കൊയിലാണ്ടിക്ക് സമീപം അരിക്കുളം കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ വീട്ടമ്മയ്ക്ക് ട്രാവലർ വാനിടിച്ച് പരുക്ക്. ശനി രാവിലെ 9 മണിയോടെയാണ് കുരുടിമുക്ക് ജംക്ഷനിൽ ഈ അപകടം സംഭവിച്ചത്.
സീബ്രാ ലൈനിന് സമീപത്തുവെച്ചായിരുന്നു അപകടം നടന്നത്. സീബ്രാ ലൈനിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് മുന്നിലൂടെ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
പരുക്കേറ്റ സുബൈദയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ അനുവദിച്ചിട്ടുള്ള സീബ്രാലൈനിൽ ചട്ടങ്ങൾ ലംഘിച്ച് ബസ് നിർത്തിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
റോഡ് മുറിച്ചുകടക്കുന്നവർക്ക് മുൻഗണന നൽകേണ്ട സീബ്രാലൈനിൽ ബസ് തടസ്സം സൃഷ്ടിച്ചതിനാൽ, മറുവശത്തുനിന്ന് വന്ന ട്രാവലർ റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
ബസിന് മുന്നിലൂടെ നടന്നു നീങ്ങിയ യുവതിയെ തൊട്ടടുത്ത ട്രാക്കിലൂടെയെത്തിയ ട്രാവലർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടവിവരം അറിഞ്ഞയുടൻ തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയും പരുക്കേറ്റ യുവതിയെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കുകയും ചെയ്തു.
ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

