സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്’ നേരെ ഇറാഖിന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇറാഖിന്റെ അതിർത്തിക്കുള്ളിൽ നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ പൈപ്പ് ലൈനിൽ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തലസ്ഥാനമായ റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന പൈപ്പ്ലൈനിലെ പ്രധാന പമ്പിംഗ് സ്റ്റേഷനുകൾക്ക് നേരെയാണ് സുപ്രധാന ആക്രമണം നടന്നത്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൈപ്പ്ലൈനിലൂടെയുള്ള എണ്ണ വിതരണം സൗദി പൂർണ്ണമായും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കരമാർഗം എണ്ണ എത്തിക്കാനുള്ള വലിയ സംവിധാനമാണ് ഈ ഡ്രോൺ ആക്രമണത്തിൽ തകർന്നത്.
ഹോർമുസ് കടലിടുക്കിനെ ഒഴിവാക്കി ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തേക്ക് എണ്ണ എത്തിക്കാൻ സൗദി ഉപയോഗിക്കുന്ന പ്രധാന ബദൽ മാർഗ്ഗമാണ് ഈ പൈപ്പ്ലൈൻ. പൈപ്പ് ലൈൻ അടച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്.
നിലവിൽ സൗദിയുടെ അടിയന്തര രക്ഷാസേനയും സാങ്കേതിക വിദഗ്ധരും ചേർന്ന് പൈപ്പ്ലൈനിന്റെ സുരക്ഷ ഉറപ്പാക്കാനും കേടുപാടുകൾ പരിഹരിക്കാനുമുള്ള ജോലികൾ ഊർജ്ജിതമായി ചെയ്തുവരികയാണ്. ഈ ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
പമ്പിംഗ് സ്റ്റേഷനുകൾക്ക് സമീപം വൻ തീപിടുത്തവും പുകയും ഉയർന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അയൽരാജ്യങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കാമെന്ന ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച്, സൗദി അറേബ്യ ഉടനടി തിരിച്ചടി നൽകില്ലയെന്ന നിലപാടാണ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

