അസം കാംരൂപ് ജില്ലയിൽ പ്രണയപ്പകയെത്തുടർന്ന് ഇരുപത്തിമൂന്നുകാരിയായ യുവതിയെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. സോനിത്പുർ ജില്ലയിലെ ഹുഗ്രാജുലി സ്വദേശിനിയായ മാലിനി ഗുരിയയാണ് കൊല്ലപ്പെട്ടത്.
ഈ ദാരുണ സംഭവവുമായി ബന്ധപ്പെട്ട് ഉദൽഗുരി സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അഭിജിത് കുൻഡുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാംരൂപിലെ രംഗിയ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ലോഡ്ജിലാണ് മാലിനിയും അഭിജിതും മുറിയെടുത്ത് കഴിഞ്ഞിരുന്നത്.
ഞായറാഴ്ച രാവിലെയാണ് ഹോട്ടൽ മുറിക്കുള്ളിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന അതേ മുറിയിൽ നിന്നുതന്നെയാണ് പ്രതിയെയും പൊലീസ് പിടികൂടിയത്.
ചെന്നൈയിൽ നിന്നു മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് മാലിനി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവരെ സ്വീകരിക്കാൻ സ്റ്റേഷനിലെത്തിയ അഭിജിത്, സുഹൃത്തുക്കളുടെ മൊഴി പ്രകാരം മറ്റൊരു മുറിയാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും, അർധരാത്രിയോടെ കാമുകിയുടെ മുറിയിലേക്ക് എത്തുകയായിരുന്നു.
തന്റെ കാമുകിക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന കടുത്ത സംശയമാണ് ഈ കൊടുംക്രൂരതയിലേക്ക് നയിച്ചതെന്ന് പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി വ്യക്തമാക്കി. ‘‘അവൾ എന്നെ ചതിക്കുകയായിരുന്നു, മറ്റുള്ളവരോടു സംസാരിക്കുമായിരുന്നു.
അവൾ ചെന്നൈയിൽനിന്ന് എത്തുന്നതിനു മുൻപ് ഞാൻ ഈ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. കത്രിക ഉപയോഗിച്ചാണ് ഞാൻ കൊലപ്പെടുത്തിയത്’’ എന്നാണ് അഭിജിത് മാധ്യമങ്ങളോട് പറഞ്ഞത്.
രാവിലെ മാലിനിയുടെ സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ട പ്രതി, താൻ അവളെ കൊലപ്പെടുത്തിയെന്നും ഇനി സ്വന്തം ജീവനൊടുക്കാൻ പോവുകയാണെന്നും നേരിട്ട് അറിയിക്കുകയായിരുന്നു.
സുഹൃത്തുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ പ്രതിയെ പൊലീസിന്റെ കർശന കാവലിൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃത്യത്തിനായി കത്രികയ്ക്ക് പുറമേ ഒരു ടെസ്റ്ററും പ്രതി ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഗുവാഹത്തിയിൽ നിന്നെത്തിയ ഫൊറൻസിക് വിദഗ്ധ സംഘം ഹോട്ടൽ മുറിയിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

