അപൂർവ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കൗതുകക്കാഴ്ചയായി മാറുകയാണ് അകേരി ഗണേശൻ എന്ന കൊമ്പനും കുക്കു എന്ന നായയും. ആനയെ എഴുന്നള്ളിപ്പുകൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കായി കൊണ്ടുപോകുന്ന എല്ലാ സ്ഥലങ്ങളിലും നിഴൽ പോലെ ഒപ്പമുണ്ട് കുക്കു.
കഴിഞ്ഞ ദിവസം ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ പെരുന്നാളിന് ഗണേശനെ കൊണ്ടുവന്നവേളയിൽ, ആനയോട് തൊട്ടുരുമ്മിയും തുമ്പിക്കൈ നീട്ടി വാത്സല്യം പ്രകടിപ്പിച്ചും ഈ നായ നിന്നത് കൂടിനിന്നവർക്കിടയിൽ കൗതുകമായി മാറി. തുടർന്ന് പാപ്പാനോട് നടത്തിയ അന്വേഷണത്തിലാണ് ഈ അപൂർവ സൗഹൃദത്തിന്റെ കഥ പുറത്തുവന്നത്.
അഞ്ച് മാസം മുൻപ് കോട്ടയത്താണ് ആനയും നായയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയെന്ന് ആനയുടമ കോഴിക്കോട് സ്വദേശി രഞ്ജിത് ഓർക്കുന്നു. ആനയെ കണ്ടപ്പോൾ ആദ്യം അകലെ മാറി പതുങ്ങിനിന്ന നായ പിന്നീട് പതിയെ അടുത്തേക്ക് ചെല്ലുകയായിരുന്നു.
തുടക്കത്തിൽ അൽപ്പം മടിച്ചുനിന്ന കൊമ്പൻ, പിന്നീട് തന്റെ തുമ്പിക്കൈ കൊണ്ട് കുക്കുവിനെ തലോടുകയാണുണ്ടായത്. അന്നുമുതൽ ഈ നായ ഗണേശന്റെ സ്വന്തം കൂട്ടുകാരനായി മാറി.
നിലവിൽ ആനയെ ലോറിയിൽ കൊണ്ടുപോകുമ്പോഴും കുളിപ്പിക്കാനായി പുഴയിലിറക്കുമ്പോഴും കുക്കു ഒപ്പതന്നെയുണ്ടാകും. ആനയെ യാത്രയാക്കുന്ന എല്ലാ വേദികളിലേക്കും കുക്കുവിനെയും ഒപ്പം കൂട്ടാനാണ് പാപ്പാന്മാരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

