തമിഴ് സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘മണ്ടാടി’ ഇന്നു മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നു. സൂരി നായകനാകുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരം മഹിമ നമ്പ്യാർ ആണ് നായികയായെത്തുന്നത്.
മതിമാരൻ പുകഴേന്തിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കടലോര പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ആക്ഷൻ ഡ്രമായാണ് ഈ ചിത്രം തിയറ്ററുകളിലെത്തുന്നത്.
നൂറു കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. സെയിലിംഗ് ബോട്ട് മത്സരത്തിലെ മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് ‘മണ്ടാടി’ എന്നത്.
സൂരിയെ തികച്ചും മാസ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഐമാക്സ് (IMAX) റിലീസും ഈ ചിത്രത്തിനുണ്ട്.
ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക് നടൻ സുഹാസ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നു.
ചിത്രത്തിന്റെ തമിഴ്നാട് വിതരണാവകാശം റെഡ് ജയന്റ് മൂവീസ് സ്വന്തമാക്കിയപ്പോൾ, കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ് ഏറ്റെടുത്തിരിക്കുന്നത്. സൂരിക്ക് പുറമെ പ്രശസ്ത നടൻ സത്യരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കൂടാതെ മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം തുടങ്ങിയവരും നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. ദേശീയ പുരസ്കാര ജേതാവ് ജി വി പ്രകാശ് സംഗീതവും, എസ് ആർ കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

