കോഴിക്കോട്: തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്കിടയിലും സംഘടനാ അടിത്തറ ശക്തമാക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കി സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട മാര്‍ഗരേഖ.
രാഷ്ട്രീയ എതിരാളികളുടെ ശക്തമായ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടത് പാര്‍ട്ടി സംഘടനയിലുള്ള ദൗര്‍ബല്യങ്ങള്‍ മൂലമാണെന്നാണ് വിലയിരുത്തല്‍. സാധാരണ പാര്‍ട്ടി അംഗങ്ങളുടെ നിലവാരം താഴ്ന്നുപോയതായി രേഖയില്‍ തുറന്നുപറയുന്നു.
അതേസമയം, വിപുലീകൃത സംസ്ഥാന സമിതിയോഗത്തിലെ വിവരങ്ങള്‍ ചോര്‍ന്നാല്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ താരതമ്യേനെ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചതെങ്കിലും പാര്‍ട്ടിക്ക് ഈ രീതിയില്‍ തിരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടി വന്നത് സംഘടനാപരമായ പോരായ്മകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് നേതൃത്വം വിലയിരുത്തുന്നു.
പാര്‍ട്ടി അംഗങ്ങള്‍ക്ക് സംഘടനാകാര്യങ്ങളിലും പ്രത്യയശാസ്ത്ര വിഷയങ്ങളിലും കൃത്യമായ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്ന് മാര്‍ഗരേഖ കര്‍ശനമായി നിര്‍ദേശിക്കുന്നു. ജില്ലാ പ്രതിനിധികള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഈ സാഹചര്യത്തില്‍ യോഗത്തിലെ ചര്‍ച്ചാവിവരങ്ങള്‍ പുറത്തുപോകുന്നത് തടയാന്‍ ജില്ലാ നേതൃത്വങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാന നേതൃത്വം നല്‍കിയിട്ടുള്ളത്. കൂടുതല്‍ യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യാനും അവ പ്രാവര്‍ത്തികമാക്കാനുമുള്ള ഗൗരവമേറിയ ചര്‍ച്ചകളും യോഗത്തിലുണ്ടാകും.
പുതിയ തലമുറയെ ബാലസംഘങ്ങളിലേക്കും എസ്എഫ്ഐയിലേക്കും ആകര്‍ഷിക്കാനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപംനല്‍കുക. എന്നാല്‍, പാര്‍ട്ടിയിലേക്ക് കടന്നുവരുന്ന പല പുതിയ പ്രവര്‍ത്തകരുടെയും ലക്ഷ്യം പദവികളും അധികാരങ്ങളുമാണെന്ന് മാര്‍ഗരേഖ കുറ്റപ്പെടുത്തുന്നു.
ഇത്തരത്തിലുള്ള പാര്‍ലമെന്ററി വ്യാമോഹങ്ങളാണ് തിരഞ്ഞെടുപ്പ് കാലത്ത് ചിലര്‍ മറുകണ്ടം ചാടാന്‍ കാരണമെന്നും രേഖ അടിവരയിടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

