കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന യുവാവിനെ ക്രൂരമായി ആക്രമിക്കുകയും സ്വർണ്ണവും പണവും കവർച്ച ചെയ്യുകയും ചെയ്ത കേസിൽ പ്രതികൾ പൊലീസ് പിടിയിലായി. സ്ഥിരം കുറ്റവാളിയായ മഞ്ഞപ്പെട്ടി സ്വദേശി സനൽചന്ദ്രൻ, തിരുവനന്തപുരം സ്വദേശി സജാദ് ഷാജഹാൻ, നെടുമ്പാശ്ശേരി സ്വദേശി ജോബി എന്നിവരാണ് അറസ്റ്റിലായത്.
പെരുമ്പാവൂർ കോടനാട് സ്വദേശിയായ ജോഫിൻ ജിജുവിനാണ് ഈ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ 3.30-നായിരുന്നു നാടിനെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.
സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കോഴിക്കോടേക്ക് പോകാൻ ട്രെയിൻ കയറാൻ നടക്കുന്നതിനിടയിലാണ് ജോഫിന് നേരെ ആക്രമണമുണ്ടായത്. പ്രതികൾ ജോഫിനെ കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം കയർ ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു.
ഇതിനിടയിൽ കുതറിമാറാൻ ശ്രമിച്ച ജോഫിന്റെ മാല പ്രതികൾ പൊട്ടിച്ചെടുക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തടഞ്ഞുനിർത്തി വീണ്ടും മർദ്ദിക്കുകയായിരുന്നു.
തുടർന്ന് പണവും മാലയും കവർന്ന് പ്രതികൾ ഇരുട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ്റെ കർശന നിർദ്ദേശാനുസരണം ആലുവ ഡിവൈഎസ്പി ബൈജു പൌലോസിൻെറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം പുരോഗമിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പ്രദേശത്തെ സാമൂഹ്യവിരുദ്ധരുടെയും സ്ഥിരം കുറ്റവാളികളുടെയും വിവരങ്ങൾ ശേഖരിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് വഴിതിരിവായത്.
അന്വേഷണത്തിന്റെ ഭാഗമായി ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടെ നൂറിലധികം പേരെ പൊലീസ് ചോദ്യം ചെയ്യുകയുണ്ടായി. മുഖ്യപ്രതി സനൽ കൊല്ലൂരിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
എന്നാൽ അന്വേഷണം വഴിതെറ്റിക്കാൻ ഇയാൾ മൊബൈൽ ഫോൺ കാസർകോട് ഉപേക്ഷിച്ച ശേഷം പെരുമ്പാവൂരിൽ തിരികെയെത്തുകയായിരുന്നു. തുടർന്ന് നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാനായത്.
പ്രതിയുടെ പക്കൽ നിന്ന് സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പൊലീസ് കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റ് രണ്ട് പ്രതികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിക്കുന്നത്.
ജോഫിനിൽ നിന്ന് അപഹരിച്ച സ്വർണ്ണാഭരണങ്ങളും പിന്നീട് കണ്ടെടുത്തു. പിടിയിലായ ഒന്ന്, രണ്ട് പ്രതികൾക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിലായി ആറിലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജോഫിന്റെ നാല് വാരിയെല്ലുകളും കൈകളിലെ അസ്ഥികളും ഒടിഞ്ഞിട്ടുണ്ട്. നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിൽ തുടരുകയാണ് അദ്ദേഹം.
ആലുവ റെയിൽവേ സ്റ്റേഷന്റെ പിൻവശം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. പ്രദേശത്ത് നിരന്തരം ഉണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

