നല്ല വീര്യമുള്ള കള്ള് ലഭിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ സ്പിരിറ്റ് പിടികൂടി. കോട്ടയം ജില്ലയിലെ കുടക്കച്ചിറ ഷാപ്പിൽ വെള്ളിയാഴ്ച പുലർച്ചെയാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.
ഉപഭോക്താക്കൾ അറിയാത്ത രീതിയിൽ കള്ളിനൊപ്പം സ്പിരിറ്റ് ചേർത്ത് വിൽപന നടത്തിവരികയായിരുന്നു എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്.സഞ്ജീവ് കുമാർ നേരിട്ടാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള ആറ് ഷാപ്പുകൾ കേന്ദ്രീകരിച്ച് വകുപ്പ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഷാപ്പ് നടത്തിപ്പുകാരനായ എം.കെ.മാത്യു (51), ജീവനക്കാരൻ പ്രിൻസ് മാത്യു, ഷാപ്പ് ലൈസൻസി ജോസഫ് മാത്യു എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കള്ളിൽ മായം ചേർക്കൽ, അനധികൃതമായി സ്പിരിറ്റ് കൈവശം വെക്കൽ, ലൈസൻസ് വ്യവസ്ഥകളുടെ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കുറവിലങ്ങാട്–ഉഴവൂർ റോഡിൽ പുതുവേലി ഭാഗത്തുനിന്നാണ് സ്പിരിറ്റ് ലഭിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളതെന്ന് എക്സൈസ് അറിയിച്ചു.
തുടർന്ന് പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ സിസിടിവി ഹാർഡ് ഡിസ്കും സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. മറ്റ് ഷാപ്പുകളിൽ ലഭ്യമല്ലാത്ത തരത്തിലുള്ള വീര്യം ഇവിടെ ലഭിക്കുന്നുണ്ടെന്ന പ്രചാരണത്തെ തുടർന്ന് നിരവധി പേരാണ് ഈ ഷാപ്പിലേക്ക് എത്തിയിരുന്നത്.
തുടർന്ന് നടത്തിയ രഹസ്യ അന്വേഷണമാണ് സ്പിരിറ്റ് കടത്ത് പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. എക്സൈസ് ഇൻസ്പെക്ടർ ആർ.ദർശക്, സ്പെഷൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി.ആനന്ദ്രാജ്, പ്രിവന്റീവ് ഓഫിസർ കെ.അഫ്സൽ, ഉദ്യോഗസ്ഥരായ ദീപക് സോമൻ, ജിഷ്ണു ശിവൻ, ബിപിൻ ജോയി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
സ്പിരിറ്റിന്റെ ഉറവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം പുരോഗമിക്കുന്നു. കള്ളും സ്പിരിറ്റും കലർത്തി ഉപയോഗിക്കുന്നത് മനുഷ്യശരീരത്തിന് അതീവ അപകടകരവും ജീവന് തന്നെ ഭീഷണിയുമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വ്യാജമദ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് വഴി കാഴ്ചശക്തി നഷ്ടപ്പെടാനും തലച്ചോറിനെ ഗുരുതരമായി ബാധിക്കാനും സാധ്യതയുണ്ട്. നാഡിവ്യവസ്ഥയുടെ പ്രവർത്തനം തടസ്സപ്പെട്ട് പെട്ടെന്നുള്ള മരണത്തിന് പോലും ഇത് കാരണമായേക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

