പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ അതിനൂതന സൗകര്യങ്ങളോടു കൂടിയ ഗ്യാസ്ട്രോ സയൻസസ് ആൻഡ് പൾമനറി ബ്ലോക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ 7ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ, ഗ്യാസ്ട്രോ സയൻസസ് സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപനവും 150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായ ടീമിന്റെ സംഗമവും മന്ത്രി നിർവഹിച്ചു.
മധ്യകേരളത്തിന്റെ ആരോഗ്യരംഗത്ത് സമഗ്രസംഭവന നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്കു സാധിച്ചതായി മന്ത്രി പറഞ്ഞു. എല്ലാ മേഖലയിലുള്ളവരെയും സഹകരിപ്പിച്ചു കൊണ്ടു കേരളത്തെ ആരോഗ്യമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം.
കേരളത്തിലെ ക്രൈസ്തവ സമൂഹം ആരോഗ്യ മേഖലയ്ക്ക് നൽകുന്ന സേവനം മഹത്തരമാന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങിൽ അധ്യക്ഷനായി.
ചുരുങ്ങിയ വർഷങ്ങൾ കൊണ്ടു തന്നെ മാർ സ്ലീവാ മെഡിസിറ്റി ലോക നിലവാരത്തിലുള്ള ചികിത്സാ കേന്ദ്രമായി മാറിയെന്നു ബിഷപ് അഭിപ്രായപ്പെട്ടു. കേരളത്തെ ആരോഗ്യമുള്ള സമൂഹമായി മാറ്റാൻ സാധിക്കുന്ന മന്ത്രിയാണ് ആരോഗ്യമന്ത്രി കെ.മുരളീധരൻ എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി മാനേജിംങ് ഡയറക്ടർ റവ.
ഫാ. മാത്യു തെക്കേൽ, എം.ജെ.സെബാസ്റ്റ്യൻ എംഎൽഎ, റോണി.കെ.ബേബി എംഎൽഎ, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോസഫ് പൊയ്കയിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ.
രമേശ്.എം, നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജുള രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ഡോ. ടി.സി തങ്കച്ചൻ തന്റെ ചികിത്സാനുഭവം പങ്കുവെച്ചു.
തുടർന്ന്, 150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ടീമിനെയും ദേശീയ ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ജേതാവായ, മാർ സ്ലീവാ മെഡിസിറ്റിയിൽ വൃക്കമാറ്റിവയ്ക്കലിനു വിധേയനായ സിബി വർഗീസ്, അടിയന്തര സാഹചര്യത്തിൽ ഗർഭിണിയായ സ്ത്രീയെ രക്ഷാപ്രവർത്തനത്തിലൂടെ ആശുപത്രിയിൽ എത്തിച്ചു സുരക്ഷിതയാക്കിയ നഴ്സ് ലിറ്റി ജോയി എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാർ ഫെലിസിറ്റാസ് – 2026 ജേതാക്കളായവർക്കു സമ്മാനദാനവും നടന്നു.
30000 ചതരുശ്രയടി കെട്ടിടത്തിലാണ് അത്യാധുനിക നിലവാരത്തിലുള്ള ഉദരരോഗ ചികിത്സാസംവിധാനങ്ങൾ ആശുപത്രിയിലുള്ളത്. മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, ഹെപ്പറ്റോളജി, ജി.ഐ ആൻഡ് എച്ച്.പി.ബി ശസ്ത്രക്രിയകൾ, ഇന്റർവെൻഷണൽ റേഡിയോളജി, നൂതന ഇ.ആർ.സി.പി, എൻഡോസ്കോപിക് അൾട്രാസോണോഗ്രഫി, ലാപ്രോസ്കോപിക് കരൾ ശസ്ത്രക്രിയകൾ, സങ്കീർണ്ണമായ ഉദരരോഗ കാൻസറുകൾക്കുള്ള അത്യാധുനിക ചികിത്സകൾ, 4 എൻഡോസ്കോപ്പി സ്യൂട്ടുകൾ, ക്യാപ്സൂൾ എൻഡോസ്കോപ്പി, മാനോമെട്രി, ഡെഡിക്കേറ്റഡ് സി- ആം, ഫൈബ്രോസ്കാൻ, ബ്രത്ത് അനലൈസർ തുടങ്ങിയവ പുതിയ ഗ്യാസ്ട്രോസയൻസസ് വിഭാഗത്തിലെ പ്രധാന പ്രത്യേകതകളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

