കൊടുംഭീകരനും ജെയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസർ വിഷയം വീണ്ടും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. മസൂദ് അസറിനെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പ്രതിഫലത്തുക വർധിപ്പിച്ച പാകിസ്ഥാൻ നടപടിയെ ശക്തമായി പരിഹസിച്ച് ഇന്ത്യ രംഗത്തെത്തി.
പാകിസ്ഥാന്റേത് വെറും ഗിമ്മിക്കാണെന്നും പൂർണ്ണമായും പൊള്ളയായ പ്രഖ്യാപനമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കി. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസറിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇയാളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പാകിസ്ഥാന്റെ മറ്റൊരു തന്ത്രം മാത്രമാണിതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൽ തുറന്നടിച്ചു. “ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള പാകിസ്ഥാന്റെ ഇത്തരം ശ്രമങ്ങളും ഗിമ്മിക്കുകളും പുതിയ സംഭവമല്ല.
ഇതുപോലെയുള്ള പല ഗിമ്മിക്കുകളും നമ്മൾ നേരത്തേ കണ്ടതാണ്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യം ഇത്തരം പൊള്ളയായ പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അത് എത്രത്തോളം അർഥശൂന്യമാണെന്ന് നമുക്കറിയാം.
യാതൊരു ഫലവുമില്ലാത്ത ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പകരം ശക്തമായ നടപടികളാണ് പാകിസ്ഥാൻ സ്വീകരിക്കേണ്ടത്”- വക്താവ് കൂട്ടിച്ചേർത്തു. പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) ആണ് മസൂദ് അസറിനെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്കുള്ള പ്രതിഫലം വർധിപ്പിച്ചത്.
നേരത്തേ 50 ലക്ഷം പാകിസ്ഥാനി റുപ്പിയായിരുന്നു പാരിതോഷികം. കഴിഞ്ഞദിവസം ഇത് 20 ലക്ഷം കൂടി വർധിപ്പിച്ച് 70 ലക്ഷം പാകിസ്ഥാനി റുപ്പിയാക്കി ഉയർത്തുകയായിരുന്നു.
രാജ്യത്തെ പിടികിട്ടാപ്പുള്ളികളുടെ പുതിയ പട്ടിക പുറത്തുവിട്ടപ്പോഴാണ് പ്രതിഫലത്തുകയിലും വർധന വരുത്തിയത്. 2019-ലെ പുൽവാമ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിൽ നടന്നിട്ടുള്ള ഒട്ടേറെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് കൊടുംഭീകരനായ മസൂദ് അസർ.
ഇയാൾ നിലവിലും പാകിസ്ഥാനിൽ സുരക്ഷിതമായി കഴിയുന്നതായാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ ഉറപ്പായ കണ്ടെത്തൽ. ഏറ്റവും ഒടുവിലായി മസൂദ് അസർ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഒളിവിൽ കഴിയുന്നതായും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കൃത്യമായ വിവരങ്ങൾ ശേഖരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

