കൊച്ചി നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായി ഏകോപിപ്പിച്ചു നടപ്പാക്കുന്ന സമഗ്ര നഗരാസൂത്രണ പദ്ധതിയുടെ പ്രാരംഭ നടപടികൾ ഈ മാസം തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
കൊച്ചിയിൽ എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രന്റെ സാമൂഹിക സേവനത്തിന്റെ സുവർണ ജൂബിലി ആദരച്ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മെട്രോ, വാട്ടർ മെട്രോ, ബോട്ടിങ് സംവിധാനങ്ങൾ, പുഴകളുടെ കണക്റ്റിവിറ്റി, റോഡ് ഗതാഗതം എന്നിവയെല്ലാം സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് ആധുനിക നഗരങ്ങളുടെ മാതൃകയിലുള്ള പൈലറ്റ് പ്രോജക്റ്റാണ് നടപ്പിലാക്കുന്നത്. മെട്രോപ്പൊലിറ്റൻ സ്വഭാവമുള്ള കൊച്ചിയെ ഇന്ത്യയിലെ തന്നെ മുൻനിര നഗരമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘സിഡ്നി, സിംഗപ്പൂർ മോഡലിൽ രാജ്യാന്തര നിലവാരത്തിലുള്ള ഓഷ്യനേറിയം കൊച്ചിയിൽ സ്ഥാപിക്കും. ഇതിനായി 30 ഏക്കർ സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചിട്ടുണ്ട്.
നഗരത്തോടു ചേർന്നു ഫിലിം സിറ്റിക്കായുള്ള പ്രാഥമിക പ്രവർത്തനങ്ങളും ആരംഭിച്ചു. കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും സമുദ്ര ചരിത്രത്തെ അനാവരണം ചെയ്യുന്ന മാരിടൈം മ്യൂസിയവും നദികളെ ബന്ധിപ്പിക്കുന്ന റിവർ ക്രൂസ് പദ്ധതിയും നിലവിൽ വരും.
സർക്കാരിന്റെ സ്വപ്ന പദ്ധതിയായ പോർട്ട് സിറ്റിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കൊച്ചിയിൽ ആഗോള നിലവാരത്തിലുള്ള ക്രൂസ് ടെർമിനൽ സജ്ജമാക്കും’’– അദ്ദേഹം പറഞ്ഞു. വർഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന രാമൻതുരുത്തിലെ 18 ഏക്കർ ഭൂമി കൊച്ചിൻ ഷിപ്യാഡിന് കൈമാറാൻ ഒറ്റ ആഴ്ച കൊണ്ടാണ് തീരുമാനമെടുത്തതെന്നും, ഈ നീക്കത്തിലൂടെ 5,000 കോടി രൂപയുടെ വൻ നിക്ഷേപമാണ് കൊച്ചിയിലേക്ക് എത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 2,500 പേർക്ക് നേരിട്ടും അതിന്റെ ഇരട്ടിയിലധികം പേർക്ക് പരോക്ഷമായും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

