നിർമാണം അന്തിമഘട്ടത്തിലെത്തിനിൽക്കുന്ന ദേശീയപാത 66 ആറുവരിപ്പാതയിൽ വ്യാപകമായ ഗതാഗത സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി കണ്ടെത്തൽ. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് സുരക്ഷാ സംബന്ധമായ മുപ്പതോളം ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്.
ഈ നിർണായക കണ്ടെത്തലുകൾ ഉൾക്കൊള്ളുന്ന സമഗ്രമായ റിപ്പോർട്ട് ജില്ലാ കലക്ടർ ശിഖ സുരേന്ദ്രനു കൈമാറിയിട്ടുണ്ട്. കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ 8 എൻജിനീയറിങ് വിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞതിനു പിന്നാലെയാണു പൊലീസ്, മോട്ടർ വാഹന വകുപ്പ്, തദ്ദേശ വകുപ്പ്, ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ), നാറ്റ്പാക് എന്നിവയുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസം സംയുക്ത പരിശോധന നടത്തിയത്.
വഴികൾ വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ, റിഫ്ലക്ടീവ് സൈൻ ബോർഡുകൾ, റിഫ്ലെക്ടറോടു കൂടിയ സംരക്ഷണ ഭിത്തി എന്നിവയുടെ കാര്യമായ കുറവ് പാതയിൽ പല ഭാഗങ്ങളിലുമുണ്ട്. ചിലയിടങ്ങളിൽ നിർമാണ സാമഗ്രികൾ ഇപ്പോഴും നീക്കം ചെയ്യാതെ കിടക്കുകയാണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്.
ആറുവരിപ്പാതയിലും സർവീസ് റോഡുകളിലും വ്യാപകമായി അനധികൃത പാർക്കിങ് നടക്കുന്നുണ്ടെന്നും, ഇതു തടയാൻ കർശനമായ പട്രോളിങ് സംവിധാനം ഏർപ്പെടുത്തണമെന്നും സമിതിയുടെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ‘വഴിതിരിച്ചു വിടുന്നു’ (ഡൈവേർഷൻ) എന്ന മുന്നറിയിപ്പ് നൽകുന്ന റിഫ്ലക്ടിങ് സ്റ്റിക്കറുകൾ എല്ലായിടത്തും പതിച്ചിട്ടില്ലെന്നും പതിച്ചതിൽ മിക്കതും നിലവാരം ഇല്ലാത്തതാണെന്നും കണ്ടെത്തി.
കൂടാതെ വഴിതിരിച്ചു വിടാൻ സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് ബാരിക്കേഡുകൾ മാറ്റണമെന്നും ഇതിനു പകരം വെള്ളം നിറച്ച പ്ലാസ്റ്റിക് ഡ്രമ്മുകൾ ഉപയോഗിക്കണമെന്നും സമിതി നിർദേശിച്ചു. റോഡുകളിൽ വാണിങ് സ്ട്രിപ്പുകളുടെ ലഭ്യത വർധിപ്പിക്കാനും ആവശ്യമുയർന്നിട്ടുണ്ട്.
സർവീസ് റോഡുകളിലെ പല ബസ് സ്റ്റോപ്പുകളും റോഡിലേക്ക് കയറിനിൽക്കുന്ന അവസ്ഥയിലാണെന്നും, ഇത്തരം അപകടാവസ്ഥകൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും നിർദേശമുണ്ട്. ഇതിനുപുറമേ, ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 544ലും സമാനമായ രീതിയിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഈ രണ്ട് പാതകളിലെയും സുരക്ഷാ പോരായ്മകൾ പരിഹരിക്കുന്നതിനായി ദേശീയപാത അതോറിറ്റിക്കും മറ്റ് ബന്ധപ്പെട്ട വകുപ്പുകൾക്കും കലക്ടർ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ബസ് ബേ നിർമാണം വേഗത്തിലാക്കാനും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടി തുടങ്ങി. കലക്ടറുടെ നിർദേശങ്ങൾ അവഗണിക്കപ്പെട്ടു തൃശൂർ ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതകളിലെ (544, 66) റോഡ് സുരക്ഷാ പോരായ്മകൾ പരിഹരിക്കണമെന്ന് രണ്ടു തവണ കലക്ടർ നിർദേശം നൽകിയിട്ടും ദേശീയപാത അതോറിറ്റിയും (എൻഎച്ച്എഐ) കരാർ കമ്പനികളും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മേയ്, ജൂൺ മാസങ്ങളിലാണു ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ കലക്ടർ ശിഖ സുരേന്ദ്രൻ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്കും ഇംപ്ലിമെന്റേഷൻ യൂണിറ്റിനും കരാർ കമ്പനികൾക്കും ഇരു പാതകളിലെയും സുരക്ഷാപോരായ്മകൾ അടിയന്തരമായി പരിഹരിക്കണമെന്നു കർശന നിർദേശം നൽകിയത്. മേയ് 8ന് നടന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിനു പിന്നാലെ മേയ് 15നാണ് ദേശീയപാതകളിലെ നിർമാണവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ കാര്യങ്ങൾ കർശനമായി പാലിക്കാൻ ആദ്യം നിർദേശിച്ചത്.
മഴക്കാലം കൂടി കണക്കിലെടുത്ത് 66ലെ ആറുവരിപ്പാത വികസനം, 544ലെ മേൽപാലങ്ങളുടെ നിർമാണം എന്നിവ സുരക്ഷിതമായി നടത്തണമെന്നായിരുന്നു പ്രധാന നിർദേശം. ഇതോടൊപ്പം സർവീസ് റോഡ് ഉൾപ്പെടെ ഗതാഗതയോഗ്യമാക്കുക, ഗതാഗതം തിരിച്ചുവിട്ട
ഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക, വെള്ളം ഒഴുകിപ്പോകുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും മതിയായ കാനകൾ ഒരുക്കുക തുടങ്ങിയ 18 കാര്യങ്ങൾ പാലിക്കണമെന്ന് അക്കമിട്ടു കലക്ടർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിരുന്നാലും, എൻഎച്ച്എഐയും കരാർ കമ്പനികളും ഈ നിർദേശങ്ങളിൽ പലതും പാലിക്കാൻ തയ്യാറായില്ല.
തുടർന്ന് ജൂൺ 24ന് ദേശീയപാത 66ലെ പൊതുജന യാത്ര സുരക്ഷിതമാക്കുന്നതിനു സുരക്ഷാപ്രശ്നങ്ങളും പോരായ്മകളും യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണമെന്നും അധികൃതർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവുകളും അവഗണിക്കപ്പെട്ടതോടെയാണ് ഒടുവിൽ കയ്പമംഗലത്ത് വലിയ ദുരന്തമുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

