ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ഗണ്യമായി കുറഞ്ഞത് വരും മാസങ്ങളിൽ വൈദ്യുതോൽപാദനത്തെ സാരമായി ബാധിച്ചേക്കുമെന്ന് ആശങ്ക. തുലാംമഴ ശക്തമായി ലഭിച്ചില്ലെങ്കിൽ ഉൽപാദനം കടുത്ത പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സംഭരണികളിൽ 80 ശതമാനം വെള്ളം ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 66 ശതമാനമായി ജലനിരപ്പ് താഴ്ന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പദ്ധതിയിൽ നിന്നുള്ള വൈദ്യുതോൽപാദനം നിലവിൽ പീക്ക് ലോഡ് സമയത്തേക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജലനിരപ്പ് 15 ശതമാനത്തിൽ താഴെയായിരുന്നു. തുടർന്ന് ഓഗസ്റ്റിൽ പെയ്ത മഴയെത്തുടർന്നാണ് ജലനിരപ്പ് 66 ശതമാനമായി ഉയർന്നത്.
ആകെ 340 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള ശബരിഗിരി പദ്ധതിയിൽ, അഞ്ചാം നമ്പർ ഒഴികെയുള്ള ജനറേറ്ററുകൾ പീക്ക് ലോഡ് സമയങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് അഞ്ചാം നമ്പർ ജനറേറ്റർ തൽക്കാലം ഷട്ട് ഡൗൺ ചെയ്തിരിക്കുന്നത്.
പകൽ സമയങ്ങളിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകുന്നതിനാൽ, പീക്ക് ലോഡ് ഒഴികെയുള്ള മറ്റ് സമയങ്ങളിൽ ശബരിഗിരി പദ്ധതിയുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ശബരിഗിരിയിൽ നിന്ന് പുറന്തള്ളുന്ന ജലമാണ് മറ്റ് മൂന്ന് ചെറു പദ്ധതികളുടെ പ്രവർത്തനത്തിന് അടിസ്ഥാനം.
50 മെഗാവാട്ടിന്റെ കക്കാട് പദ്ധതി, 7 മെഗാവാട്ടിന്റെ അള്ളുങ്കൽ ഇഡിസിഎൽ, 15 മെഗാവാട്ടിന്റെ കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി എന്നിവയാണ് ഇവ. ശബരിഗിരിയിൽ പകൽ സമയത്ത് ജനറേറ്ററുകൾ പ്രവർത്തിക്കാത്തതിനാൽ, ഈ ഉപപദ്ധതികളിലെയും ഉൽപാദനം നിലച്ചിരിക്കുകയാണ്.
കക്കി–ആനത്തോട് അണക്കെട്ടിന്റെ സംഭരണ ശേഷി 981.45 മീറ്റർ ആണെങ്കിലും നിലവിൽ ഇവിടെ 971.99 മീറ്റർ വെള്ളം മാത്രമാണുള്ളത്. അതുപോലെ 986.33 മീറ്റർ പൂർണ്ണ സംഭരണ ശേഷിയുള്ള പമ്പ അണക്കെട്ടിൽ ജലനിരപ്പ് 972.4 മീറ്ററായി കുറഞ്ഞു.
വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിച്ചിട്ട് ആഴ്ചകൾ പിന്നിട്ടതോടെ, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും പൂർണ്ണമായും നിലച്ച നിലയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

