ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിയിൽ എത്തുന്ന സഞ്ചാരികൾ വാഹനം പാർക്ക് ചെയ്യാനാകാതെ കടുത്ത ദുരിതത്തിൽ.
ഫീസ് ഈടാക്കിയിട്ടും കൃത്യമായ പാർക്കിങ് സൗകര്യം ഒരുക്കിനൽകാൻ അധികൃതർ തയ്യാറാകാത്തതിൽ സന്ദർശകർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രവേശന കവാടത്തിന് സമീപം വാഹനങ്ങൾ നിർത്തിയിട്ടാൽ കർശന പൊലീസ് നടപടിയും നേരിടേണ്ടി വരുന്നതായാണ് പരാതി.
കഴിഞ്ഞ ദിവസം അനധികൃത പാർക്കിങ് ആരോപിച്ചു നിരവധി വിനോദസഞ്ചാരികളിൽ നിന്നാണ് പിഴ ഈടാക്കിയത്. പാർക്കിങ് ഫീസ് നൽകിയ വാഹനങ്ങൾ പോലും നിലവിൽ അതിരപ്പിള്ളി-വാഴച്ചാൽ റോഡരികിലാണ് ഒതുക്കിയിടുന്നത്.
അവധി ദിവസങ്ങളിലും തിരക്കേറിയ വേളകളിലും ജംക്ഷനിൽ യാത്രക്കാരെ ഇറക്കിയ ശേഷം ഏകദേശം ഒന്നര കിലോമീറ്റർ അകലെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടി വരുന്നത്. പ്രദേശത്ത് മൊബൈൽ സിഗ്നൽ ലഭ്യമല്ലാത്തതിനാൽ, വെള്ളച്ചാട്ടം സന്ദർശിച്ചു മടങ്ങിയെത്തുന്നവർ വാഹനങ്ങൾ കണ്ടെത്താൻ കിലോമീറ്ററുകളോളം നടക്കേണ്ട
ദുസ്ഥിതിയാണുള്ളത്. പലപ്പോഴും വാഹനങ്ങൾ തിരഞ്ഞ് ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട
ഗതികേടിലാണ് സഞ്ചാരികൾ. പഞ്ചായത്തിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന കുട്ടികളും മുതിർന്നവരുമായ വിനോദസഞ്ചാരികൾ, വലിയ തിരക്കിനിടയിലൂടെ അരക്കിലോമീറ്ററിലധികം നടന്നാണ് ടിക്കറ്റ് കൗണ്ടറുകളിൽ എത്തുന്നത്.
എസ് വളവിലെ പാർക്കിങ് ഗ്രൗണ്ടിൽ പത്തിലധികം വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം മാത്രമാണുള്ളത്. കൂടാതെ, ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്ന വ്യൂ പോയിന്റ് മുതൽ പ്രവേശന കവാടം വരെയുള്ള ഭാഗങ്ങളിൽ പൊലീസ് നോ പാർക്കിങ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

