കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയെന്ന വിശേഷണവുമായി വ്യോമഗതാഗത രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന എയർ കേരളയിലേക്ക് റഷ്യയിൽ നിന്നും വിമാനങ്ങളെത്തുന്നു. റഷ്യൻ കമ്പനിയായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷൻ (യുഎഇ) ഇന്ത്യയിലെ മൂന്ന് കമ്പനികളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായാണ് വിവരം.
ഇന്ത്യ വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണ് മൊത്തം 105 വിമാനങ്ങളുടെ വിതരണത്തിനായുള്ള ഈ നീക്കം. എങ്കിലും കമ്പനികൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഐഎൽ-114-300 (Il-114-300) ശ്രേണിയിൽപ്പെടുന്ന 105 എയർക്രാഫ്റ്റുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇതിൽ 20 എണ്ണം എയർ കേരളയും, 50 എണ്ണം പിനാക്കിൾ എയറും, 35 എണ്ണം സ്ലീക്ക് ഏവിയേഷനുമാണ് സ്വന്തമാക്കുന്നത്.
കൊച്ചി വിമാനത്താവളം (സിയാൽ) കേന്ദ്രമാക്കി 2025-ൽ സർവീസുകൾ ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ വിമാനങ്ങൾ പാട്ടത്തിന് നൽകുന്നതുമായി ബന്ധപ്പെട്ട് വിദേശ കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായ കർശന നിലപാടുകളും അപ്രായോഗികമായ സമീപനങ്ങളും പദ്ധതിക്ക് തിരിച്ചടിയായി മാറി.
പുതിയ സാഹചര്യത്തിൽ റഷ്യയിൽ നിന്നും എയർക്രാഫ്റ്റുകൾ ലഭ്യമാകുന്നതോടെ, കേന്ദ്ര സർക്കാരിന്റെ ആവശ്യമായ അനുമതികൾ പൂർത്തിയാക്കി സർവീസ് ആരംഭിക്കാൻ എയർ കേരളയ്ക്ക് സാധിക്കും. വ്യോമയാന രംഗത്ത് ഇതിനോടകം തന്നെ നിർണായക കടമ്പകൾ പിന്നിടാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) എയർ കേരള മുൻകൂട്ടി വാങ്ങിയിട്ടുണ്ട്. കൂടാതെ, ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ (അയാട്ട) നിന്നും ‘കെഡി’ (‘കേരള ഡ്രീം’) എന്ന എയർലൈൻ കോഡും കരസ്ഥമാക്കിയിട്ടുണ്ട്.
കൊച്ചിയിൽ കമ്പനിയുടെ ഔദ്യോഗിക ഹെഡ് ഓഫിസും ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഉഡാൻ പദ്ധതിയുടെ ഭാഗമായുള്ള പ്രാദേശിക സർവീസുകൾക്കായി ഇന്ത്യൻ കമ്പനികൾ ഉപയോഗിക്കുന്നത് 72 സീറ്റുകളുള്ള എടിആർ72-600 വിമാനങ്ങളാണ്.
എന്നാൽ റഷ്യൻ നിർമിത ഐഎൽ-114-300 വിമാനങ്ങൾക്ക് 68 സീറ്റുകളുടെ ശേഷിയാണുള്ളത്. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രവാസി വ്യവസായികളായ അഫി അഹ്മദ്, ആയുബ് കല്ലട എന്നിവരാണ് എയർ കേരളയുടെ സാരഥികൾ.
കോഴിക്കോട് ആസ്ഥാനമായുള്ള അൽ ഹിന്ദ് ഗ്രൂപ്പിന്റെ കീഴിലുള്ള അൽ ഹിന്ദ് എയറും സർവീസിനുള്ള പ്രാഥമിക അനുമതികൾ നേടിയെടുത്തിട്ടുണ്ട്. വിമാനങ്ങൾ പാട്ടത്തിന് ലഭിക്കുന്നതിലെ തടസ്സങ്ങൾക്കും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കും പുറമേ ഉയർന്ന വിമാന ഇന്ധനവിലയും രാജ്യത്തെ പുതിയ വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.
നിലവിലെ പ്രതിസന്ധികൾക്ക് അയവുവരുന്ന മുറയ്ക്ക് സർവീസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എയർ കേരളയും അൽ ഹിന്ദ് എയറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

