സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്ത്. പതിറ്റാണ്ടുകളായുള്ള ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ജനങ്ങൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ട മന്ത്രിമാർ, വീട്ടുപകരണങ്ങൾ ഓഫ് ചെയ്തു വെക്കാൻ ഉപദേശിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം നടപടികൾ ഭരണനിർവഹണമായി കാണാൻ കഴിയില്ലെന്നും, സ്വന്തം പരാജയം മറച്ചുവെക്കാനുള്ള തന്ത്രം മാത്രമാണിതെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന് പകരം സാധാരണക്കാരായ ജനങ്ങളെ പ്രതിക്കൂട്ടിൽ നിർഴ്ത്തുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: ‘’കോൺഗ്രസ്-ലീഗ് ഭരണത്തിന്റെ കഴിഞ്ഞ 120- ഓളം ദിവസങ്ങൾ തന്നെ, വരാനിരിക്കുന്ന നാല് വർഷങ്ങൾ എത്രമാത്രം ഭയാനകമായിരിക്കും എന്നതിന്റെ ഒരു മുന്നറിയിപ്പാണ്.ജനങ്ങൾക്ക് ആവശ്യമായ വൈദ്യുതി നൽകാൻ കഴിയാത്ത ഒരു സർക്കാരിലെ മന്ത്രിമാർ, ജനങ്ങളോട് വീട്ടുപകരണങ്ങൾ ഓഫ് ചെയ്യാൻ ഉപദേശിക്കുന്നു! ഇത് ഭരണനിർവഹണമല്ല, സ്വന്തം ഭരണപരാജയം മറച്ചുവെക്കാനുള്ള ഒരു കുതന്ത്രം മാത്രമാണ്.
വൈദ്യുതി വിതരണ ശൃംഖല കാര്യക്ഷമമാക്കുന്നതിന് പകരം, സർക്കാർ സാധാരണക്കാരായ കുടുംബങ്ങളെ പ്രതിക്കൂട്ടിലാക്കുകയാണ്. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ് , പതിറ്റാണ്ടുകളായുള്ള ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് ഈ പ്രതിസന്ധിക്ക് കാരണം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത (Peak demand) 6,033 മെഗാവാട്ട് കടന്നിട്ടും, ആവശ്യമായ വൈദ്യുതിയുടെ 80 ശതമാനത്തിനായി ഇന്നും കേരളം ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.
കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാങ്ങൽ ചെലവ് 13,344 കോടി രൂപയായി കുതിച്ചുയർന്നു. അടിയന്തര ആവശ്യങ്ങൾക്കായി യൂണിറ്റിന് 9 മുതൽ 15 രൂപ വരെ ഭീമമായ തുക നൽകിയാണ് ഇപ്പോൾ പുറത്തുനിന്ന് വൈദ്യുതി വാങ്ങിക്കൂട്ടുന്നത്.
മുൻകൂട്ടിയുള്ള ആസൂത്രണമില്ലാതെ കടന്നുപോയത് 20 വർഷങ്ങൾ! വ്യക്തമായ ഒരു ‘എനർജി മാസ്റ്റർ പ്ലാൻ’ പോലുമില്ല, ഊർജ്ജ സ്വയംപര്യാപ്തതയും കൈവരിച്ചിട്ടില്ല.
സന്ധ്യാസമയങ്ങളിലെ കടുത്ത വൈദ്യുതിക്ഷാമം പരിഹരിക്കാൻ ആവശ്യമായ സംഭരണ സംവിധാനങ്ങൾ (Storage) ഒരുക്കുന്നതിൽ സർക്കാർ സമ്പൂർണ്ണമായി പരാജയപ്പെട്ടു. ഇടുക്കി പദ്ധതിക്ക് ശേഷം മാറിമാറി ഭരിച്ച സിപിഎം, കോൺഗ്രസ് സർക്കാരുകൾ, വൻകിട
ആഭ്യന്തര വൈദ്യുതോൽപ്പാദന പദ്ധതികളെ പൂർണ്ണമായും അവഗണിച്ചു. ജനങ്ങൾക്ക് വേണ്ടത് വളരെ ലളിതമായ കാര്യങ്ങളാണ്!
പഠിക്കാനും, ജോലി ചെയ്യാനും, ഈ കൊടുംചൂടിൽ സമാധാനത്തോടെ ഉറങ്ങാനും ആവശ്യമായ വൈദ്യുതി.എന്നാൽ അവർക്ക് തിരികെ കിട്ടുന്നതോ, ഭരണാധികാരികളുടെ ഉപദേശങ്ങളും ലോഡ്ഷെഡ്ഡിംഗും മാത്രം!ദീർഘവീക്ഷണമില്ലായ്മയിലും, പൊതുസംവിധാനങ്ങൾ തകർത്തതിലും, ജനങ്ങളെ ദുരിതത്തിലാക്കിയതിലും കോൺഗ്രസും സിപിഎമ്മും രണ്ടല്ല, ഒന്നാണ്!ഈ ദുരവസ്ഥയ്ക്ക് കാരണക്കാരായവരെ വിചാരണ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

