സംസ്ഥാനത്ത് പാമ്പുകടിയേറ്റുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് സ്ത്രീകളുടെ ദാരുണ അന്ത്യം. ആലപ്പുഴ ചമ്പക്കുളത്തും കൊല്ലം കടയ്ക്കലിലുമാണ് സമാന ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആലപ്പുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയാണ് ജീവനൊടുങ്ങിയത്. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരണപ്പെട്ടത്.
വീട്ടിലേക്ക് വരുന്ന വഴി പാടവരമ്പത്തു വെച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ അണലി കടിയേറ്റത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ നടക്കും. മറ്റൊരു സംഭവത്തിൽ, കൊല്ലം കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതിയും മരണത്തിന് കീഴടങ്ങി.
കടയ്ക്കൽ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്.
വീടിനകത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിന് സമീപത്തു നിന്നാണ് സംഭവം. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷയും ചികിത്സയും നൽകിയിരുന്നു.
തുടർന്ന് വീട്ടിലെത്തിയ ശാലിനി വിശ്രമത്തിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം വീണ്ടും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആദ്യം അഞ്ചലിലെ ആശുപത്രിയിലും പിന്നീട് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലും ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ ജീവൻ രക്ഷിക്കാനായില്ല.
ശാലിനിയുടെ ഭർത്താവ് അനീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

