പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്ഥാപകനും ചെയർമാനുമായ വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) തുടക്കം. വി-ഗാർഡ്, വണ്ടർലാ എന്നിവയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഓഹരി വിപണിയിലെത്തുന്ന മൂന്നാമത്തെ കമ്പനിയാണിത്.
സെപ്റ്റംബർ 10 മുതൽ 15 വരെ നടക്കുന്ന ഐപിഒയിലൂടെ 210 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒ നടത്തുന്ന കേരളത്തിലെ ആദ്യ റിയൽ എസ്റ്റേറ്റ് കമ്പനിയാണെന്ന പ്രത്യേകതയും വീഗാലാൻഡ് ഡെവലപ്പേഴ്സിനുണ്ട്.
ഓഹരിയൊന്നിന് 130–140 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്; കുറഞ്ഞ അപേക്ഷാ ലോട്ട് 107 ഓഹരികളാണ്. ഓഫർ ഫോർ സെയിൽ ഇല്ലാതെ പൂർണമായും ഫ്രഷ് ഇഷ്യുവാണ്.
സമാഹരിക്കുന്ന തുക നിലവിലെ പ്രൊജക്റ്റുകൾ പൂർത്തിയാക്കാനും കൊച്ചി, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ പുതിയ വികസന പദ്ധതികൾക്കുമായി വിനിയോഗിക്കും. സെപ്റ്റംബർ 18നാണ് കമ്പനിയുടെ ലിസ്റ്റിങ് നിശ്ചയിച്ചിരിക്കുന്നത്.
വീഗാലാൻഡ് ഡെവലപ്പേഴ്സ് ഐപിയിലേക്ക് കടക്കുമ്പോൾ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് പറയാനുള്ള കാര്യങ്ങൾ… ചോദ്യം: ആദ്യം വി-ഗാർഡ്, പിന്നീട് വണ്ടർലാ, ഇപ്പോൾ വീഗാലാൻഡ് ഡെവലപ്പേഴ്സ്… അങ്ങനെ വിജയകരമായ മൂന്നാമതൊരു സംരംഭത്തെക്കൂടി ഐപിഒയിലേക്ക് എത്തിച്ചിരിക്കുകയാണല്ലോ. തിരിഞ്ഞുനോക്കുമ്പോൾ എന്താണ് തോന്നുന്നത്? കൂടാതെ, ഈ ഘട്ടത്തിൽ കമ്പനിയെ ഐപിഒയിലേക്ക് നയിക്കാൻ പ്രത്യേക കാരണങ്ങൾ എന്തെങ്കിലുമുണ്ടോ? മറുപടി: ഏതൊരു സംരംഭവും പോലെ വളരെ ചെറിയൊരു തലത്തിലാണ് വി-ഗാർഡും ആരംഭിച്ചത്.
എന്നാൽ വർഷങ്ങൾ കൊണ്ട് അത് വലിയ രീതിയിൽ വളർന്നു. വി-ഗാർഡ് ഐപിഒയിലേക്ക് പോകുന്ന സമയത്ത് ദക്ഷിണേന്ത്യയൊട്ടാകെ കമ്പനിക്ക് മികച്ച പ്രചാരവും തൃപ്തികരമായ വിറ്റുവരവും ഉണ്ടായിരുന്നു.
ആ വളർച്ചയുടെ ഘട്ടത്തിൽ പുതിയ ഫാക്ടറികൾ നിർമ്മിക്കാനും മറ്റ് വികസനങ്ങൾക്കുമായി കൂടുതൽ മൂലധനം ആവശ്യമായി വന്നു. മൂലധന സമാഹരണത്തിന് ബാങ്ക് വായ്പകൾ, പ്രൈവറ്റ് ഇക്വിറ്റി, ഐപിഒ തുടങ്ങി പല വഴികളുണ്ടായിരുന്നെങ്കിലും ഞാൻ തിരഞ്ഞെടുത്തത് ഐപിഒ ആണ്.
അത് കമ്പനിയുടെ ഭാവിക്ക് ഏറ്റവും അനുയോജ്യമാണെന്ന് ബോധ്യമുണ്ടായിരുന്നു. അതിനുപുറമേ, വി-ഗാർഡിലെ മുതിർന്ന മാനേജർമാർക്ക് ഞാൻ മുൻപ് നൽകിയ ഓഹരികളുടെ യഥാർഥ മൂല്യം അവർക്ക് ലഭ്യമാക്കാനും ഇത് ആവശ്യമായിരുന്നു.
അക്കാലത്ത് കേരളത്തിൽ ഐപിഒ എന്ന ആശയം അത്രത്തോളം ജനകീയമായിരുന്നില്ല. എന്നാൽ അതിനെക്കുറിച്ച് കൃത്യമായി പഠിച്ചാണ് മുന്നോട്ടുപോയത്.
തുടക്കത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായെങ്കിലും പിന്നീട് അത് വലിയ വിജയമായി മാറി. ഐപിഒ വഴി കമ്പനിക്ക് സമൂഹത്തിൽ വലിയ രീതിയിലുള്ള സ്വീകാര്യതയും (വിസിബിലിറ്റിയും) വിശ്വാസ്യതയും ലഭിച്ചു.
പിന്നീട് എന്റെ മക്കളായ അരുണും മിഥുനും ബിസിനസിലേക്ക് കടന്നുവന്നപ്പോഴും ഈ വളർച്ച അവർക്ക് മുന്നോട്ടുള്ള നല്ലൊരു പാതയായി മാറി. 2008ൽ വി-ഗാർഡ് ചെയ്തതുപോലെ 2014ൽ വണ്ടർലായും ഐപിഒയിലേക്ക് എത്തിച്ചു.
വർഷങ്ങൾക്കുശേഷം മക്കൾ ബിസിനസിൽ പൂർണ്ണമായി സജീവമായതോടെ കമ്പനികളുടെ ദൈനംദിന ചുമതലകളിൽ നിന്ന് ഞാൻ പതുക്കെ പിന്മാറാൻ തുടങ്ങി. 60 വയസ്സ് കഴിഞ്ഞപ്പോൾ കാര്യങ്ങൾ അവരുടെ കൈകളിൽ പൂർണമായി ഏൽപ്പിച്ച് പേരിനുമാത്രം ‘ചെയർമാൻ എമരിറ്റസ്’ എന്ന പദവിയിൽ ഒതുങ്ങി.
അങ്ങനെ ലഭിച്ച ഒഴിവുസമയമാണ് എന്നെ റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ രംഗത്തേക്ക് എത്തിക്കുന്നത്. ഒരു സിവിൽ എഞ്ചിനീയറിങ് പശ്ചാത്തലമില്ലാത്ത ഞാൻ എന്തുകൊണ്ട് കൺസ്ട്രക്ഷൻ മേഖല തിരഞ്ഞെടുത്തു എന്ന് ചോദിച്ചാൽ; മുൻപ് വി-ഗാർഡിന്റെയും വണ്ടർലായുടെയും കോർപ്പറേറ്റ് ഓഫീസുകൾ, ഫാക്ടറികൾ, തീം പാർക്കുകൾ എന്നിവയുടെ നിർമ്മാണത്തിൽ സജീവമായി പങ്കാളിയായപ്പോൾ തന്നെ എനിക്ക് ഈ മേഖലയോട് ഒരു പ്രത്യേക താൽപര്യം തോന്നിയിരുന്നു.
ആ താൽപര്യവും അനുഭവപരിചയവുമാണ് എന്നെ ‘കൺസ്ട്രക്ഷൻ’ രംഗത്തേക്ക് എത്തിച്ചതും, ഇന്നിപ്പോൾ ഈ പുതിയ സംരംഭത്തെയും ഐപിഒയിലേക്ക് നയിക്കാൻ പ്രാപ്തനാക്കിയതും. ചോദ്യം: കമ്പനികൾ വിജയപാതയിൽ നിൽക്കുന്ന സമയത്ത് തന്നെയാണ് അടുത്ത തലമുറയിലേക്ക് അധികാരം കൈമാറുന്നത്.
മാറിനിൽക്കുമ്പോൾ ആ തീരുമാനത്തിൽ ഉണ്ടായിരുന്ന ആത്മവിശ്വാസം എന്തായിരുന്നു? മറുപടി: നമ്മൾ മാറിനിന്നാലും കാര്യങ്ങൾ കൂടുതൽ ഭംഗിയായി നടക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരെ വിശ്വസിച്ച് ഏൽപ്പിക്കുക എന്നതാണ് എന്റെ രീതി.
മക്കൾക്കായാലും കമ്പനിയിലെ സീനിയർ മാനേജർമാർക്കായാലും പരമാവധി സ്വയംഭരണാധികാരം നൽകി കാര്യങ്ങൾ ചെയ്യിക്കുന്ന ഒരു സമീപനമാണ് ഞാൻ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. അവർ വർഷങ്ങളോളം എന്റെ കൂടെ പ്രവർത്തിച്ച് അനുഭവ സമ്പത്ത് നേടിയശേഷമാണ് പൂർണമായ ചുമതലകൾ കൈമാറിയത്.
ആ തീരുമാനം കൊണ്ട് എനിക്ക് രണ്ട് വലിയ നേട്ടങ്ങളാണുണ്ടായത്; ഒന്ന്, ഭാരിച്ച ഉത്തരവാദിത്തങ്ങളിൽ നിന്ന് എനിക്ക് മാറിനിൽക്കാൻ കഴിഞ്ഞു. രണ്ട്, അവരുടെ തന്നെ നേതൃത്വത്തിലും മേൽനോട്ടത്തിലും ബിസിനസിനെ കൂടുതൽ ഉയരങ്ങളിലേക്ക് വളർത്താൻ അവർക്ക് സാധിക്കുകയും ചെയ്തു.
പിന്നീട് ആരംഭിച്ച കൺസ്ട്രക്ഷൻ മേഖലയിലെ കാര്യവും അങ്ങനെ തന്നെയാണ്. വളരെ ചെറിയ രീതിയിലാണ് അത് തുടങ്ങിയത്.
ആദ്യം ഒരൊറ്റ പ്രൊജക്റ്റ്. അതിന്റെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ ഒരേസമയം രണ്ടും പിന്നീട് നാലും പ്രൊജക്റ്റുകളായി ഉയർത്തി.
ഇപ്പോൾ ഏകദേശം 12ഓളം പ്രൊജക്റ്റുകളുടെ പണികൾ പുരോഗമിക്കുന്നു. ഇതിനകം 10 പ്രൊജക്റ്റുകൾ പൂർത്തിയാക്കി ആളുകൾക്ക് കൈമാറിക്കഴിഞ്ഞു, അവിടെ ആളുകൾ താമസിക്കുന്നുമുണ്ട്.
ചുരുക്കത്തിൽ, മികച്ചൊരു വളർച്ചാ പാതയിലൂടെയാണ് ഈ സ്ഥാപനവും മുന്നോട്ടുപോകുന്നത്. ഈ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കൂടുതൽ മൂലധനം ആവശ്യമായി വന്നപ്പോഴാണ് മൂന്നാമതൊരു ഐപിഒയിലേക്ക് പോകാൻ തീരുമാനിച്ചത്.
ചോദ്യം: കേരളത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിലാകെ വലിയ മാറ്റങ്ങളാണ് കാണുന്നത്. പണ്ട് 40, 50 ലക്ഷത്തിന് ഫ്ലാറ്റുകളൊക്കെ കിട്ടിയിരുന്നെങ്കിൽ ഇന്ന് 1.5–2 കോടി രൂപയ്ക്ക് മുകളിലാണ് വില.
ആളുകളുടെ മനോഭാവത്തിലും ഇതിനനുസരിച്ച് മാറ്റങ്ങൾ വന്നിട്ടുണ്ടല്ലോ? മറുപടി: ഞങ്ങൾ ഈ രംഗത്തേക്ക് കടന്നുവന്നിട്ട് ഇപ്പോൾ ഏകദേശം 15 വർഷത്തോളമായി. തുടക്കകാലത്ത് ഈ മേഖല അത്രത്തോളം സംഘടിതമായിരുന്നില്ല.
റൂൾസ് ആൻഡ് റെഗുലേഷൻസ് ഒക്കെ താരതമ്യേന അയഞ്ഞതായിരുന്നു. അതുകൊണ്ടുതന്നെ കടുത്ത മത്സരവും ചില അഭികാമ്യമല്ലാത്ത പ്രവണതകളും അന്ന് ഈ രംഗത്തുണ്ടായിരുന്നു.
എന്നാൽ, ഉത്തരവാദിത്തബോധമുള്ള ഒരു ബിൽഡർക്ക് ഇവിടെ വലിയ സാധ്യതകളുണ്ടെന്നാണ് ഞാൻ വിശ്വസിച്ചത്. കാലക്രമേണ അത് തെളിയിക്കാൻ സാധിക്കുകയും ചെയ്തു.
പിന്നീട് ‘റെറ’ (RERA – Real Estate Regulatory Authority) പോലുള്ള കർശനമായ മേൽനോട്ട ഏജൻസികളും മാർഗനിർദേശങ്ങളും നിലവിൽ വന്നു.
ഇന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന ഏതൊരാൾക്കും ആ നിയമങ്ങൾ പാലിച്ചേ മുന്നോട്ടുപോകാനാകൂ. റെറയുടെ വരവിനെ ഞാൻ പൂർണമനസ്സോടെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്.
കാരണം ഇത്തരം നിബന്ധനകൾ കൃത്യമായി പാലിക്കാൻ ഞങ്ങൾ സന്നദ്ധരായിരുന്നു. പണ്ടൊക്കെ ഈ മേഖലയിൽ പണം മുടക്കി വഞ്ചിക്കപ്പെട്ട
ധാരാളം ആളുകളുണ്ടായിരുന്നു. എന്നാൽ പുതിയ നിയമങ്ങൾ വന്നതോടെ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായി.
ഇന്ന് ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യുകയും നിർമാണത്തിൽ സർഗാത്മകതയും ഗുണനിലവാരവും പുലർത്തുകയും ചെയ്യുന്നവർക്ക് റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ സ്ഥാനമുണ്ട്. അതുതന്നെയാണ് വിഗാലാൻഡ് ഡെവലപ്പേഴ്സിന്റെയും വിജയരഹസ്യം.
ചോദ്യം: ഇതിനോടൊപ്പം ചേർത്തു ചോദിക്കട്ടെ, ഉയർന്ന തുക മുടക്കി ഫ്ലാറ്റുകളും മറ്റും സ്വന്തമാക്കാൻ ആളുകൾ ഇന്ന് മടിക്കുന്നില്ല. വാങ്ങുന്നവരുടെ ഈ മാറ്റത്തെ എങ്ങനെ കാണുന്നു? മറുപടി: കാലം മാറിയതിനനുസരിച്ച് ആളുകളുടെ വരുമാന നിലവാരത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്.
ഇന്ന് ഭൂരിഭാഗം വീടുകളിലും ഭാര്യയും ഭർത്താവും ഒരുപോലെ ജോലി ചെയ്തു വരുമാനമുണ്ടാക്കുന്നവരാണ്. സാമ്പത്തിക ഭദ്രതയുള്ളതിനാൽ അവർക്ക് വലിയ തുക ബാങ്ക് വായ്പയായി ലഭിക്കാനും തിരിച്ചടയ്ക്കാനുമുള്ള ശേഷിയുണ്ട്.
പണ്ടൊക്കെ കരിയറിന്റെ അവസാന ഘട്ടത്തിലോ വിരമിക്കുന്ന കാലത്തോ ആണ് ഒരാൾക്ക് സ്വന്തമായൊരു വീട് വാങ്ങാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇന്നങ്ങനെയല്ല.
വളരെ ചെറുപ്പത്തിൽത്തന്നെ ആളുകൾ വീടുകൾ സ്വന്തമാക്കുന്നുണ്ട്. ഞങ്ങളുടെ അപ്പാർട്ട്മെന്റുകൾ ബുക്ക് ചെയ്യുന്നവരിൽ ചെറുപ്പക്കാരുണ്ട്, ഒരു 35-45 ഇടയിൽ പ്രായമുള്ളവർ.
മൊത്തത്തിൽ ഇന്ത്യയിലുണ്ടാകുന്ന സാമ്പത്തിക വളർച്ചയുടെ പ്രതിഫലനമാണിത്. അത് കാറുകളുടെ വിൽപനയിലായാലും മറ്റ് ജീവിതസൗകര്യങ്ങളുടെ കാര്യത്തിലായാലും നമുക്ക് കാണാൻ സാധിക്കും.
ജനങ്ങളുടെ വാങ്ങൽ ശേഷി ഉയർന്നതിന്റെയും ജീവിതശൈലി മാറിയതിന്റെയും ആ ഗുണം റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും തീർച്ചയായും ലഭിച്ചിട്ടുണ്ട്. ചോദ്യം: സാധാരണക്കാർ സുരക്ഷിതമായ നിക്ഷേപങ്ങളായി കാണുന്നത് സ്വർണത്തെയും ഭൂമിയെയുമൊക്കെയാണ്.
സ്വർണത്തിന്റെ മൂല്യം ഇപ്പോഴും ഉയർന്നുതന്നെ നിൽക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം എത്രത്തോളം സുരക്ഷിതമാണെന്നാണ് വിലയിരുത്തൽ? മറുപടി: നാട്ടിൻപുറത്ത് ‘പ്രൈം പ്രോപ്പർട്ടികൾക്ക്’ എത്രത്തോളം ആവശ്യക്കാർ ഉണ്ടാവും എന്നതിൽ എനിക്ക് സംശയമുണ്ട്.
അതേസമയം ആളുകൾ കൂടുതൽ കൂടുതൽ നഗരത്തിന്റെ ഉള്ളിലേക്ക് വരികയാണ്, അവർക്ക് വേണ്ടത് പരമാവധി സൗകര്യങ്ങളാണ്. ഇന്ന് ചില ബിൽഡർമാർ വലിയ ഭൂമി വാങ്ങി അതിൽ 10ഉം 12ഉം ടവറുകൾ നിർമ്മിക്കാറുണ്ട്.
എന്നാൽ ഞങ്ങളുടെ രീതി അതല്ല. ഞങ്ങൾ ഒരു പ്ലോട്ടിൽ ഒരൊറ്റ ടവർ നിർമ്മിച്ച്, പരമാവധി സൗകര്യങ്ങളോടെ അതിൽ 70 അല്ലെങ്കിൽ കൂടിയാൽ 100 കുടുംബങ്ങൾക്ക് മാത്രം താമസിക്കാവുന്ന രീതിയിലാണ് പ്രൊജക്റ്റുകൾ ഒരുക്കുന്നത്.
അത്തരം പ്രീമിയം അപ്പാർട്ട്മെന്റുകൾക്ക് വിപണിയിൽ വലിയ ആവശ്യക്കാരുണ്ട്. ചോദ്യം: ചെറുപ്പക്കാർ വൻതോതിൽ കേരളം വിടുന്നു, ആളില്ലാത്ത വീടുകൾ പെരുകുന്നു, റിയൽ എസ്റ്റേറ്റ് മേഖലയിൽ മന്ദിപ്പാണ് എന്നൊക്കെ ഇവിടെ പൊതുവേ പറയാറുണ്ട്.
ഇതുയർത്തുന്ന വെല്ലുവിളികളും നിലനിൽക്കുന്നുണ്ട്. ഇപ്പോഴത്തെ ഈ സാഹചര്യത്തെയും ഭാവിയിലേക്കുള്ള പോക്കിനെയും എങ്ങനെയാണ് കാണുന്നത്? മറുപടി: രാജ്യാന്തര രംഗത്തെ പ്രശ്നങ്ങളും ഗൾഫിലെ പ്രതിസന്ധികളും ഒക്കെയായി ഒരിടയ്ക്ക് ചില ഭീഷണികളൊക്കെ വന്നിരുന്നു.
പഠനം കഴിഞ്ഞാലുടൻ ചെറുപ്പക്കാർ ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ പോകുന്നുമുണ്ട്. എന്നാൽപോലും എന്നെങ്കിലും ഒരുനാൾ നാട്ടിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം ഇവരിൽ നിലനിൽക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ മാതാപിതാക്കൾക്കു വേണ്ടിയോ സ്വന്തം ആവശ്യത്തിനായോ അവർ കേരളത്തിൽ ഒരു നിക്ഷേപം നടത്തുന്നുണ്ട്. പ്രത്യേകിച്ച് നമ്മുടെ ആളുകൾ കൂടുതലുള്ള ഗൾഫ് മേഖലയിൽ പൗരത്വം ലഭിക്കില്ലെന്ന് ഉറപ്പാണ്.
അതിനാൽ റിട്ടയർ ചെയ്യുന്നതിന് മുൻപ് അവർക്ക് നാട്ടിലേക്ക് തിരിച്ചുവരേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ അവരുടെ സങ്കൽപ്പങ്ങൾക്കൊത്ത ഒരു വീടും വേണം.
ഇതു തന്നെയാണ് ഇപ്പോഴത്തെ സാഹചര്യം. ഞങ്ങൾക്ക് മാത്രമല്ല, ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന മിക്ക മുൻനിര കമ്പനികൾക്കും നിലവിൽ നല്ല ബിസിനസ് ലഭിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ചോദ്യം: വിഗാലാൻഡിന്റെ ഐപിഒ വരികയാണല്ലോ. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ഗ്രൂപ്പുകളിൽ നിന്ന് എന്താണ് സ്ഥാപനത്തിന്റെ വ്യത്യാസം? വീടുകളെക്കുറിച്ചുള്ള ആളുകളുടെ അഭിരുചിയും സങ്കൽപങ്ങളും മാറിവരുമ്പോൾ വിഗാലാൻഡ് എന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? ഉപഭോക്താക്കൾ ഇത് വാങ്ങും എന്ന് പറയാനുള്ള ആത്മവിശ്വാസം എന്താണ്? മറുപടി: ഞങ്ങൾ തുടക്കം മുതലേ നൽകുന്ന നിർമ്മാണ ഗുണനിലവാരം തന്നെയാണ് മറ്റുള്ളവരിൽ നിന്നുള്ള പ്രധാന വ്യത്യാസം.
ഗുണനിലവാരം ഉറപ്പാക്കാൻ വെറുതെ പറഞ്ഞാൽ പോരാ, ഉപയോഗിക്കുന്ന വസ്തുക്കൾ മുതൽ നിർമാണത്തിന്റെ മേൽനോട്ടത്തിലുമെല്ലാം അത് തുടങ്ങണം. ലിഫ്റ്റ്, വാട്ടർ ഫിറ്റിങ്സ്, ബാത്ത്റൂം ഫിറ്റിങ്സ് എന്നിവയിലെല്ലാം തകരാറുകൾ വരാത്ത ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നത്.
കൂടാതെ മികച്ച ഗ്യാരന്റിയും ഉറപ്പുനൽകുന്നു. ഇനി ഗ്യാരന്റി കാലാവധി കഴിഞ്ഞാലും അറ്റകുറ്റപ്പണികൾ ആവശ്യമായി വരുമ്പോൾ ഞങ്ങളുടെ സഹായം ലഭ്യമാക്കാറുണ്ട്.
ആ വിശ്വാസ്യത തന്നെയാണ് പ്രധാനം. ഞങ്ങളുടെ അപ്പാർട്ട്മെന്റുകൾ വാങ്ങി മാസങ്ങളോ വർഷങ്ങളോ ആയി അതിൽ താമസിക്കുന്നവരുടെ അനുഭവം സമൂഹത്തിലെത്തുന്നതാണ് ഞങ്ങൾക്ക് കൂടുതൽ ബിസിനസ് നേടിത്തരുന്നത്.
അത് തന്നെയാണ് ഞങ്ങളുടെ കരുത്തും. ചോദ്യം: വിജയം നേടുന്നവരെ സമൂഹം മാതൃകയാക്കാറുണ്ട്.
വിജയത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർ മാതൃകയാക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് പറയാറുണ്ട്.
താങ്കൾ മുൻപ് സൂചിപ്പിച്ചതുപോലെ വിശ്വസിക്കാവുന്ന പേര് (‘The name you can trust) എന്നതു പോലെ. എന്തായിരിക്കണം ആളുകൾ പിന്തുടരേണ്ട
കാര്യം? മറുപടി: ‘ ദ് നെയിം യു കാൻ ട്രസ്റ്റ് ’ എന്ന് പരസ്യങ്ങളിൽ അച്ചടിച്ചു കാണിച്ചതുകൊണ്ട് മാത്രം കാര്യമായില്ല, അത് പ്രാവർത്തികമാക്കുകയാണ് വേണ്ടത്. അത് ഏത് ഉൽപ്പന്നമായാലും ശരി — വി-ഗാർഡ് ആയാലും വണ്ടർലാ ആയാലും വിഗാലാൻഡ് ഡെവലപ്പേഴ്സ് ആയാലും—ഉപഭോക്താക്കൾ സംതൃപ്തരല്ലാത്തിടത്തോളം കാലം നമുക്ക് ബിസിനസിൽ വളർച്ചയുണ്ടാവില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
നമ്മുടെ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരാണ് യഥാർഥത്തിൽ നമ്മുടെ അംബാസഡർമാർ. നമ്മൾ അറിയുകപോലുമില്ലാതെ അവർ നമുക്കായി സംസാരിക്കും.
അതേസമയം, നമ്മുടെ ഭാഗത്തുനിന്ന് അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടോ തലവേദനയോ ഉണ്ടായാൽ അവർ അത് പത്തുപേരോട് പറയുകയും ചെയ്യും. വി-ഗാർഡിന്റെയൊക്കെ വളർച്ചയ്ക്ക് പരസ്യങ്ങൾ ആവശ്യമായിരുന്നു.
എന്നാൽ പേര് ആളുകളിൽ എത്തിച്ചതുകൊണ്ട് മാത്രം കാര്യമായില്ല. ഒരു സാധനം വാങ്ങുന്നതിന് മുൻപ് ആളുകൾ മറ്റുള്ളവരോട് അഭിപ്രായം ചോദിക്കാറുണ്ട്.
അപ്പോൾ നല്ല അഭിപ്രായമല്ല ഉയർന്നുവരുന്നതെങ്കിൽ അത് ബിസിനസിെന ബാധിക്കും. ഉപഭോക്താക്കളുടെ തൃപ്തി ഉറപ്പാക്കാതെയുള്ള രീതി ദീർഘവീക്ഷണമുള്ള ഒന്നല്ല.
ചോദ്യം: മക്കളൊക്കെ ബിസിനസ്സിലേക്ക് കടന്നുവന്നു, എല്ലായിടത്തും പുതിയ തലമുറ ചുമതലകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് ശ്രദ്ധയിൽപ്പെട്ട
കാര്യങ്ങൾ എന്തൊക്കെയാണ്? നിങ്ങളുടെ തലമുറയും പുതിയ തലമുറയും ബിസിനസ് ചെയ്യുന്നതിലെ വ്യത്യാസങ്ങൾ എന്തൊക്കെയാണ്? മറുപടി: അതിൽ വലിയ രീതിയിലുള്ള മാറ്റങ്ങളുണ്ട്. വി-ഗാർഡ് ആരംഭിച്ചിട്ട് ഇപ്പോൾ 49 വർഷങ്ങൾ കഴിഞ്ഞു, അടുത്ത വർഷം 50ാം വർഷത്തിലേക്ക് കടക്കുകയാണ്.
പണ്ടൊക്കെ കണക്കുകളെല്ലാം കടലാസുകളിൽ എഴുതി സൂക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്. ഓഫീസിൽ ഒരു ടെലിഫോൺ കണക്ഷൻ പോലും ഉണ്ടായിരുന്നില്ല, അത് കിട്ടാൻ തന്നെ ഒരുപാട് കാലതാമസമെടുക്കുമായിരുന്നു.
ആ ഒരു അവസ്ഥയിലാണ് രാജ്യം ഡിജിറ്റലൈസേഷനിലേക്ക് മാറിയത്. ഡിജിറ്റലൈസേഷൻ വന്നതോടെ പുതിയ തലമുറയിലെ യുവാക്കളുടെ ‘അറിവിന്റെ നിലവാരം’ വളരെയധികം ഉയർന്നു.
അത് സ്ഥാപനങ്ങൾക്ക് വലിയ ഗുണം ചെയ്യുന്നുണ്ട്. പണ്ടത്തെക്കാൾ മികച്ച അറിവ് പുതിയ തലമുറയ്ക്കുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
പഠിച്ചിറങ്ങുന്ന ഉടൻതന്നെ വലിയ ചുമതലകളും ദൗത്യങ്ങളും അവരെ ഏൽപ്പിക്കാൻ നമുക്ക് സാധിക്കുന്നു. എന്റെ ചുമതല എന്തെന്നാൽ ഇവരെ പ്രോത്സാഹിപ്പിക്കുക, കൃത്യമായ മാർഗനിർദേശം നൽകുക, കാര്യങ്ങൾ ചെയ്യിക്കുക എന്നതൊക്കെയാണ്.
ഏത് സ്ഥാപനത്തിന്റെയും തലപ്പത്തിരിക്കുന്ന ആളുടെ ജോലി ഇതൊക്കെത്തന്നെയാണ്. മൊത്തത്തിൽ നോക്കുമ്പോൾ ഈ മാറ്റങ്ങൾ വെച്ച് ഇന്ത്യയ്ക്ക് ഇനി ഭാവിയിൽ വലിയ പുരോഗതിക്കുള്ള സാധ്യതകളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
ചോദ്യം: വി-ഗാർഡ്, വണ്ടർലാ, അതിനുശേഷം ഇപ്പോൾ വിഗാലാൻഡ് ഡെവലപ്പേഴ്സ്. ഇതിനുശേഷം മറ്റൊരു മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ (Diversification) പദ്ധതിയുണ്ടോ? മനസ്സിൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഏത് മേഖലയിലായിരിക്കും? മറുപടി: ഇപ്പോൾ എന്റെ ചിന്ത മുഴുവൻ വിഗാലാൻഡ് ഡെവലപ്പേഴ്സിനെ കൂടുതൽ വളർത്തണം എന്നുള്ളതാണ്.
ശരിക്കും റിയൽ എസ്റ്റേറ്റ് മേഖലയിലെ കണക്കുകൾ പരിശോധിച്ചാൽ അറിയാം, കോടിക്കണക്കിന് രൂപയുടെ ബിസിനസ് നടക്കുന്ന വലിയൊരു മേഖലയാണിത്. അതിന്റെ ചെറിയൊരു ശതമാനം മാത്രമാണ് ഇപ്പോൾ ഞങ്ങൾക്ക് ലഭിക്കുന്നത്.
അതുകൊണ്ടുതന്നെ ഈ രംഗത്ത് തന്നെ ഇനിയും വളരാൻ ധാരാളം സാധ്യതകളുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ നിർമാണത്തിലേക്ക് ഞങ്ങൾ കടക്കില്ല, നിലവിൽ അതിന് പ്ലാനുകളുമില്ല.
എന്നാൽ ഭവന നിർമ്മാണ മേഖലയിൽ തന്നെ വളരാൻ വലിയ സാധ്യതകളുണ്ട്. അതിനാൽ എന്റെ ഉടനടിയുള്ള ശ്രദ്ധ ഈ മേഖലയിൽ മാത്രമായിരിക്കും.
എപ്പോഴും ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനെ പടിപടിയായി വളർത്തി വലുതാക്കുക എന്നതാണ് എന്റെ രീതി. അതിനുശേഷം മാത്രമേ മറ്റ് ചിന്തകൾ വരാറുള്ളൂ.
ചോദ്യം: പുതിയതായി ഒരു വീടോ ഫ്ലാറ്റോ വാങ്ങാൻ ആഗ്രഹിക്കുന്നവരോട് താങ്കൾക്ക് എന്താണ് പറയാനുള്ളത്? മറുപടി: ബിൽഡറുടെയോ ആ കമ്പനിയുടെയോ പശ്ചാത്തലവും അവരുടെ വിശ്വാസ്യതയും കൃത്യമായി പരിശോധിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അതിനായി ചില മുൻകരുതലുകൾ അല്ലെങ്കിൽ ‘ഹോംവർക്ക്’ ആവശ്യമാണ്.
അവർ നിർമാണം പൂർത്തിയാക്കിയ പ്രൊജക്റ്റുകൾ നേരിട്ടുപോയി കാണുകയും അവിടെ താമസിക്കുന്നവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുകയും വേണം. നിർമാണവും പ്ലാനും വർഷങ്ങൾ കഴിഞ്ഞാലും തകരാറുകൾ ഇല്ലാത്തതാണോ എന്നും വിൽപനയ്ക്കു ശേഷമുള്ള മികച്ച സേവനങ്ങൾ ലഭിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തണം.
മറ്റു പല കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉദാഹരണത്തിന് വി-ഗാർഡിന്റെ ഉൽപ്പന്നങ്ങൾ 5,000 അല്ലെങ്കിൽ 10,000 രൂപയുടേതാണ്. എന്നാൽ ഫ്ലാറ്റുകളുടെ കാര്യം അങ്ങനെയല്ല, ഒന്നരക്കോടിയോ രണ്ടു കോടിയോ രണ്ടരക്കോടിയോ ഒക്കെ വരുന്നതാണ്.
അത് വാങ്ങുന്നവരുടെ ജീവിതകാലത്തെ വലിയൊരു നേട്ടവും പ്രതീക്ഷയുമാണ്; ജീവിതാവസാനം വരെ താമസിക്കാനുള്ളതുമാണ്. അതിൽ വലിയൊരു വൈകാരിക ബന്ധമുണ്ട്.
അതുകൊണ്ടുതന്നെ മറ്റേതൊരു മേഖലയേക്കാളും ഏറ്റവും കൂടുതൽ ഉത്തരവാദിത്തം ആവശ്യമുള്ള രംഗമാണിത്. ചോദ്യം: സമൂഹം എപ്പോഴും വിജയിച്ചവരെ മാത്രമാണ് മാതൃകയാക്കാറുള്ളത്.
എന്നാൽ പുതുതായി സംരംഭങ്ങളിലേക്ക് വരുന്നവർക്ക് റിസ്ക് എടുക്കാൻ ധൈര്യമില്ലെന്നോ അച്ചടക്കമോ സാമർത്ഥ്യമോ ഇല്ലെന്നോ ഒക്കെ പലപ്പോഴും പറയാറുണ്ട്. അങ്ങനെ പരാജയപ്പെട്ടു നിൽക്കുന്നവരോട്, ഒട്ടേറെ ജീവിതങ്ങൾ കണ്ട
ആളെന്ന നിലയിൽ എന്താണ് പറയാനുള്ളത്? മറുപടി: ഒരാൾ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് എന്തെങ്കിലും തക്കതായ കാരണമുണ്ടാകും. പടിപടിയായിട്ട് വളരണം എന്ന് ചിട്ടയായിട്ട് ചിന്തിച്ച് മുന്നോട്ട് പോവുകയാണെങ്കിൽ വിജയസാധ്യത ഉണ്ടെന്ന് എനിക്ക് തെളിയിക്കാൻ പറ്റി.
കോളജിൽ പഠിക്കുമ്പോൾ ഞാൻ വലിയ റാങ്ക് ഹോൾഡർ ഒന്നും ആയിരുന്നില്ല. മറ്റുള്ളവരുടെ പരാജയത്തിന് കാരണം, നേരത്തെ പറഞ്ഞതുപോലെ, റിസ്ക് എടുക്കാനുള്ള മടി, പരാജയഭീതി, ഗുണനിലവാരത്തിൽ ശ്രദ്ധിക്കാതിരിക്കൽ, അല്ലെങ്കിൽ കൃത്യനിഷ്ഠയില്ലായ്മ തുടങ്ങിയവയിൽ ഏതെങ്കിലും ആയിരിക്കും.
ഞാൻ ഭാഗ്യത്തിലും വിശ്വസിക്കുന്നില്ല, ഭാഗ്യക്കേടിലും വിശ്വസിക്കുന്നില്ല. ചോദ്യം: കേരളത്തിലെ നിലവിലെ ബിസിനസ് അന്തരീക്ഷത്തെയും സാഹചര്യങ്ങളെയും എങ്ങനെയാണ് കാണുന്നത്? കേരളത്തിൽ പുതിയൊരു സർക്കാർ അധികാരത്തിൽ വന്നു.
മറുപടി: വി-ഗാർഡ് വളർന്നു വന്നത് കേരളത്തിൽ നിന്നു തന്നെയാണ്. ഇവിടെ പലവിധ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടായേക്കാം.
എന്നാൽ നമ്മൾ നമ്മുടെ ബുദ്ധി ഉപയോഗിച്ച് അത് തരണം ചെയ്യുന്നു. ഇവിടെനിന്ന് മാറി മറ്റ് സംസ്ഥാനങ്ങളിൽ പോയാലും അവിടെയും പ്രശ്നങ്ങൾ ഉണ്ടാകും.
അതിനാൽ എല്ലാ സാഹചര്യങ്ങളും അനുകൂലമാകാൻ കാത്തുനിന്ന് ബിസിനസ് ചെയ്യാൻ സാധിക്കില്ല. ഒട്ടേറെ ആളുകൾ കേരളത്തിൽത്തന്നെ വിജയം വരിച്ചിട്ടുണ്ട്.
ഞങ്ങളൊക്കെ ബിസിനസ് തുടങ്ങുന്ന കാലത്ത് ഇന്ത്യ താരതമ്യേന ഒരു പാവപ്പെട്ട രാജ്യമായിരുന്നു.
എന്നാൽ ഇന്ന് ആ കാഴ്ചപ്പാട് മാറി ഇന്ത്യ ലോകത്തിലെ ഏറ്റവും മുൻനിരയിലുള്ള നാലോ അഞ്ചോ സാമ്പത്തിക ശക്തികളിലൊന്നായി മാറി. അത്തരമൊരു മികച്ച കാലഘട്ടത്തിലാണ് ഇന്നത്തെ ചെറുപ്പക്കാർ പ്രവർത്തിക്കുന്നത്.
സർക്കാരുകൾ മാറിയാലും ഇല്ലെങ്കിലും കേരളവും ഇന്ത്യയും വളരും എന്നാണ് എന്റെ വിശ്വാസം. ഏതൊരു രാജ്യത്തിനും സംസ്ഥാനത്തിനും ഒരു ഗ്രാഫ് ഉണ്ടാകുമല്ലോ.
ആ ഗ്രാഫ് മുന്നോട്ടാണ് കുതിക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്. ആരേയും പുകഴ്ത്തിപ്പറയുകയല്ല.
ചോദ്യം: ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണല്ലോ. ബിസിനസിലും റിയൽ എസ്റ്റേറ്റ് മേഖലയിലുമൊക്കെ എഐ കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെയായിരിക്കും? മറുപടി: തീർച്ചയായും വലിയ മാറ്റങ്ങളുണ്ടാകും.
പണ്ടുകാലം തൊടേ മനുഷ്യന്റെ തലച്ചോറു കൊണ്ട് ചിന്തിച്ചുകൂട്ടിയിട്ടാണ് പല കാര്യങ്ങളും നമ്മൾ കണ്ടെത്തിയിരുന്നതും പുതിയ തലങ്ങളിലേക്ക് എത്തിയിരുന്നതും. എന്നാൽ ഇന്ന് നമ്മളെ സഹായിക്കാൻ നിർമിതബുദ്ധി അല്ലെങ്കിൽ എഐ എന്ന രൂപത്തിൽ വേറൊരു കൂട്ടുകാരൻ കൂടി കൂടെയുണ്ട്.
പക്ഷേ എഐയെ നമ്മളെ സഹായിക്കുന്ന ഒരു സപ്പോർട്ടിങ് സ്റ്റാഫായോ സീനിയർ മാനേജറായോ മാത്രമേ കാണാൻ സാധിക്കൂ. മനുഷ്യന്റെ മസ്തിഷ്കത്തിന് തുല്യമായ കഴിവ് എഐക്ക് ലഭിക്കില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
എന്നാൽപോലും നമ്മുടെ പല ജോലികളും എഐയെക്കൊണ്ട് ചെയ്യിക്കാൻ സാധിക്കും. ചോദ്യം: കുടുംബത്തിൽ വി സ്റ്റാർ എന്നൊരു സ്ഥാപനം കൂടിയുണ്ടല്ലോ.
ഭാര്യ ഷീലയും ബിസിനസിൽ സജീവമാണ്. അവരുടെ ബിസിനസ് കാര്യങ്ങളിൽ താങ്കളുടെ ഇടപെടൽ എത്രത്തോളമുണ്ട്? മറുപടി: ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും വ്യത്യസ്ത മേഖലകളിലാണ് പ്രവർത്തിക്കുന്നത്.
അരുണും മിഥുനും വി-ഗാർഡ്, വണ്ടർലാ എന്നിവ നോക്കുന്നു; ഞാൻ റിയൽ എസ്റ്റേറ്റ് മേഖലയും, ഷീല വി സ്റ്റാറും നോക്കുന്നു. ഞങ്ങൾ പരസ്പരം അഭിപ്രായങ്ങൾ പറയാറുണ്ടെന്നല്ലാതെ, സ്വന്തം ബിസിനസുകളിൽ എല്ലാവർക്കും പൂർണ സ്വാതന്ത്ര്യമുണ്ട്.
വി സ്റ്റാറിനും ഭാവിയിൽ വളരാൻ വലിയ സാധ്യതകളുണ്ട്. എന്നാൽ അതിന്റെ വിശദാംശങ്ങളെക്കുറിച്ച് എനിക്ക് വലിയ അറിവില്ല.
ഫാഷനെക്കുറിച്ചോ തുണിത്തരങ്ങളെക്കുറിച്ചോ എനിക്ക് വലിയ വിവരമില്ലാത്തതാണ് കാരണം. ഞാൻ മുൻപ് പറഞ്ഞതുപോലെ, എനിക്ക് ഒരേസമയം ഒരു കാര്യത്തിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കൂ.
അതുതന്നെയാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതും. ചോദ്യം: 49 വർഷത്തെ ഈ ദീർഘമായ യാത്രാനുഭവത്തിൽ താങ്കൾ നേരിട്ട
ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു? കൂടാതെ ഇത്രയും കാലത്തെ അനുഭവസമ്പത്തിലൂടെ ജീവിതത്തിൽ പഠിച്ച ഏറ്റവും വലിയ പാഠം എന്താണ്? മറുപടി: ഏറ്റവും വലിയ വെല്ലുവിളി ഏതാണെന്ന് ചോദിച്ചാൽ പ്രത്യേകിച്ച് ഒന്നായി എടുത്തുപറയാൻ തോന്നുന്നില്ല. കാരണം, വ്യത്യസ്തങ്ങളായ ഒട്ടേറെ വെല്ലുവിളികൾ ഉണ്ടാകാറുണ്ട്; അതിൽ ഏതാണ് ഏറ്റവും തീവ്രമായത് എന്ന് പറയുക പ്രയാസമാണ്.
ഏതൊരു വ്യക്തിയുടെ ജീവിതത്തിലും പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ, നമ്മൾ അതിനെയൊരു വലിയ വിഷയമായിക്കണ്ട് ഭയക്കുമ്പോഴാണ് അത് വലിയൊരു വെല്ലുവിളിയായി അനുഭവപ്പെടുന്നത്.
ഏത് വെല്ലുവിളിയെയും നേരിടാനുള്ള ധൈർ്യം അല്ലെങ്കിൽ ചങ്കൂറ്റം ഏതൊരു സംരംഭകനും അത്യാവശ്യമാണ്. വെല്ലുവിളികൾ കണ്ടു പേടിച്ചോടുന്ന ആളുകൾ ബിസിനസിൽ വിജയിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
ചോദ്യം: വീഗാലാൻഡ് ഡെവലപ്പേഴ്സ് ഐപിഒയിലേക്ക് കടക്കുമ്പോൾ ഇതിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ജനങ്ങളോടും മറ്റും എന്താണ് പറയാനുള്ളത്? മറുപടി: ഞാൻ മുൻപ് സൂചിപ്പിച്ചതുപോലെ, ഏതൊരു സ്ഥാപനത്തിന്റെയും മുൻകാല ചരിത്രം കൃത്യമായി പഠിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിൽ നിക്ഷേപിക്കണമെന്നോ വേണ്ടെന്നോ ഞാൻ പറയുകയില്ല; നിയമങ്ങൾ അനുസരിച്ച് അങ്ങനെ പറയാൻ എനിക്ക് അവകാശവുമില്ല.
വീഗാലാൻഡ് ആകട്ടെ മറ്റേതൊരു കമ്പനിയുടെ ഐപിഒ ആകട്ടെ, അവരുടെ ഇതുവരെയുള്ള വളർച്ചയും മുന്നോട്ടുപോക്കും പഠിച്ച ശേഷമേ ആളുകൾ പണം നിക്ഷേപിക്കാവൂ. അല്ലാതെ ഞാൻ പറയുന്ന വാക്കുകകൾ മാത്രം കേട്ട് ആരും നിക്ഷേപം നടത്തരുത് എന്ന് അഭിപ്രായമുള്ളയാളാണ് ഞാൻ.
കാരണം, ഒരാളുടെ യഥാർഥ മാർക്ക് ലിസ്റ്റ് എന്നത് അവരുടെ ഭൂതകാല പ്രവർത്തനങ്ങളാണ്. ഭാവി നമുക്ക് സംസാരത്തിലേ പറയാൻ പറ്റൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

