ഇംഗ്ലണ്ട് പര്യടനത്തിനിടയിൽ ഉയർന്നുവന്ന അച്ചടക്ക ലംഘന ആരോപണങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി നടത്തുന്ന അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ. നിലവിലുള്ള അന്വേഷണ നടപടികളോട് താൻ പൂർണ്ണമായ തോതിൽ സഹകരിക്കുന്നുണ്ടെന്നും നിയമനടപടികൾ പൂർത്തിയാകുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ഒരു പാകിസ്ഥാൻ വാർത്താ ചാനലിനോട് വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ മോശം പ്രകടനത്തെത്തുടർന്ന് മുഹമ്മദ് റിസ്വാനെയും ഓപ്പണർ ഇമാം ഉൽ ഹഖിനെയും പരമ്പരയുടെ പാതിവഴിയിൽ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇരുതാരങ്ങളും സൈബർ ക്രൈം ഏജൻസിയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടത്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും രാജ്യത്തെ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്വിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രസ്തുത ഏജൻസി പ്രവർത്തിക്കുന്നത്. “അന്വേഷണ ഏജൻസിയുമായി ഞാൻ പൂർണ്ണമായി സഹകരിക്കുന്നുണ്ട്.
ഈ അന്വേഷണം എത്രയും വേഗം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്” എന്ന് റിസ്വാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സെക്യൂരിറ്റി ഓഫീസർ റിസ്വാന്റെയും ഇമാമിന്റെയും ഫോണുകൾ പിടിച്ചെടുക്കുകയും ഇതിലെ വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
താരങ്ങളുടെ സന്ദേശങ്ങൾ, ഫോൺ കോളുകൾ, ഡ്രസ്സിംഗ് റൂമിലെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയ്ക്ക് പുറമെ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകളും ഏജൻസി സക്ഷ്മമായി പരിശോധിച്ചുവരികയാണ്.
നൽകിയ ചോദ്യാവലിക്ക് മറുപടി നൽകാൻ താരങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന്, നിലവിൽ നടക്കുന്ന ആഭ്യന്തര റെഡ് ബോൾ ടൂർണമെന്റുകളിൽ ഇവർക്ക് പങ്കെടുക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, അന്വേഷണം എപ്പോൾ പൂർത്തിയാകുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി വ്യക്തത വന്നിട്ടില്ല.
അതേസമയം, പരമ്പരയ്ക്കിടെ നാട്ടിലേക്ക് തിരിച്ചയച്ച മറ്റ് അഞ്ച് താരങ്ങളും പരിശീലകരായ സർഫറാസ് അഹമ്മദ്, ഉമർ ഗുൽ എന്നിവരും നിലവിൽ ഈ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

