അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ. മത്സരത്തിൽ മുഹമ്മദ് നബിയുടെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് താരം അപൂർവമായ ഈ റെക്കോർഡിന് അർഹനായത്.
സ്വന്തം രാജ്യത്ത് ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും അതായത് ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയിൽ 50-ലധികം വിക്കറ്റുകൾ വീഴ്ത്തുന്ന ലോകത്തിലെ ആദ്യ ബൗളറെന്ന ബഹുമതിയാണ് 32-കാരനായ ബുംറ സ്വന്തമാക്കിയത്. അഫ്ഗാനെതിരായ മത്സരത്തിൽ നാല് ഓവർ പന്തെറിഞ്ഞ താരം 25 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.
ഇന്ത്യയിൽ കളിച്ചിട്ടുള്ള 16 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 62 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. ഇതിൽ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു.
45 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. കൂടാതെ, രാജ്യത്ത് കളിച്ച 41 ഏകദിനങ്ങളിൽ നിന്ന് 64 വിക്കറ്റുകളും ബുംറ സ്വന്തമാക്കിയിട്ടുണ്ട്.
35 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയതാണ് ഇതിലെ മികച്ച പ്രകടനം. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തോടെ ഇന്ത്യയിൽ കളിച്ച 45 ടി20 മത്സരങ്ങളിൽ നിന്നാണ് താരം 50 വിക്കറ്റുകൾ തികച്ചത്.
ഇന്ത്യയിലെ ടി20 മത്സരങ്ങളിൽ 11 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം. ഇന്ത്യയിൽ 50-ലധികം ടി20 വിക്കറ്റുകൾ നേടുന്ന നാലാമത്തെ ബൗളറും മൂന്നാമത്തെ ഇന്ത്യൻ താരവുമാണ് ബുംറ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടി20 വിക്കറ്റുകൾ വീഴ്ത്തിയ താരങ്ങളുടെ പട്ടികയിൽ അക്ഷർ പട്ടേൽ ആണ് ഒന്നാം സ്ഥാനത്ത് (57 വിക്കറ്റുകൾ). റാഷിദ് ഖാൻ 56 വിക്കറ്റുകളോടെ രണ്ടാം സ്ഥാനത്തും, അർഷ്ദീപ് സിംഗ് 55 വിക്കറ്റുകളോടെ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

