തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ 15 വയസുകാരിയുടെ നേതൃത്വത്തിൽ വലിയ സംഘർഷാവസ്ഥ. സബ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥരെ മർദ്ദിക്കുകയും സ്റ്റേഷന് നേരെ കല്ലെറിയുകയും ചെയ്ത പെൺകുട്ടിയുടെ നടപടി ഉദ്യോഗസ്ഥരെ വലച്ചു.
തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ബുധനാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു ബാറിന് സമീപത്തെ റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട, റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട
28 കാരനായ യുവാവിനെ പൊലീസ് പട്രോളിങ് സംഘം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രകോപിതയായ പെൺകുട്ടി സ്റ്റേഷനിലേക്ക് അതിക്രമിച്ചെത്തിയത്.
“എന്റെ ചെർക്കനെ ഇറക്കി വിടടാ” എന്ന് ആക്രോശിച്ചെത്തിയ പെൺകുട്ടി, യുവാവിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കടുത്ത ബഹളം വെക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസമയത്ത് സ്റ്റേഷനിൽ വനിതാ പൊലീസുകാരുടെ സേവനം ലഭ്യല്ലാതിരുന്നത് പ്രതിസന്ധിയായി.
ഇത് മുതലെടുത്ത് പെൺകുട്ടി എസ്ഐ ഉൾപ്പെടെയുള്ള സ്റ്റേഷൻ ജീവനക്കാരുടെ മുഖത്തടിക്കുകയും അസഭ്യം വർഷിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ വനിതാ പൊലീസുകാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും പെൺകുട്ടിയുടെ അക്രമം തുടരുകയുണ്ടായി.
ഒടുവിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാനാവാതെ വന്നതോടെ വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പുലർച്ചെ ആംബുലൻസിലാണ് പെൺകുട്ടിയെ പേരൂർക്കട
മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. പെൺകുട്ടി ഏതെങ്കിലും തരത്തിലുള്ള ലഹരിക്ക് അടിമയാണോയെന്ന സംശയവും പൊലീസ് പങ്കുവെച്ചിട്ടുണ്ട്.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

