സംസ്ഥാനത്ത് കാലവർഷത്തിന്റെ ആദ്യ രണ്ടാഴ്ചകളിൽ കനത്ത മഴക്കുറവ് രേഖപ്പെടുത്തിയത് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. ഈ മാസം ആദ്യ രണ്ടാഴ്ച കാലവർഷത്തിൽ ലഭിച്ചത് ശരാശരിയുടെ വെറും 5 ശതമാനം മഴ മാത്രമാണ്.
95 ശതമാനം മഴ കുറഞ്ഞതു വരും ദിവസങ്ങളിൽ സംസ്ഥാനത്ത് രൂക്ഷമായ പ്രതിസന്ധികൾക്കു കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പസഫിക് മേഖലയിലെ എൽനിനോ ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ കേരളത്തെ ഇത്തവണ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം 133 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 7 മില്ലിമീറ്റർ മഴ മാത്രമാണു ലഭിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ 11 ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ ഒന്നു മുതൽ ആറു ശതമാനം വരെ മാത്രമാണ് ലഭിച്ചത്.
ശരാശരിയുടെ 10 ശതമാനമെങ്കിലും മഴ ലഭിച്ചത് കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ മാത്രമാണ്. മഴയുടെ ലഭ്യതയിൽ ഉണ്ടാകുന്ന കുറവിനൊപ്പം പലേടത്തും താപനിലയിൽ രണ്ടു മുതൽ നാലു ഡിഗ്രി വരെ വർധനവും അനുഭവപ്പെടുന്നുണ്ട്.
ഇത് കാർഷിക മേഖല ഉൾപ്പെടെയുള്ളവയിൽ വലിയ തിരിച്ചടികൾക്ക് കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്. ജൂൺ മാസം മുതലുള്ള കാലവർഷക്കണക്കുകൾ പരിശോധിക്കുമ്പോൾ ഇതുവരെയുള്ള മൊത്തത്തിലുള്ള മഴക്കുറവ് 27 ശതമാനമാണ്.
കഴിഞ്ഞ വർഷം എൽനിനോ പ്രതിഭാസം അനുഭവപ്പെട്ട കാലയളവിൽ സെപ്റ്റംബർ അവസാനം 34 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരുന്നത്.
അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നും, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
ഇതിനോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

