കൊല്ലം ജില്ലയിലെ അഞ്ചലിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ട്യൂഷൻ അധ്യാപകനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കരുകോൺ ഹയർ സെക്കൻഡറി സ്കൂളിനു സമീപം പ്രവർത്തിക്കുന്ന ട്യൂട്ടോറിയൽ സ്ഥാപനത്തിലെ അധ്യാപകനായ സുഫിയാനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സംഭവത്തിൽ അഞ്ചൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറോടും കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫിസറോടും ബാലാവകാശ കമ്മിഷൻ ഔദ്യോഗികമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചൽ സ്വദേശികളായ റിയാസ്–റെജീന ദമ്പതികളുടെ മകളായ റിക്സ്വാനയ്ക്കാണ് ക്രൂരമർദനമേറ്റത്.
ട്യൂഷൻ ക്ലാസിനിടെ പുസ്തകം വായിക്കുന്നതിനിടയിൽ ചില വാക്കുകൾ ഉച്ചരിക്കുന്നതിൽ പിഴവുണ്ടായെന്നാരോപിച്ചാണ് അധ്യാപകൻ കുട്ടിയെ ക്രൂരമായി മർദിച്ചത്. അടിയുടെ ആഘാതത്തിൽ കുട്ടിയുടെ ഇരു കാലുകളും പരിക്കേറ്റ് തകർന്നിരുന്നു.
വൈകിട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി സങ്കടത്തോടെ മാതാപിതാക്കളോട് വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കാലുകളിൽ ഗുരുതരമായ മർദനമേറ്റ പാടുകൾ വ്യക്തമായത്.
സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ‘പൊലീസിൽ പരാതി കൊടുക്ക്’ എന്ന ധിക്കാരപരമായ മറുപടിയാണ് ലഭിച്ചതെന്ന് വിദ്യാർഥിനിയുടെ കുടുംബം വ്യക്തമാക്കി. കുടുംബത്തിന്റെ ഔദ്യോഗിക മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ പൊലീസ് അധ്യാപകനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കി. ഇതിനിടയിൽ, സമാനമായ രീതിയിൽ ഇതേ ക്ലാസിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിക്കും മർദനമേറ്റതായി പരാതികൾ ഉയർന്നു വന്നിട്ടുണ്ട്.
അധ്യാപകനെതിരെ തുടർച്ചയായി പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് ബാലാവകാശ കമ്മിഷൻ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

