ആഗോള നയതന്ത്രത്തിന്റെ പ്രധാന കേന്ദ്രമായി രാജ്യതലസ്ഥാനം മാറിക്കഴിഞ്ഞു. പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായി ദില്ലി നഗരം സമാനതകളില്ലാത്ത ജാഗ്രതയിലാണ്.
കേന്ദ്ര സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനായി ഒരേ നിരയിൽ അണിനിരന്നിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, റഷ്യ-യുക്രൈൻ യുദ്ധം, ആഗോള ഇന്ധന-സാമ്പത്തിക പ്രതിസന്ധികൾ എന്നിവ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഗ്ലോബൽ സൗത്തിന്റെ പ്രാധാന്യം വിളിച്ചോതി ലോകനേതാക്കൾ തലസ്ഥാനത്ത് ഒത്തുകൂടുന്നത്.
പ്രധാന വേദിയായ ഭാരത് മണ്ഡപത്തിൽ നാളെയും മറ്റന്നാളുമായി രണ്ട് ദിവസങ്ങളിലായാണ് ഉച്ചകോടി നടക്കുന്നത്. ഇതിന്റെ ഭാഗമായി ലോകനേതാക്കൾ ഇന്നുമുതൽ ദില്ലിയിൽ എത്തിത്തുടങ്ങും.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഇന്ന് തന്നെ ദില്ലിയിലെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുവരുമായും പ്രത്യേക കൂടിക്കാഴ്ചകൾ നടത്തും.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് നാളെയെത്തും. പങ്കെടുക്കുന്ന രാഷ്ട്രത്തലവൻമാർക്കായി നഗരത്തിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസം ഒരുക്കിയിട്ടുള്ളത്.
ഭാരത് മണ്ഡപവും അനുബന്ധ ഹോട്ടലുകളും പൂർണ്ണമായും ഹൈ സെക്യൂരിറ്റി സോണുകളുടെ പരിധിയിലാണ്. ഇവിടെ വ്യോമ-ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഭൂരിഭാഗം പ്രമുഖ ഹോട്ടലുകളും ഇതിനകം തന്നെ അതത് രാജ്യങ്ങളിലെ സുരക്ഷാ സംഘങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഉച്ചകോടിയുടെ സുരക്ഷ മുൻനിർത്തി നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
സ്വകാര്യ വാഹനങ്ങൾക്ക് ഭാരത് മണ്ഡപത്തിലേക്ക് പ്രവേശനമില്ല. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കായി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നും പ്രത്യേക ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഭാരത് മണ്ഡപത്തിനുള്ളിലെ നിയന്ത്രണങ്ങളും അതിശക്തമാണ്. മാധ്യമങ്ങൾക്ക് ഇന്റർനാഷണൽ മീഡിയ സെന്ററിൽ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
പ്രധാന ചർച്ചകൾ നടക്കുന്ന ഇടങ്ങളിലേക്ക് നേതാക്കൾക്കും ഔദ്യോഗിക ഉദ്യോഗസ്ഥർക്കും മാത്രമാണ് അനുവാദമുള്ളത്. മൂർച്ചയുള്ള വസ്തുക്കൾക്ക് പുറമെ റിമോട്ട് കാർ കീ, ഫ്ലാസ്ക്, ബൈനോക്കുലർ തുടങ്ങിയവയും വേദിക്ക് അകത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്കുണ്ട്.
സുരക്ഷാ ചുമതലകൾക്കായി 15,000 ദില്ലി പോലീസ് ഉദ്യോഗസ്ഥരെയും 200 കമ്പനി കേന്ദ്രസേനയെയും നഗരത്തിൽ പുതുതായി വിന്യസിച്ചിട്ടുണ്ട്. പ്രധാന പാതകളിലെല്ലാം കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
മധ്യ, തെക്കൻ ദില്ലി മേഖലകളിലാണ് നിയന്ത്രണങ്ങൾ കൂടുതൽ ബാധകമാകുന്നത്. ജൻപഥ്, കർത്തവ്യപഥ് തുടങ്ങിയ പ്രധാന റോഡുകളിലും ഗതാഗത നിയന്ത്രണങ്ങളുണ്ട്.
നഗരത്തിൽ 22 ഇടങ്ങളിലായി യാത്രക്കാരെ വഴിതിരിച്ചുവിടുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലേക്കും വിമാനത്താവളങ്ങളിലേക്കും പോകുന്നവർ കൂടുതൽ യാത്രാസമയം കണക്കാക്കി മുൻകൂട്ടി ഇറങ്ങണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ മെട്രോ സർവീസുകൾക്ക് യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാത്തതിനാൽ യാത്രക്കാർ പരമാവധി മെട്രോ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ദില്ലി പോലീസ് അഭ്യർത്ഥിച്ചു. ദില്ലിയിലെത്തുന്ന ഓരോ നേതാവിനൊപ്പവും നൂറിലധികം അംഗങ്ങളുള്ള പ്രതിനിധി സംഘമുള്ളതിനാൽ വിദേശകാര്യ മന്ത്രാലയത്തിന്റെയും സുരക്ഷാ ഏജൻസികളുടെയും നേതൃത്വത്തിൽ കനത്ത ഏകോപനമാണ് നടപ്പിലാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

