തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഭാഗത്തുനിന്നുള്ള നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണ് ഇത്തരം അന്വേഷണങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നത്. നിലവിലെ ഭരണകക്ഷി നേതാക്കൾ ഉൾപ്പെടെയുള്ള പലരും സിഎംആർഎല്ലിന് പണം നൽകിയവരുടെ പട്ടികയിലുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണമാറ്റമുണ്ടായാൽ രാഷ്ട്രീയ പകപോക്കലിന് യുഡിഎഫ് തയ്യാറാകുമെന്നതിന്റെ തെളിവാണ് ഇഡിയുടെ ഇപ്പോഴത്തെ ഇടപെടലുകൾ. ഇത്തരം കാരണങ്ങൾ കൊണ്ടാണ് സർക്കാർ തലത്തിൽ തന്നെ അന്വേഷണം നടത്തണമെന്ന് ഇഡി ഇപ്പോൾ ആവശ്യപ്പെടുന്നത്.
ഇഡി നേരിട്ട് കോടതിയെ സമീപിച്ചാൽ അത് തള്ളിക്കളയുമെന്നതിനാൽ സർക്കാരിനെ സമീപിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്ന് സർക്കാരിന് നഷ്ടമുണ്ടാക്കുന്നതോ തനിക്ക് ലാഭമുണ്ടാക്കുന്നതോ ആയ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല.
ഇത് സംബന്ധിച്ച് ഒരു തെളിവും ഇതുവരെയും യാതൊരു കോടതിയിലും ഹാജരാക്കാൻ സാധിച്ചിട്ടുമില്ല. വിജിലൻസ് തള്ളിക്കളഞ്ഞ ഒരു കേസ് ഇപ്പോൾ വളഞ്ഞ വഴിയിലൂടെ കൊണ്ടുപാകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ യഥാർത്ഥ ഉത്തരവാദികളെ മാപ്പുസാക്ഷികളാക്കി മാറ്റുകയും, പാർട്ടി നേതാക്കളെ പ്രതികളാക്കി ചിത്രീകരിക്കുകയും ചെയ്ത ചരിത്രമാണ് ഇഡിയുടേത്. സർക്കാർ തലത്തിൽ സിഎംആർഎല്ലിന് യാതൊരുവിധ അനുകൂല്യങ്ങളും അനുവദിച്ചു നൽകിയിട്ടില്ല.
യാതൊരുവിധ തെളിവുകളുമില്ലാതെ തികച്ചും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇഡി മുന്നോട്ട് പോകുന്നത്. ആദ്യം ലക്ഷ്യം മുൻകൂട്ടി നിശ്ചയിക്കുക, പിന്നീട് അതിനായി കേസ് കെട്ടിച്ചമയ്ക്കുക എന്നതാണ് ഇവരുടെ രീതി.
മുഖ്യമന്ത്രി പിണറായി വിജയനെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും ലക്ഷ്യം വെച്ചാണ് ഈ നീക്കങ്ങളെല്ലാം. കേന്ദ്ര ഏജൻസികളുടെ ഇത്തരം ദുരുപയോഗങ്ങളെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾക്ക് വ്യക്തമായ ധാരണയുണ്ട്.
അരവിന്ദ് കേജരിവാളിനെ യാതൊരുവിധ തെളിവുകളും ഇല്ലാതെയാണ് ജയിലിലടച്ചത്. കേന്ദ്രത്തിൽ കോൺഗ്രസ് സ്വീകരിച്ചത് ഇത്തരം നടപടികളെ ചെറുക്കുമെന്ന നിലപാടാണ്.
എന്നാൽ കേരളത്തിൽ ഇവർ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് നമുക്ക് കാണാം. രാഷ്ട്രീയമായി ലക്ഷ്യമിട്ടുള്ള ബോധപൂർവ്വമായ ഇടപെടലാണിത്.
ഡയറിയിൽ പേരുള്ള മന്ത്രിയുടെ വകുപ്പിലേക്ക് തന്നെ ഇപ്പോൾ കത്ത് വന്നിരിക്കുന്നു എന്നത് വലിയൊരു വിരോധാഭാസമാണ്. മുൻകാലങ്ങളിൽ രമേശ് ചെന്നിത്തല, പി.കെ.
കുഞ്ഞാലിക്കുട്ടി, ഉമ്മൻ ചാണ്ടി എന്നിവരുടെ പേരുകളും സിഎംആർഎൽ ഡയറിയിൽ ഉണ്ടായിരുന്നതാണ്. അതേ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെ പോലീസിനാണ് ഇപ്പോൾ ഇഡി കത്ത് നൽകിയിരിക്കുന്നത് എന്നത് കൗതുകകരമാണ്.
കേന്ദ്ര കമ്മറ്റി റിപ്പോർട്ടും ജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും ക്രോഡീകരിച്ചാണ് പുതിയ മാർഗ്ഗരേഖ തയ്യാറാക്കിയത്. ഈ മാർഗ്ഗരേഖ സംസ്ഥാന കമ്മിറ്റി ഒരേകകണ്ഠമായി അംഗീകരിച്ചിട്ടുള്ളതാണ്.
നിലവിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) റിപ്പോർട്ട് നിലനിൽക്കില്ല. അതുകൊണ്ടാണ് പുതിയൊരു കേസിനായി ഇവർ ശ്രമിക്കുന്നത്.
കേസ് എടുത്താൽ അത് വ്യക്തമായ യുഡിഎഫ്-ബിജെപി ഡീൽ തന്നെയാണെന്ന് വ്യക്തമാകും. ഇതിന്റെ പേരിൽ കേസ് എടുക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.
തിരുവനന്തപുരത്തെ ഫോൺ ചോർത്തൽ വിഷയവുമായി ബന്ധപ്പെട്ട് വിപുലീകൃത സംസ്ഥാന സമിതിക്ക് യാതൊരു ബന്ധവുമില്ലെന്നും, ഇക്കാര്യം തങ്ങൾ അറിഞ്ഞിട്ടില്ലെന്നും ഔദ്യോഗിക പരാതി ലഭിച്ചാൽ കൃത്യമായി പരിശോധിക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

