്ട്. മലാപ്പറമ്പ് – മാനാഞ്ചിറ റോഡ് നാലുവരിയായി വികസിപ്പിച്ചിട്ടുണ്ടെങ്കിലും, എരഞ്ഞിപ്പാലം ജംക്ഷനിൽ ഫ്രീ ലെഫ്റ്റ് തടസ്സപ്പെടുത്തി ബസുകൾ നിർത്തിയിടുന്നത് അരയിടത്തുപാലം, അശോകപുരം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ട
ജനങ്ങളെ മണിക്കൂറുകളോളം കുടുക്കിയിടുന്നു. രാവിലത്തെ സമയങ്ങളിൽ എരഞ്ഞിപ്പാലം മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള റോഡിൽ സ്ഥിരമായി വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
കണ്ണൂർ റോഡിൽ നടക്കാവ് ഭാഗത്തേക്ക് പോകേണ്ട ബസുകൾ ഇടതുഭാഗം ചേർത്ത് അശ്രദ്ധമായി നിർത്തുന്നതും ഈ മേഖലയിലെ കുരുക്ക് വർദ്ധിപ്പിക്കുന്നു.
തൊണ്ടയാട് ജംക്ഷനിൽ മലാപ്പറമ്പ് ഭാഗത്തേക്ക് മറ്റ് വാഹനങ്ങൾക്ക് തിരിഞ്ഞു പോകാൻ കഴിയാത്ത വിധത്തിലാണ് സ്വകാര്യ ബസുകൾ പലപ്പോഴും നിർത്തിയിടുന്നത്. എന്നാൽ ഇത്തരം നിയമലംഘനങ്ങൾക്ക് എതിരെ ഇവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഇടപെടാറില്ലെന്നാണ് പ്രധാന പരാതി.
ഫ്രീ ലെഫ്റ്റ് ജംക്ഷനുകളിൽ നിന്ന് 50 മീറ്റർ മുൻപേ ഗതാഗതം നിയന്ത്രിക്കാനും വാഹനങ്ങൾ കൃത്യമായി ക്രമപ്പെടുത്തി നിർത്താനുമായി കൂടുതൽ ട്രാഫിക് വാർഡന്മാരെ അടിയന്തരമായി നിയമിച്ചാൽ മാത്രമേ നഗരത്തിലെ ഈ യാത്രാദുരിതത്തിന് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

