തന്റെ രാജ്യത്തെ മുസ്ലിം സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കുന്നുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. നാളെ വൈകുന്നേരം കോഴിക്കോടെത്തുന്ന അദ്ദേഹം സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ നിർണായക പരാമർശം.
പരമ്പരാഗത ധാരയിലുള്ള പണ്ഡിതനാണ് കാന്തപുരമെന്നും അദ്ദേഹത്തോട് പല കാര്യങ്ങളിലും യോജിപ്പുണ്ടെങ്കിലും സ്ത്രീകൾ വീട്ടിലിരിക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും അൻവർ ഇബ്രാഹിം എൻഡിടിവിയോട് പറഞ്ഞു. നാളെ വൈകിട്ട് മർക്കസ് സന്ദർശിക്കുന്ന അദ്ദേഹം, തുടർന്ന് മടവൂർ മഖാമും സന്ദർശിച്ച് കോഴിക്കോട്ടെ സ്വകാര്യ വെൽനസ് കേന്ദ്രത്തിലെ സന്ദർശനത്തിന് ശേഷമാണ് മടങ്ങുക.
മതഗ്രന്ഥം, ഖുർആൻ, പാരമ്പര്യം, പ്രവാചകൻ എന്നിവ മനസ്സിലാക്കുന്നതിൽ വലിയ സംഭാവന നൽകിയ ഒരു പരമ്പരാഗത മതപണ്ഡിതനാണ് അബൂബക്കർ മുസ്ലിയാർ എന്നും പല തരത്തിൽ അദ്ദേഹം മികച്ചൊരു അധ്യാപകനാണെന്നും എന്നാൽ, അദ്ദേഹത്തിന്റെ എല്ലാ വീക്ഷണങ്ങളും നമ്മൾ അംഗീകരിക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുരോഹിതൻ നടത്തുന്ന നഴ്സിംഗ് കോളേജ് പോലുള്ള സ്ഥാപനങ്ങളെ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അത്തരമൊരു കോളേജിലെ സ്ത്രീ വിദ്യാർത്ഥികൾ എന്തായാലും ആശുപത്രികളിൽ ജോലി ചെയ്യുമെന്നും, അദ്ദേഹം പരസ്യമായി ചോദിച്ചാൽ പോലും മലേഷ്യയിൽ തങ്ങൾക്ക് സ്ത്രീകൾക്ക് തുല്യ അവകാശങ്ങളുണ്ടെന്ന് പറയുമെന്നും മലേഷ്യൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തങ്ങളുടെ സർവകലാശാലകളിൽ കൂടുതൽ സ്ത്രീ വിദ്യാർത്ഥികളുണ്ടെന്നും തന്റെ ഭാര്യ ഒരു മെഡിക്കൽ ഡോക്ടറാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
പെൺകുട്ടികൾ ഉൾപ്പെടെ തന്റെ എല്ലാ കുട്ടികൾക്കും പഠിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും എല്ലാ അവസരങ്ങളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇക്കാര്യം ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
മലേഷ്യയിലെ പ്രവാസികളിൽ ദക്ഷിണേന്ത്യയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. തമിഴ്നാട് സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി വിദേശത്തായതിനാലാണ് ആ സന്ദർശം മാറ്റിവെക്കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

