തളിപ്പറമ്പ് മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു വന്ന സംഭവത്തിൽ മുൻ പൊലീസുകാരൻ പിടിയിൽ. പയ്യന്നൂർ അന്നൂർ പുതിയങ്കാവ് വെള്ളോറ മഠത്തിൽ വിപിൻകുമാറിനെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തത്.
മുൻപ് വിവിധ മോഷണക്കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഇയാളെ സേനയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പ്രധാനമായും രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം നടന്നിരുന്നത്.
ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനായി ഭക്തർ പുറത്ത് അഴിച്ചുവച്ച ഷർട്ടുകളുടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുകളാണ് പ്രതി കവർന്നത്. രാജരാജേശ്വര ക്ഷേത്ര ദർശനത്തിനെത്തിയ ചിറ്റാരിക്കാൽ ആലയിൽ പടിഞ്ഞാറേ വീട്ടിൽ സജിൻ മോഹനന്റെ 27,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷണം പോയ സംഭവത്തിലും പയ്യന്നൂർ ക്ഷേത്രത്തിലെ കവർച്ചയിലും പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ക്ഷേത്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മോഷ്ടാവ് വിപിൻകുമാറാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ രാവിലെ തൃച്ചംബരം ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാളിൽ നിന്നും കവർച്ച ചെയ്യപ്പെട്ട ഫോണുകൾ കണ്ടെടുത്തു.
തൃച്ചംബരം ക്ഷേത്രനടയിലെ തുറന്ന ഭണ്ഡാരത്തിൽനിന്ന് പണം എടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 2010-ലാണ് വിപിൻകുമാർ പൊലീസിൽ ജോലിയിൽ പ്രവേശിക്കുന്നത്.
എന്നാൽ കൃത്യമായി ജോലിക്ക് ഹാജരാകാതിരിക്കുകയും വിവിധ ആരോപണങ്ങളിലും കേസുകളിലും ഉൾപ്പെടുകയും ചെയ്തതോടെയാണ് സർവീസിൽനിന്ന് പിരിച്ചുവിട്ടത്. സർവീസ് നടപടി നേരിടുമ്പോൾ കാസർകോട് റെയിൽവേ വിഭാഗത്തിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡിവൈഎസ്പി ടി.പി.സുമേഷ്, ഇൻസ്പെക്ടർ ശ്രീഹരി, എസ്ഐ പി.ജി.സാംസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
എസ്ഐ പി.ജി.സാംസന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

