പത്തനംതിട്ട ജില്ലയിൽ പുതിയ വിമാനത്താവളം നിർമ്മിക്കണമെന്ന ചർച്ചകൾ സജീവമാകുന്നതിനിടയിൽ, സ്വപ്ന പദ്ധതിയുടെ മിനിയേച്ചർ രൂപം തയ്യാറാക്കി മാതൃകയായിരിക്കുകയാണ് വലഞ്ചുഴി സ്വദേശിയായ സി.അർജുൻ.
വെറും രണ്ടാഴ്ച കൊണ്ടാണ് മൂന്നടി നീളവും നാലടി വീതിയുമുള്ള ഈ വിമാനത്താവള മാതൃക അദ്ദേഹം പൂർത്തിയാക്കിയത്. ജില്ലയുടെ സാംസ്കാരിക പൈതൃകം വിളച്ചോതുന്ന രീതിയിൽ ആറന്മുള കണ്ണാടിയും പള്ളിയോടങ്ങളും ഈ മാതൃകയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനുപുറമെ, വേഗപരിധി നിർദ്ദേശിക്കുന്ന ബോർഡുകൾ, നോ പാർക്കിംഗ് സൈനേജുകൾ, ഹരിതഭംഗി പകരുന്ന ചെടികൾ, സീബ്ര ക്രോസിങ്ങുകൾ എന്നിവയും സൂക്ഷ്മതയോടെ സജ്ജീകരിച്ചിരിക്കുന്നു. നിർമ്മിത ബുദ്ധിയുടെ (AI) സഹായത്തോടെ തയ്യാറാക്കിയ രൂപരേഖയിൽ പത്തനംതിട്ടയുടെ പ്രത്യേകതകൾക്ക് ഇണങ്ങുന്ന മാറ്റങ്ങൾ വരുത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ഫോം ഷീറ്റും പ്ലൈവുഡുമാണ് ഇതിനായി ഉപയോഗിച്ച പ്രധാന സാമഗ്രികൾ. ഒരു പ്രമുഖ ഇന്റീരിയർ ഡിസൈൻ കമ്പനിയിലെ ജീവനക്കാരനാണ് അർജുൻ.
കോവിഡ് ലോക്ഡൗൺ കാലത്തെ വിരസത മറികടക്കാനാണ് അദ്ദേഹം മിനിയേച്ചർ നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. സ്വന്തം വീടിന് സമീപമുള്ള വലഞ്ചുഴി ദേവീക്ഷേത്രത്തിന്റെ ചെറുമാതൃക ഏറെ ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിന് വലിയ ആത്മവിശ്വാസമായി മാറി.
തിരുവനന്തപുരത്താണ് അർജുൻ ഡിസൈനിങ്ങിൽ ബിരുദം പൂർത്തിയാക്കിയത്. ആ പഠനകാലത്ത് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ മിനിയേച്ചറും അദ്ദേഹം നിർമ്മിച്ചിരുന്നു.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് എത്തിയ വേളയിൽ ഈ മാതൃക മുഖ്യമന്ത്രി വി.ഡി.സതീശന് സമ്മാനിക്കാൻ അവസരം ലഭിക്കുകയും, അദ്ദേഹത്തിൽ നിന്ന് പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു. പ്രശസ്തമായ ലുലു മാളിന്റെ മിനിയേച്ചറും ഇദ്ദേഹം ഇതിനോടകം നിർമ്മിച്ചിട്ടുണ്ട്.
തിരുവനന്തപുരം-പത്തനംതിട്ട യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി ജില്ലയിൽ ഒരു റെയിൽവേ സ്റ്റേഷൻ വേണമെന്ന ആഗ്രഹത്താൽ റെയിൽവേ സ്റ്റേഷന്റെ മിനിയേച്ചറും അർജുൻ തയ്യാറാക്കിയിട്ടുണ്ട്.
ഇതിനുപുറമെ, വെറും 3 സെന്റിമീറ്റർ മാത്രം വലിപ്പമുള്ള ബുർജ് ഖലീഫയുടെ മിനിയേച്ചർ നിർമ്മിച്ച് ലോക റെക്കോർഡും ഈ യുവാവ് സ്വന്തമാക്കിയിട്ടുണ്ട്. ചന്ദ്രബാബുവിന്റെയും സുജയുടെയും മകനാണ്.
അനന്തൻ ആണ് സഹോദരൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

