പാറശാല, വെള്ളറട മേഖലകൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിൽ നിന്നുള്ള റേഷൻ അരി അനധികൃതമായി കടത്തുന്ന സംഘങ്ങളുടെ പ്രവർത്തനം സജീവമെന്ന് റിപ്പോർട്ട്.
തമിഴ്നാട് റേഷൻ കടകളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും കിലോയ്ക്ക് 10 മുതൽ 15 രൂപ വരെ വില നൽകി ശേഖരിക്കുന്ന അരി, സ്കൂട്ടറുകളിലും ഓട്ടോകളിലും ചെറിയ ലോറികളിലുമായാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. അതിർത്തി കടന്നെത്തുന്ന അരി ആദ്യം സൂക്ഷിക്കുന്നത് രഹസ്യ ഗോഡൗണുകളിലാണ്.
പിന്നീട് ഇവിടങ്ങളിൽ നിന്നും ലോഡ് കണക്കിന് അരി എറണാകുളം കാലടിയിലെ സ്വകാര്യ മില്ലുകളിലേക്ക് മാറ്റുന്നു. ഈ അരി അവിടെ പോളിഷ് ചെയ്ത് കൃത്രിമ നിറങ്ങൾ ചേർത്ത് പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വിപണിയിലെത്തിക്കുന്നതായാണ് വിവരം.
അതിർത്തിയിലെ അനധികൃത ഗോഡൗണുകൾ കേന്ദ്രീകരിച്ച് സിവിൽ സപ്ലൈസ് വകുപ്പ് പരിശോധന ശക്തമാക്കിയതോടെ പല രഹസ്യ കേന്ദ്രങ്ങളും നിലവിൽ അടഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളിൽ പരിശോധനയ്ക്ക് തൊട്ടുമുമ്പ് തന്നെ അരി മാറ്റിയതായി നാട്ടുകാർ വ്യക്തമാക്കുന്നു.
രാത്രികാലങ്ങളിലെ അരി കടത്ത് തമിഴ്നാട്ടിലെ റേഷൻ കടകളിൽ നിന്ന് ഏജന്റുമാർ നേരിട്ടോ അല്ലെങ്കിൽ കാർഡുടമകളിൽ നിന്നോ കുറഞ്ഞ വിലയ്ക്കാണ് അരി വാങ്ങി കൂട്ടുന്നത്. ചെറിയ വാഹനങ്ങൾ ഉപയോഗിച്ചാണ് ആദ്യഘട്ട
കടത്ത് നടത്തുന്നത്. തമിഴ്നാട് സിവിൽ സപ്ലൈസ് വിഭാഗത്തിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് അതിർത്തി കടത്തുന്ന അരി പിന്നീട് കേരളത്തിലെ രഹസ്യ ഗോഡൗണുകളിൽ സുരക്ഷിതമായി എത്തിക്കുന്നു.
ഗോഡൗണുകളിൽ വലിയ തോതിൽ ശേഖരിക്കുന്ന അരി പിന്നീട് ലോഡ് കണക്കിന് സ്വകാര്യ മില്ലുകളിലേക്ക് മാറ്റുകയാണ് പതിവ്. പ്രധാനമായും രാത്രികാലങ്ങളിലാണ് ഇത്തരം കടത്തുകൾ നടക്കുന്നതെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.
മതിലുകൾക്ക് അപ്പുറത്തെ രഹസ്യ പ്രവർത്തനങ്ങൾ അതിർത്തി പ്രദേശങ്ങളിലെ ചില ഗോഡൗണുകൾ കൂറ്റൻ മതിൽക്കെട്ടുകൾക്കുള്ളിലാണ് പ്രവർത്തിക്കുന്നത്. പുറത്തുനിന്ന് നോക്കുമ്പോൾ സാധാരണ ഗോഡൗണുകൾ എന്ന് തോന്നുമെങ്കിലും ഇതിനുള്ളിൽ വൻതോതിൽ റേഷൻ അരി സംഭരിക്കുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഈ ഗോഡൗണുകളുടെ പ്രവർത്തനത്തിന് രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്.
ഉന്നതതലങ്ങളിൽ നിന്ന് കർശന നിർദേശമുണ്ടാകുമ്പോൾ മാത്രമാണ് പല കേന്ദ്രങ്ങളിലും പരിശോധനകൾ നടക്കാറുള്ളതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. കാലടിയിലെ മില്ലുകളിൽ പുനർജന്മം അതിർത്തികളിൽ ശേഖരിക്കുന്ന മുഴുവൻ അരിയും അവിടെ വെച്ച് തന്നെ പായ്ക്ക് ചെയ്യാറില്ല.
തിരഞ്ഞെടുത്ത ഗോഡൗണുകളിൽ നിന്ന് വൻതോതിലുള്ള ലോഡുകൾ എറണാകുളം കാലടിയിലെ സ്വകാര്യ മില്ലുകളിലേക്ക് എത്തിക്കുന്നതാണ് ഇതിന്റെ പ്രധാന ശൃംഖല. ആധുനിക സജ്ജീകരണങ്ങളുള്ള മില്ലുകളിൽ എത്തിക്കുന്ന അരി വീണ്ടും സംസ്കരിക്കുകയും പോളിഷ് ചെയ്യുകയും ചെയ്ത ശേഷം വിവിധ തരത്തിലുള്ള വിഭാഗങ്ങളായി തരംതിരിക്കും.
തുടർന്ന് വിവിധ ബ്രാൻഡ് പേരുകളിലുള്ള പാക്കറ്റുകളിലാക്കി ഉയർന്ന വിലയ്ക്കാണ് ഇവ പിന്നീട് വിപണിയിൽ വിൽപനയ്ക്ക് എത്തിക്കുന്നത്. പിടിച്ചെടുത്ത അരി അമരവിള ഗോഡൗണിലേക്ക് മാറ്റി കഴിഞ്ഞ 7ന് പനച്ചമൂട്ടിൽ നിന്ന് പിടികൂടിയ 246 ചാക്ക് അരിയും ഗോതമ്പും ഇന്നലെ താലൂക്ക് സപ്ലൈ ഓഫിസർ എച്ച്.
പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ അമരവിള സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റിയിട്ടുണ്ട്. ഈ കേസിൽ പിടികൂടിയ ലോറി പുളിങ്കുടിയിലെ എ.ആർ ക്യാമ്പിലേക്കും മാറ്റി.
പനച്ചമൂട്ടിൽ നിന്ന് പിടികൂടിയ മറ്റൊരു ലോറിയിലെ 9 ടൺ അരി വെള്ളറട പൊലീസ് സ്റ്റേഷനിൽ നിന്ന് അമരവിളയിലെ ഗോഡൗണിലേക്ക് മാറ്റിയെങ്കിലും ലോറി പൊലീസ് സ്റ്റേഷനിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
അരിയുടെ ഉടമസ്ഥാവകാശം ഉന്നധിച്ച് ഇതുവരെ ആരും എത്താതിരുന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കാരാളിയിൽ വീണ്ടും അരി പിടികൂടിയതിന് പിന്നാലെ അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മറ്റ് രഹസ്യ കേന്ദ്രങ്ങളും നിലവിൽ അടഞ്ഞുകിടക്കുകയാണ്.
ചില കേന്ദ്രങ്ങളിൽ നിന്ന് അരി നീക്കം ചെയ്തതായി നാട്ടുകാർ പറയുന്നുണ്ടെങ്കിലും, രാത്രിയിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം ഈ സമയങ്ങളിൽ പരിശോധന നടത്താൻ സാധിക്കാറില്ല. ഇത് റെയ്ഡുകൾക്ക് പിന്നാലെ ബാക്കിയുള്ള അരി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ ഇടയാക്കുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്.
തമിഴ്നാടിന്റെ ആവശ്യവും നിലവിലെ സ്ഥിതിയും കേരളത്തിൽ നടത്തിയ റെയ്ഡുകളിൽ പിടികൂടിയത് തമിഴ്നാട് റേഷൻ അരിയാണെന്ന വിവരം പുറത്തുവന്നതോടെ, പിടിച്ചെടുത്ത 72,000 കിലോഗ്രാമിലധികം അരി തങ്ങൾക്ക് വിട്ടുനൽകണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ ആവശ്യം. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി തമിഴ്നാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം ജില്ലാ കലക്ടറെയും കേരള സിവിൽ സപ്ലൈസ് അധികൃതരെയും നേരിൽ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ എത്തിയിട്ടില്ല.
ഇതിനിടയിൽ, ഇന്നലെ അതിർത്തി പ്രദേശങ്ങളിൽ പുതിയ റെയ്ഡുകൾ ഒന്നും തന്നെ നടന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

