സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിൽ മലയാളി ജീവനക്കാർ താമസിക്കുന്ന ഫ്ലാറ്റിൽ അതിക്രമം. ആയുധവുമായെത്തിയ സംഘം ഫ്ലാറ്റ് കുത്തിത്തുറന്ന് ക്രൂരമായി ആക്രമിക്കുകയും ലക്ഷക്കണക്കിന് റിയാലിന്റെ വസ്തുവകകൾ കവരുകയും ചെയ്തു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് അർദ്ധരാത്രിക്ക് ശേഷം റിയാദിന്റെ കിഴക്കൻ മേഖലയിലുള്ള നസീം പ്രദേശത്താണ് ഈ സംഭവം നടന്നത്. കവർച്ചയിൽ മൊത്തം 10 ലക്ഷം റിയാലിന്റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.
പുലർച്ചെ 2.30-ഓടെ താമസക്കാർ ഉറങ്ങിക്കിടക്കുന്ന സമയത്താണ് പാകിസ്താനികളും അറബ് വംശജരും അടങ്ങുന്ന 15-ഓളം വരുന്ന സായുധ സംഘം ഫ്ലാറ്റിൽ അതിക്രമിച്ചുകയറിയത്. റൂമിലുണ്ടായിരുന്നവരെ കെട്ടിയിട്ട
ശേഷം കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചവശരാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്. പാലക്കാട് പട്ടാമ്പി നെല്ലിക്കാട്ടിൽ ഇസ്മാഈൽ, ചങ്ങരംകുളം മൂക്കുതല സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ പെരുവളത്ത് പറമ്പ്, ഹാരിസ് ബ്ലാത്തൂർ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ശംസീറും ഹാരിസും വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി.
സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇരയായ മലയാളികൾ. ഫ്ലാറ്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇവരുടെ വാഹനങ്ങൾ കുത്തിത്തുറന്ന് ആറ് ലക്ഷം റിയാൽ മൂല്യമുള്ള സിഗരറ്റും മൂന്ന് ലക്ഷം റിയാൽ പണവും സംഘം കവർന്നു.
കൂടാതെ ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ശിഹാബിന്റെ 40,000 റിയാലും, അവിടെയുണ്ടായിരുന്ന മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ആക്രമികൾ കടന്നുകളഞ്ഞ ടൊയോട്ട
ഹിയാസ് വാനും കൊറോള കാറും പിന്നീട് ജി.പി.എസ് സംവിധാനം വഴി ട്രാക്ക് ചെയ്ത് കണ്ടെത്താനായി. സംഭവവുമായി ബന്ധപ്പെട്ട് ഇരയായവർ റിയാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
കേസന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് ഏതാനും പ്രതികളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

