മാങ്കോസ്റ്റിൻ തണലിലെ ചാരുകസേരയിലിരിന്ന് വൈക്കം മുഹമ്മദ് ബഷീർ രചിച്ച ഒൻപത് കഥകളെ നേരിട്ട് അറിയാൻ ഇന്ന് അവസരം. അദ്ദേഹത്തിന്റെ സാഹിത്യ സാധ്യതകളെയും കോർത്തിണക്കി ചെന്നൈയിലെ പ്രശസ്ത നാടക കൂട്ടായ്മയായ ‘പെർച്’ (Perch) അണിയിച്ചൊരുക്കിയ ഇംഗ്ലിഷ് നാടകം ‘അണ്ടർ ദി മാങ്കോസ്റ്റിൻ ട്രീ’ ഇന്ന് (11) കോട്ടയത്ത് അവതരിപ്പിക്കുന്നു.
രാജീവ് കൃഷ്ണന്റെ സംവിധാനത്തിൽ വൈകിട്ട് 6.30ന് കെ.സി.മാമ്മൻ മാപ്പിള ഹാളിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. വ്യത്യസ്തതയുള്ള കലാസാംസ്കാരിക പരിപാടികൾ നഗരത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘ദ് പർപ്പിൾ ക്രയോൺസ്’ ആണ് ഈ ദൃശ്യവിരുന്ന് സംഘടിപ്പിക്കുന്നത്.
സാദാ മനുഷ്യരുടെ അസാധാരണമായ ജീവിതം ഹാസ്യവും വൈകാരികതയും കലർത്തി പ്രേഷകർക്ക് മുന്നിലെത്തിക്കുന്ന ഈ നാടകം 2008ൽ ആണ് രചിക്കപ്പെട്ടത്. തുടർന്ന് ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം വേദികളിൽ ഈ സൃഷ്ടി വിജയകരമായി അവതരിപ്പിച്ചു കഴിഞ്ഞു.
ദർശന രാജേന്ദ്രൻ, അപർണ ഗോപിനാഥ്, മായ എസ്.കൃഷ്ണൻ, ശ്രീകൃഷ്ണ ദയാൽ, കരുണ അമർനാഥ്, എ.ആഷിഫ്, യു.ധരണിധരൻ, വിനോദ് സുശീല തുടങ്ങിയ പ്രതിഭകളാണ് നാടകത്തിൽ വേഷമിടുന്നത്. “സാറാമ്മാ..എനിക്കൊരു സംശയം കൂടെയുണ്ട്.
പക്ഷേ എനിക്കതു ചോദിക്കാൻ നാണമാണ്..” കേശവൻനായരുടെ ഈ ചോദ്യം ബഷീർ എഴുതിയത് മലയാളത്തിലാണെങ്കിലും ഇംഗ്ലിഷ് പരിഭാഷയിൽ ‘കേശവൻനായരുടെ നാണം’ വേണ്ടത്ര കിട്ടിയില്ല. അതിനാൽ ഇതുൾപ്പെടെയുള്ള ബഷീർ പ്രയോഗങ്ങൾ മലയാളത്തിൽ തന്നെ നിലനിർത്തിയാണ് നാടകം എഴുതിയിരിക്കുന്നതെന്ന് രചനയിൽ പങ്കുവഹിച്ച പോൾ മാത്യു വ്യക്തമാക്കി.
നാടകത്തിൽ കഥാപാത്രങ്ങൾക്കിടയിലൂടെ ഒരു സാക്ഷിയായും അവതാരകനായും ചിലപ്പോൾ കഥയുടെ ഭാഗം തന്നെയായും ബഷീർ കടന്നുവരുന്നുണ്ട്. പോൾ മാത്യു തന്നെയാണ് ഈ കഥാപാത്രത്തെ വേദിയിൽ അവതരിപ്പിക്കുന്നത്.
അഭിനേതാക്കളുടെ തൽസമയ ഇടപെടലുകളിലൂടെയും മെച്ചപ്പെടുത്തലുകളിലൂടെയുമാണ് രംഗഭാഷ വികസിക്കുന്നത് എന്ന പ്രത്യേകതയും ഈ നാടകത്തിനുണ്ട്. വിശ്വവിഖ്യാതമായ മൂക്ക്, മതിലുകൾ, നീലവെളിച്ചം തുടങ്ങിയ പ്രശസ്തമായ ബഷീർ കഥകൾ ഈ നാടകത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.
ന്യൂഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ നാടകമേളയായ ‘ഭാരത് രംഗ് മഹോത്സവി’ൽ മികച്ച കയ്യടി നേടിയ ശേഷമാണ് നാടകം ഇപ്പോൾ കോട്ടയത്ത് പ്രദർശനത്തിനെത്തുന്നത്. പരിപാടിക്കായുള്ള പ്രവേശനം ടിക്കറ്റ് മുഖേന മാത്രമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

