ഓരോ വർഷവും സെപ്റ്റംബർ 8-ന് ലോകമെമ്പാടും ലോക ഫിസിയോതെറാപ്പി ദിനമായി ആചരിക്കുന്നു. മനുഷ്യന്റെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്തുന്നതിൽ ഫിസിയോതെറാപ്പിസ്റ്റുകൾ വഹിക്കുന്ന നിർണായക പങ്കും ഈ ചികിത്സാശാഖയുടെ പ്രാധാന്യവും സമൂഹത്തിന് ബോധ്യപ്പെടുത്തുന്നതിനുള്ള സുപ്രധാന ദിനമാണിത്.
2026 ലെ Cardiovascular Disease and Stroke എന്ന പ്രമേയത്തിന് ഏറെ പ്രസക്തിയുണ്ട്. ഇന്നത്തെ കാലത്ത് ഹൃദയാഘാതം, ഹൃദയ സംബന്ധമായ മറ്റ് രോഗങ്ങൾ, പക്ഷാഘാതം എന്നിവ ലോകവ്യാപകമായി വലിയൊരു ആരോഗ്യ ഭീഷണിയായി മാറിവരികയാണ്.
ഹൃദയസംബന്ധമായ രോഗങ്ങൾ ബാധിച്ചതിനു ശേഷമുള്ള ചികിത്സകളിൽ മരുന്നുകൾക്കും ശസ്ത്രക്രിയകൾക്കുമൊപ്പം ശാസ്ത്രീയമായ വ്യായാമങ്ങൾക്കും പുനരധിവാസത്തിനും വലിയ പങ്കുണ്ട്. കാർഡിയാക് റീഹാബിലിറ്റേഷന്റെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റുകൾ രോഗിയുടെ ശാരീരിക ശേഷി കൃത്യമായി വിലയിരുത്തുകയും സുരക്ഷിതമായ വ്യായാമങ്ങൾ നിർദേശിക്കുകയും ക്രമേണ പ്രവർത്തനശേഷി വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളും വ്യായാമങ്ങളും ഹൃദയത്തിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും അമിതവണ്ണം കുറയ്ക്കാനും പ്രമേഹം വരുതിയിലാക്കാനും ശാരീരിക ക്ഷമത വർധിപ്പിക്കാനും ഭാവിയിലുള്ള ഹൃദയസംബന്ധമായ അപകടസാധ്യതകൾ കുറയ്ക്കാനും സഹായിക്കും. അതുകൊണ്ടുതന്നെ “Exercise is Medicine” എന്ന ആശയം ഹൃദയാരോഗ്യ സംരക്ഷണത്തിൽ അതീവ പ്രധാന്യമർഹിക്കുന്നു.
പക്ഷാഘാതം ഒരു വ്യക്തിയുടെ ചലനശേഷിയെയും ശരീരത്തിന്റെ ബാലൻസിനെയും നടക്കാനുള്ള കഴിവിനെയും ദൈനംദിന കാര്യങ്ങളെയും ഗുരുതരമായി ബാധിച്ചേക്കാം. ഇത്തരം സന്ദർഭങ്ങളിൽ ഫിസിയോതെറാപ്പിയുടെ ഇടപെടൽ വളരെ വലുതാണ്.
സ്ട്രോക്ക് റീഹാബിലിറ്റേഷനിലൂടെ ചലനശേഷി തിരികെ പിടിക്കാനും ശരീരസമതുലിതാവസ്ഥ മെച്ചപ്പെടുത്താനും നടത്തം പരിശീലിക്കാനും പേശികളുടെ ശക്തി വർധിപ്പിക്കാനും ദൈനംദിന പ്രവർത്തനങ്ങളിൽ സ്വയംപര്യാപ്തത നേടാനും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് മടങ്ങിവരാനും സാധിക്കും. സ്ട്രോക്കിന്റെ കാര്യത്തിൽ “The earlier, the better” എന്നതാണ് പ്രധാന തത്വം.
രോഗിയുടെ ആരോഗ്യസ്ഥിതി അനുവദിക്കുന്ന മുറയ്ക്ക് വിദഗ്ധരുടെ മേൽനോട്ടത്തിലുള്ള പുനരധിവാസം ആരംഭിക്കുന്നത് മികച്ച രീതിയിൽ രോഗമുക്തി നേടാൻ സഹായകരമാകും. ഇന്ന് ഫിസിയോതെറാപ്പി കേവലം ഒരു ചികിത്സാരീതിയിൽ മാത്രം ഒതുങ്ങുന്നില്ല.
രോഗപ്രതിരോധം, ചികിത്സ, പുനരധിവാസം എന്നീ മൂന്ന് തലങ്ങളിലും ഇതിന്റെ പ്രാധാന്യം സമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷണൽസ് മേഖലയിൽ വലിയൊരു മുന്നേറ്റമാണ് നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷണൽസ് (NCAHP) നിയമപരമായ സംവിധാനത്തിലൂടെയും അനുബന്ധ ദേശീയ നിയന്ത്രണ-അംഗീകാര സംവിധാനങ്ങളിലൂടെയും ഉണ്ടായത്.
ഫിസിയോതെറാപ്പിസ്റ്റുകളുടെ പ്രൊഫഷണൽ ഐഡന്റിറ്റി, വിദ്യാഭ്യാസം, പ്രവർത്തന നിലവാരം എന്നിവയ്ക്ക് കൂടുതൽ വ്യക്തതയും അംഗീകാരവും ലഭിക്കുന്നതോടെ ഇതൊരു സ്വതന്ത്ര ആരോഗ്യശാസ്ത്രശാഖ എന്ന നിലയിൽ കൂടുതൽ ശക്തിപ്രാപിക്കുകയാണ്. അതോടൊപ്പം, ഫിസിയോതെറാപ്പിസ്റ്റുകൾ “Dr.” എന്ന പ്രൊഫഷണൽ പ്രിഫിക്സ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട
അംഗീകാരങ്ങളും നിർദേശങ്ങളും ഈ മേഖലയ്ക്ക് പുതിയൊരു ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഇത് രോഗികളുടെ മനസ്സിൽ ഫിസിയോതെറാപ്പിസ്റ്റുകളോടുള്ള വിശ്വാസവും പ്രൊഫഷണൽ ഐഡന്റിറ്റിയും കൂടുതൽ അരക്കിട്ടുറപ്പിക്കാൻ സഹായിക്കുന്നു.
ഈ അംഗീകാരങ്ങൾക്കൊപ്പം നമ്മുടെ ഉത്തരവാദിത്വങ്ങളും വർധിക്കുകയാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ശാസ്ത്രീയമായ ക്ലിനിക്കൽ പ്രാക്ടീസ്, ധാർമ്മികമൂല്യങ്ങൾ പാലിച്ചുള്ള പ്രവർത്തനം, തുടർച്ചയായ പ്രൊഫഷണൽ വളർച്ച, രോഗിയുടെ സുരക്ഷ എന്നിവയാണ് ഒരു പ്രൊഫഷന്റെ യഥാർത്ഥ ശക്തി.
ലേഖനം തയ്യാറാക്കിയത്: ഡോ. വിനോദ് രാജ്, ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

