വ്യക്തികേന്ദ്രീകൃത സംഘടനാ ശൈലിക്കെതിരെയും സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകള്‍ക്കുമെതിരെ സിപിഎം വിശാല സംസ്ഥാന സമിതിയില്‍ വിവിധ ജില്ലാ കമ്മിറ്റികളുടെ കടുത്ത വിമര്‍ശനം. കോഴിക്കോട് നടന്ന യോഗത്തിലെ പൊതുചര്‍ച്ചയിലാണ് പ്രതിനിധികള്‍ വിമര്ശനശരങ്ങളുയര്ത്തിയത്.
കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചയില്‍, പാര്‍ട്ടിക്ക് സംഭവിച്ച പിഴവുകളും തിരുത്തല്‍ നടപടികളും അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അപ്രത്യക്ഷമായതിന് കാരണം നേതാക്കളുടെ ധാര്‍ഷ്ട്യമാണെന്ന് കൊല്ലം ജില്ലാ കമ്മിറ്റി അംഗം കെ സേതുമാധവന് യോഗത്തില്‍ തുറന്നടിച്ചു.
തിരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടേറിയറ്റിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്ത് വര്‍ഷത്തെ ഭരണകാലയളവ് പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തിയെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം എന്‍ സുകന്യ വിമര്‍ശിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത് ഗവണ്മെന്റുകളെ ഉണ്ടാക്കാനല്ലെന്നും, ഇടതുമുന്നണി സര്‍ക്കാര്‍ വര്‍ഗ്ഗ ബഹുജന സംഘടനകളെ ഇല്ലാതാക്കിയെന്നും അവര്‍ കുറ്റപ്പെടുത്തി. തളിപ്പറമ്പിലെ പരാജയം എം വി ഗോവിന്ദന് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സൗകര്യപൂര്‍വ്വം ഒഴിവാക്കിയെന്നും വിമര്‍ശനമുയര്‍ന്നു.
തെരഞ്ഞെടുപ്പില്‍ സുനില്‍ കനഗോലുവിന്റെ തന്ത്രങ്ങളെ അവഗണിച്ചത് ഗുരുതര വീഴ്ചയായെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എച്ച് സലാം വ്യക്തമാക്കി. യുഡിഎഫിന്റെ തന്ത്രങ്ങള്‍ വിജയകരമായപ്പോള്‍, ഡാറ്റ ഇല്ലാതെയാണ് പാര്‍ട്ടി മത്സരത്തിനിറങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന പ്രചാരണ വാചകം പോലും ജനങ്ങള്‍ക്കിടയില്‍ തിരിച്ചടിയായെന്ന വിലയിരുത്തലും ചര്‍ച്ചയിലുണ്ടായി. കാന്തപുരം എ പി അബൂബക്കര്‍ മുലിയാരെ ഈ രീതിയില്‍ വളര്‍ത്തിയതില്‍ പാര്‍ട്ടി നേതാക്കള്‍ക്കും പങ്കുണ്ടെന്ന് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന് കുറ്റപ്പെടുത്തി.
ലീഗിന് ഇല്ലാത്ത പ്രസക്തി നേടിക്കൊടുക്കുന്നത് ചില പാര്‍ട്ടി നിലപാടുകളാണെന്നും വിമര്‍ശനമുണ്ടായി. വെള്ളാപ്പള്ളി നടേശനുമായുള്ള ചങ്ങാത്തം തിരഞ്ഞെടുപ്പ് തോല്‍വിക്ക് ആക്കം കൂട്ടിയെന്ന് തൃശൂര്‍ ജില്ലാ കമ്മിറ്റിയും വിമര്‍ശിച്ചു.
തിരുവനന്തപുരത്ത് എംഎല്‍എ തന്നെ ജില്ലാ സെക്രട്ടറിയായ നടപടിയെയും തൃശൂര്‍ കമ്മിറ്റി ചോദ്യം ചെയ്തു. ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇന്ന് നേതൃത്വം നല്കുന്ന മറുപടി എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
വൈകിട്ട് നടക്കുന്ന വിപുലമായ ബഹുജന റാലിയോടെ കോഴിക്കോട് ചേര്‍ന്ന വിശാല സംസ്ഥാന സമിതിക്ക് ഔദ്യോഗിക സമാപനമാകും. ഒന്നേകാൽ ലക്ഷം പ്രവര്‍ത്തകരെ അണിനിരത്തിയാണ് സമാപന സമ്മേളനം സംഘടിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

