എഐ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയിൽ സുരക്ഷ മുൻനിർത്തി പുതിയ നിർദ്ദേശങ്ങളുമായി ആന്ത്രോപിക് മേധാവി ഡാരിയോ അമൊഡെ രംഗത്ത്. ന്യൂയോർക്കിലാണ് അദ്ദേഹം എഐ വികസനത്തിനായുള്ള പുതിയ മാർഗരേഖ അവതരിപ്പിച്ചത്.
പുതിയ മോഡലുകളുടെ വിപണിയിറക്കൽ മന്ദഗതിയിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഐ വികസനത്തിൽ കർശന സുരക്ഷ ഉറപ്പാക്കുന്നതിനായി മൂന്ന് പ്രധാന നിർദ്ദേശങ്ങളാണ് ഡാരിയോ അമൊഡെ മുന്നോട്ടുവെച്ചിട്ടുള്ളത്.
ഇതനുസരിച്ച് കമ്പനികള്‍ തങ്ങളുടെ എഐ മോഡലുകൾ പരിശോധിക്കുന്നതിനായി പുറത്ത് നിന്നുള്ള നിരീക്ഷകർക്ക് അനുമതി നൽകേണ്ടതുണ്ട്. കൂടാതെ, ജനാധിപത്യ രാജ്യങ്ങളിലെ സർക്കാരുകളുമായി ചേർന്ന് എഐ ഉപയോഗത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും, ആഗോളതലത്തിൽ രാജ്യങ്ങൾ തമ്മിൽ കൃത്രിമ ബുദ്ധി നയങ്ങൾ രൂപീകരിക്കാൻ പരസ്പരം സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സുരക്ഷാ നടപടികളുടെ ആദ്യ പടിയായി ആന്ത്രോപിക്, പുറത്ത് നിന്നുള്ള നിരീക്ഷകർക്ക് കമ്പനിയുടെ മോഡലുകളിലേക്ക് സമ്പൂർണ്ണ പ്രവേശനം നൽകും. മറ്റ് മുൻനിര കമ്പനികളും ഈ മാതൃക പിൻതുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആയുധ നിർമ്മാണത്തിനടക്കം എഐ മോഡലുകള്‍ ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന കമ്പനിയുടെ തന്നെ മുൻ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഡാരിയോയുടെ പുതിയ നിർദ്ദേശങ്ങൾ വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഡാരിയോ അമൊഡെയുടെ ഈ പുതിയ നിലപാടിന് പൂർണ്ണ പിന്തുണയുമായി ഗ്രോക് ഉടമ ഇലോൺ മസ്ക് രംഗത്തെത്തിയിട്ടുണ്ട്.
ഇതിനുപുറമെ, ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാനും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ പിന്തുണച്ച് രംഗത്തുവന്നു. ഡാരിയോയുടെ നിലപാടുകളോട് പൂർണ്ണമായി യോജിക്കുന്നുവെന്ന് വ്യക്തമാക്കിയ സാം ആൾട്ട്മാൻ, കഴിഞ്ഞ കുറച്ചു ആഴ്ച്ചകളായി ഈ വിഷയം തങ്ങളുടെ കമ്പനി ഗൗരവമായി ചർച്ച ചെയ്തുവരികയാണെന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

