സ്മാർട്ട്ഫോൺ ചിപ്സെറ്റ് വിപണിയിൽ പുതിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ മീഡിയടെക് പുതിയ ഡൈമെൻസിറ്റി 9600 പ്രോ പ്രോസസർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് നാനോമീറ്റർ (2nm) ആർക്കിടെക്ചറിന്റെ അടിത്തറയിലാണ് ഈ പുതിയ പ്രൊസസർ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
സാംസങ്ങിന്റെ വരാനിരിക്കുന്ന എക്സിനോസ് 2600 പ്രൊസസറുമായി കടുത്ത മത്സരത്തിന് കളമൊരുക്കുന്നതിനൊപ്പം, ക്വാൽകോമിനെ പിന്നിലാക്കിക്കൊണ്ട് വിപണിയിലെത്താനാണ് ഈ പുതിയ നീക്കം ലക്ഷ്യമിടുന്നത്. ഏജന്റിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Agentic AI) സാങ്കേതികവിദ്യ മുൻനിർത്തിയാണ് ഡൈമെൻസിറ്റി 9600 പ്രോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സിപിയു (CPU), എൻപിയു (NPU) എന്നിവ ഒരേസമയം സമാന്തരമായി വിവിധ എഐ ജോലികൾ കൈകാര്യം ചെയ്യുന്ന ‘ഫ്യൂഷൻ ആർക്കിടെക്ചർ’ (Fusion Architecture) ഇതിന്റെ പ്രധാന സവിശേഷതയാണ്. സ്മാർട്ട്ഫോണുകൾക്കുള്ളിലെ എഐ പ്രവർത്തനങ്ങൾ കൂടുതൽ വേഗതയേറിയതും തടസ്സമില്ലാത്തതുമാക്കാൻ ഈ സംവിധാനം സഹായിക്കും.
സാങ്കേതിക മികവിന്റെ ഭാഗമായി, എൽ2 (L2), എൽ3 (L3) കാഷെ സംവിധാനത്തോടുകൂടിയ 2+3+3 കോർ ആർക്കിടെക്ചറാണ് ചിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും പുതിയ എൽപിഡിഡിആർ6 (LPDDR6), യുഎഫ്എസ് 5 (UFS 5) മെമ്മറി പിന്തുണയും ഇതിലുണ്ട്.
നിർദ്ദേശങ്ങൾ സ്വീകരിച്ച് നടപ്പിലാക്കുന്നതും അവ വിശകലനം ചെയ്യുന്നതും ഒരേസമയം നടക്കുമെന്നതിനാൽ പ്രോസസ്സിംഗ് സമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. മീഡിയടെക്കിന്റെ പത്താം തലമുറ സൂപ്പർ പെർഫോമൻസ് എൻപിയു, ഇഎൻപിയു 2.0 എന്നിവ അടങ്ങിയ ഡ്യുവൽ എൻപിയു ആർക്കിടെക്ചറാണ് ഇതിലുള്ളത്.
ഇത് മുൻ പതിപ്പായ എൻപിയു 1090-നെ അപേക്ഷിച്ച് 51 ശതമാനം മെച്ചപ്പെട്ട പ്രകടനവും 40 ശതമാനം ഉയർന്ന ഊർജ്ജക്ഷമതയും നൽകുന്നു.
ക്ലോക്ക് സ്പീഡുകളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും, മുൻ തലമുറയെ അപേക്ഷിച്ച് സിംഗിൾ-കോർ പ്രകടനത്തിൽ 17 ശതമാനവും മൾട്ടി-കോർ പ്രകടനത്തിൽ 15 ശതമാനവും വർദ്ധനവ് ഈ ബിഗ്-കോർ സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. ജിപിയുവിൽ (GPU) ആദ്യമായി എൻപിയു സംയോജിപ്പിച്ചിരിക്കുന്നു എന്നതും പ്രത്യേകതയാണ്.
റേ ട്രെയ്സിംഗ് ഗെയിമിംഗ് പ്രകടനത്തിൽ 18 ശതമാനം വർദ്ധനവും, ഫുൾ കപ്പാസിറ്റിയിൽ പ്രവർത്തിക്കുമ്പോൾ 24 ശതമാനം ഉയർന്ന ഊർജ്ജക്ഷമതയും മൂന്നാം തലമുറ റേ-ട്രെയ്സിംഗ് എൻജിൻ വഴി ലഭ്യമാകും. കൂടാതെ 185fps വരെയുള്ള നേറ്റീവ് പിന്തുണയും ഇതിലുണ്ട്.
മീഡിയടെക്കിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും ശക്തമായ ഐഎസ്പിയാണ് (ISP) ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 60fps ആക്ഷൻ ക്യാപ്ചർ, 240fps വേഗതയിൽ 4K സ്ലോ മോഷൻ വീഡിയോ, 4K 120fps സിനിമാറ്റിക് ലോഗ് വീഡിയോ റെക്കോർഡിങ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്.
കൂടാതെ 4K ലൈവ് ഫോട്ടോ പിന്തുണയ്ക്കായി എൻപിയു സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്നു. എഐ ഒപ്റ്റിമൈസ്ഡ് സെല്ലുലാർ കണക്റ്റിവിറ്റി, ബ്ലൂടൂത്ത് 6.2 പിന്തുണ തുടങ്ങിയവയും ഈ പ്രോസസറിന്റെ മറ്റ് പ്രധാന സമിതികളാണ്.
ഏതൊക്കെ ബ്രാൻഡുകളാണ് പുതിയ ചിപ്സെറ്റ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ചോ ഉപകരണങ്ങൾ എപ്പോഴാണ് വിപണിയിലെത്തുക എന്നതിനെക്കുറിച്ചോ കമ്പനി ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഡൈമെൻസിറ്റി 9600 പ്രോ ഉൾക്കൊള്ളുന്ന സ്മാർട്ട്ഫോണുകൾ 2026 അവസാനത്തോടെ വിപണിയിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാന എതിരാളികളായ ക്വാൽകോം ഇതുവരെ 2nm മൊബൈൽ പ്രൊസസർ പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

