കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ മാലാപ്പിലെ പെരികമന ഇല്ലപ്പറമ്പിൽ നടന്നു വരുന്ന മഹാശിലാസ്മാരകങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിൽ അപൂർവമായ ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള കുടക്കല്ലുകളുടെ ശാസ്ത്രീയ പരിശോധനയും പുനരുദ്ധാരണവും പുരോഗമിക്കുന്നതിനിടയിലാണ് നിർണായക കണ്ടെത്തലുകളുണ്ടായത്.
പൊളിഞ്ഞു വീഴാറായ നിലയിലുണ്ടായിരുന്ന കുടക്കല്ലുകൾ പുനഃസ്ഥാപിക്കുന്ന പ്രക്രിയയ്ക്കിടെ രണ്ട് കൽപാളികളും ഒരു തൊപ്പിക്കല്ലും വൃത്താകൃതിയിലുള്ള അപൂർവതരം കൽപാളിയുമാണ് പുരാവസ്തു വകുപ്പിന് ലഭിച്ചത്. മരിച്ചവരുടെ അസ്ഥിശകലങ്ങളും അക്കാലത്ത് ഉപയോഗിച്ചവയ്ക്ക് സമാനമായ മൺപാത്രങ്ങളും ഇരുമ്പുപകരണങ്ങളും മറ്റും നിക്ഷേപിച്ച ശേഷം അതിനു മുകളിൽ മൂടിവയ്ക്കുന്നതാണ് കൽപ്പാളി.
ഇതിനു ചുറ്റുമായിട്ടാണ് കുടക്കല്ല് സ്ഥാപിക്കുന്നത്. സ്ഥലത്തു നിന്നും ലഭിച്ച ഒരു കൽപ്പാളിക്ക് 70 സെന്റിമീറ്റർ നീളവും വീതിയുമുണ്ട്.
മറ്റൊരു കൽപ്പാളിക്ക് 80 സെന്റിമീറ്ററാണ് നീളവും വീതിയും ഉള്ളത്. ജില്ലയിൽ ആദ്യമായാണ് കുടക്കല്ലുകൾക്കടിയിൽ നിന്നും ഇത്തരത്തിൽ കൽപ്പാളികൾ ലഭിക്കുന്നത് എന്നത് ഈ കണ്ടെത്തലിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ചക്രാകൃതിയിലുള്ള കൽഘടന വളരെ അപൂർവമായാണ് ലഭിക്കാറുള്ളത്. ഇതിന്റെ ഏകദേശ മധ്യത്തിലായി കാൽക്കുഴിയും കാണുന്നുണ്ട്.
കൂടാതെ, മൺപാത്രാവശിഷ്ടങ്ങളും ഈ പ്രദേശത്തു നിന്ന് വീണ്ടെടുത്തിട്ടുണ്ട്. ആകെ ഏഴ് കുടക്കല്ലുകളാണ് ഈ പ്രദേശത്തുള്ളത്.
ഇതിൽ മൂന്നെണ്ണം മാത്രമാണ് ഏറെക്കുറെ പൂർവസ്ഥിതിയിലാക്കാൻ സാധിക്കുന്നത്. ബാക്കിയുള്ളവ കല്ലുകൾ നഷ്ടപ്പെട്ട് പൂർണ്ണമായും തകർന്ന നിലയിലാണ്.
ലഭ്യമായ യഥാർഥ കല്ലുകൾ ഉപയോഗിച്ചു തന്നെ ഈ ചരിത്ര സ്മാരകങ്ങൾ പുനഃസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥനും പഴശ്ശിരാജ പുരാവസ്തു മ്യൂസിയം ഓഫിസറുമായ കെ.കൃഷ്ണരാജ് വ്യക്തമാക്കി. പുരാവസ്തു വകുപ്പിലെ പത്തു പേരടങ്ങിയ സംഘമാണ് സ്ഥലത്ത് പുനരുദ്ധാരണവും ശാസ്ത്രീയ പരിശോധനയും നടത്തിവരുന്നത്.
ഈ ചരിത്രപരമായ പ്രവർത്തനങ്ങൾ ഒരാഴ്ച കൂടി നീണ്ടുനിൽക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

