സംസ്ഥാനത്ത് തുടർച്ചയായ വൈദ്യുതി മുടക്കം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഇത് ഒരു വിഭാഗം വ്യാപാരികൾക്ക് വലിയ തോതിലുള്ള ആശ്വാസമാണ് നൽകുന്നത്. ഏറെക്കാലമായി നഷ്ടത്തിലായിരുന്ന മെഴുകുതിരി വിപണിക്ക് പവർകട്ട് കാലം വീണ്ടും പുത്തൻ ഉണർവ് നൽകിയിരിക്കുകയാണ്.
കുറച്ച് വർഷങ്ങളായി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മാത്രമാണ് കച്ചവടം മുന്നോട്ട് പോയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം വിപണിയിൽ അനുകൂലമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.
നിലവിൽ ഒരു കിലോ മെഴുകുതിരിക്ക് 240 രൂപയാണ് വിപണി വില. ചില്ലറ വിൽപനയിൽ ഒരു മെഴുകുതിരി 10 രൂപയ്ക്ക് അടക്കം ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നുണ്ട്.
ഈ വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധി അസംസ്കൃത വസ്തുവായ പാരഫിൻ വാക്സിന്റെ ഉയർന്ന വിലയാണ്. ഒരു കിലോഗ്രാം പാരഫിൻ വാക്സിന് 180 രൂപയാണ് വില വരുന്നത്.
വാക്സിന്റെ വില കഴിച്ച് 60 രൂപയാണ് ലാഭമായി കച്ചവടക്കാർക്ക് ലഭിക്കുന്നത്. ഈ തുകയിൽ നിന്നുവേണം തൊഴിലാളികൾക്കുള്ള കൂലിയും തിരിയുടെയും കവറിന്റെയും ചെലവുകളും കണ്ടെത്താൻ.
നൂറു ഗ്രാം ഭാരമുള്ള 6 തിരികൾ അടങ്ങിയ പാക്കറ്റിന് 30 രൂപയാണ് വില ഈടാക്കുന്നത്. നിർമാണച്ചെലവ് കഴിഞ്ഞാൽ വ്യാപാരികൾക്ക് കയ്യിൽ കിട്ടുന്നത് തുച്ഛമായ തുക മാത്രമാണ്.
നിലവിൽ ആലപ്പുഴ ജില്ലയിൽ മാത്രം ചെറുതും വലുതുമായ 150 ഓളം മെഴുകുതിരി നിർമാണ യൂണിറ്റുകളാണുള്ളത്. വിപണിയിലെ തളർച്ച കാരണം ഇതിനോടകം പ്രവർത്തനം അവസാനിപ്പിച്ച യൂണിറ്റുകളുടെ എണ്ണവും വലുതാണ്.
എങ്കിലും കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നൽകുന്ന പരിശീലനങ്ങൾ ഈ മേഖലയിലേക്ക് പുതിയ ആളുകളെ ആകർഷിക്കുന്നുണ്ട്. അതേസമയം, ഡെക്കറേറ്റിവ് കാൻഡിലുകളുടെ വിപണിയിൽ തികച്ചും വ്യത്യസ്തമായ വളർച്ചയാണ് പ്രകടമാകുന്നത്.
ആഘോഷവേളകളിൽ സമ്മാനങ്ങൾ നൽകാനും മുറികൾ അലങ്കരിക്കാനും ഇത്തരം മെഴുകുതിരികൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഒപ്പം ഹൗസ് ബോട്ടുകളിലും റിസോർട്ടുകളിലും മറ്റും ജെൽ, അരോമ മെഴുകുതിരികളുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്.
ഈ പ്രവണത പുതിയ സംരംഭകരെ ഈ മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

