നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പുല്ലൂരാംപാറ റോഡിലെ ചരിത്രപ്രസിദ്ധമായ ഇരുമ്പകം പാലം പൊളിച്ചു മാറ്റുന്നു. ആനക്കാംപൊയിൽ – മറിപ്പുഴ റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായാണ് പഴയ പാലം പുതിയ രീതിയിൽ പുനർനിർമിക്കുന്നത്.
ഇതിന്റെ മുന്നോടിയായി അടുത്തയാഴ്ച ഇരുമ്പകം പാലം പൊളിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശവാസികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് പാലം പൊളിക്കുന്നതിന് മുൻപ് മറുകര കടക്കുന്നതിനായി താത്കാലിക നടപ്പാലം നിർമിക്കും.
നാല് പില്ലറുകളിലായി നിർമിക്കുന്ന പുതിയ പാലത്തിന് 42 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉണ്ടായിരിക്കും. നിലവിലുള്ള പാലത്തിൽ നിന്നും ഒന്നര മീറ്റർ ഉയരത്തിലായിരിക്കും പുതിയ പാലത്തിന്റെ നിർമാണം.
കുടിയേറ്റ കാലഘട്ടത്തിലെ കൂട്ടായ്മയുടെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായിരുന്നു ഈ പാലം. 1965ൽ പുല്ലൂരാംപാറ ഇടവക വികാരി ഫാ.അഗസ്റ്റിൻ കീലത്തിന്റെ നേതൃത്വത്തിലാണ് നാട്ടുകാരുടെ അധ്വാനശേഷി ഉപയോഗപ്പെടുത്തി കാളിയാമ്പുഴ, ഇരുമ്പകം പാലങ്ങൾ നിർമിച്ചത്.
മഴക്കാലത്ത് ചപ്പാത്ത് മുങ്ങി യാത്രാസൗകര്യം തടസ്സപ്പെടുന്ന സ്ഥിതി ഒഴിവാക്കാനാണ് നാട്ടുകാർ സ്വന്തം നിലയിൽ പാലം നിർമിക്കാൻ തീരുമാനിച്ചത്. സർക്കാർ സഹായമൊന്നുമില്ലാതെ വിശ്വാസികൾ ഒന്നടക്കം ശ്രമദാനമായാണ് ഈ നിർമാണ പ്രവൃത്തി പൂർത്തിയാക്കിയത്.
പുല്ലൂരാംപാറ പള്ളിയിൽ ഒത്തുകൂടിയ ജനം ജാഥയായി എത്തിയാണ് പാലം നിർമാണത്തിനായി കരിങ്കല്ലു ചുമന്നത്. അന്നത്തെ കോഴിക്കോട് കലക്ടർ എം.കാളീശ്വരൻ നേരിട്ടെത്തി നാട്ടുകാരുടെ ആവേശം കണ്ട് കല്ലു ചുമക്കാൻ ഒപ്പം കൂടിയത് ചരിത്രത്തിന്റെ ഭാഗമായി.
1969 ഫെബ്രുവരിയിൽ ഇരുമ്പകം പാലത്തിലൂടെ വാഹനഗതാഗതം ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനങ്ങൾ ഇല്ലാതിരുന്നെങ്കിലും തിരുവമ്പാടി മുതൽ പുല്ലൂരാംപാറ വരെ സുഗമമായി യാത്ര ചെയ്യാൻ സാധിച്ചത് കുടിയേറ്റ ജനതയുടെ വലിയൊരു വിജയഗാഥയായിരുന്നു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന തിരുവമ്പാടി–പുല്ലൂരാംപാറ –മറിപ്പുഴ റോഡ് നിർമാണത്തിന്റെ ഭാഗമായാണ് ഇരുമ്പകം പാലം പുതുക്കിപ്പണിയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ പാലം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്.
തിരുവമ്പാടി ഭാഗത്തുനിന്ന് പുല്ലൂരാംപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവമ്പാടി– വഴിക്കടവ്– പുന്നക്കൽ– പൊന്നാങ്കയം വഴിയും തിരിച്ചും യാത്ര ചെയ്യണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് കോഴിക്കോട്–വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

