ദൂരയാത്രക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നവർക്കും ആശ്വാസമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്ലീപ്പിങ് പോഡ്സ് ആൻഡ് ബജറ്റ് ഹോട്ടൽ യാഥാർത്ഥ്യമായി. കുറഞ്ഞ ചെലവിൽ സുരക്ഷിതമായി വിശ്രമിക്കാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് വിശ്രമിക്കാനും രാത്രികാലങ്ങളിൽ കഴിയാനും ഉതകുന്ന രീതിയിൽ പ്രീമിയം സ്ലീപ്പിങ് പോഡുകളും സ്ലീപ്പിങ് കാപ്സ്യൂളുകളുമാണ് ഒന്നാം പ്ലാറ്റ്ഫോമിനു സമീപത്തെ കൊമേഴ്സ് ഓഫിസിനു മുകളിലെ നിലയിൽ സജ്ജീകരിച്ചിട്ടുള്ളത്. തികച്ചും സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മലപ്പുറത്തെ സ്വകാര്യസ്ഥാപനത്തിനാണ് 5 വർഷത്തെ നടത്തിപ്പിനായി കരാർ നൽകിയിരിക്കുന്നത്. ഇതിന്റെ പ്രവർത്തനം തുടങ്ങി ഒരു മാസം പിന്നിട്ടു.
ഇതിനു പുറമേ കാസർകോട് റെയിൽവേ സ്റ്റേഷനിൽ മണിക്കൂറിന് 30 രൂപ നിരക്കിലുള്ള ശീതീകരിച്ച വിശ്രമ സൗകര്യവും 2 റീട്ടെയറിങ് മുറികളും വേറെയുമുണ്ട്. വിവിധ സൗകര്യങ്ങളും നിരക്കുകളും ഈ സ്ലീപ്പിങ് പോഡ്സ് ആൻഡ് ബജറ്റ് ഹോട്ടലിൽ ഒരേ സമയം 28 പേർക്ക് ഉപയോഗപ്പെടുത്താവുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
2 പേർക്ക് കിടക്കാൻ സൗകര്യമുള്ള 2 പോഡുകളും 10 പേർക്കുള്ള സിംഗിൾ പോഡുകളും 16 പേർക്ക് തനിച്ച് കിടക്കാൻ സൗകര്യമുള്ള 16 കാപ്സ്യൂളുകളുമാണുള്ളത്. പ്രീമിയം സ്ലീപ്പിങ് പോഡിന് 3 മണിക്കൂറിന് 300 രൂപയും 6 മണിക്കൂറിന് 500 രൂപയും 12 മണിക്കൂറിന് 700 രൂപയും 24 മണിക്കൂറിന് 1000 രൂപയുമാണ് നിലവിലുള്ള നിരക്ക്.
സ്ലീപ്പിങ് കാപ്സ്യൂളിന് 3 മണിക്കൂറിന് 250 രൂപയും 6 മണിക്കൂറിന് 350 രൂപയും 12 മണിക്കൂറിന് 500 രൂപയും 24 മണിക്കൂറിന് 700 രൂപയുമാണ് വാടകയായി നൽകേണ്ടത്. രാത്രി 10 മുതൽ രാവിലെ 6 വരെ പ്രത്യേക പാക്കേജായി സ്ലീപ്പിങ് പോഡിനു 600 രൂപയും സ്ലീപ്പിങ് കാപ്സ്യൂളിനു 350 രൂപയുമാണ് ഈടാക്കുന്നത്.
ഇതിനു പുറമേ പ്രീമിയം ബ്ലാങ്കറ്റിന് 80 രൂപയും എക്സ്ട്രാ ബ്ലാങ്കറ്റിന് 50 രൂപയും ലോക്കറിനു 30 രൂപയും ടവൽ, ടോയ്ലറ്ററി കിറ്റിന് 50 രൂപയുമാണ് അധികമായി നൽകേണ്ടത്. പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ഡ്രസിങ് മുറികളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
പുരുഷന്മാർക്ക് 7 ശുചിമുറികളും സ്ത്രീകൾക്കു 2 ശുചിമുറികളുമാണുള്ളത്. ചൂടുവെള്ളം, വൈഫൈ, സിസിടിവി തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
താമസിക്കുന്നവർ തിരിച്ചറിയൽ രേഖയായി ആധാർ കാർഡാണ് കരുതേണ്ടത്. കൂടാതെ, മുൻകൂറായി ഫോണിൽ ബന്ധപ്പെട്ട് താമസസൗകര്യം ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

