ഭോപാലിൽ നിര്യാതനായ മലയാളി സൈനികൻ മിഥ്ലാജിന് (36) കണ്ണീരോടെയും പൂർണ ഔദ്യോഗിക ബഹുമതികളോടെയും ജന്മനാട് വിട നൽകി.
കാരശ്ശേരി കാരമൂല കുറാമ്പ്ര സ്വദേശിയാണ് അന്തരിച്ച മിഥ്ലാജ്. ബുധനാഴ്ച രാത്രി എട്ടു മണിയോടെ നെല്ലിക്കാപറമ്പിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം വിലാപയാത്രയായി വീട്ടിലെത്തിച്ചത്.
തുടർന്ന് നാട്ടുകാരും വിദ്യാർത്ഥികളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധിയാളുകൾ യുവ സൈനികന് അന്തിമോപചാരമർപ്പിച്ചു. ഡ്യൂട്ടിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
കാരമൂല കുറാമ്പ്ര കുഞ്ഞാലിയുടെ മകനാണ് മിഥ്ലാജ്. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയ കുമാരനെല്ലൂർ ആസാദ് മെമ്മോറിയൽ യുപി സ്കൂളിൽ പൊതുദർശനത്തിനായി ഭൗതികശരീരം എത്തിച്ചു.
പൊതുദർശനത്തോടനുബന്ധിച്ച് സ്കൂളിന് ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. മേജർ റിനൂബിന്റെ നേതൃത്വത്തിലുള്ള സൈനിക സംഘമാണ് ഔദ്യോഗിക ബഹുമതികൾക്കുള്ള ചടങ്ങുകൾ ഏകോപിപ്പിച്ചത്.
തുടർന്ന് രാവിലെ ഒൻപതരയോടെ ഔദ്യോഗിക ചടങ്ങുകളും പ്രത്യേക പ്രാർഥനകളും സമാപിച്ചു. തുടർന്ന് കാരമൂല ജുമാ മസ്ജിദ് കബർസ്ഥാനിൽ ഭൗതികശരീരം കബറടക്കി.
തിരുവമ്പാടി എംഎൽഎ സി.കെ. കാസിം, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി.
അബ്ദുൽ അക്ബർ തുടങ്ങി പ്രമുഖരായ ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായി ആദരാഞ്ജലികൾ അർപ്പിച്ചു.

