ആറു വരിയായി നവീകരിക്കുന്ന കൊല്ലം ജില്ലയിലെ ദേശീയപാതയിൽ അപകടങ്ങൾ പതിയിരിക്കുന്നതായി റിപ്പോർട്ട്. അനധികൃത പാർക്കിങ്ങും നിർമാണത്തിലെ അപാകതകളുമാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്.
ഉമയനല്ലൂർ ജംക്ഷൻ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നവീകരിച്ച പാതകളിൽ യാത്രാക്ലേശവും സുരക്ഷാ വീഴ്ചകളും രൂക്ഷമാണ്. ഉമയനല്ലൂരിലെ ദുരിതം
ഉമയനല്ലൂർ ജംക്ഷനിലെ അടിപ്പാതയിൽ നിരന്തരം ഗതാഗതക്കുരുക്കും വാഹനങ്ങൾ തമ്മിൽ ഉരസുന്നതും പതിവാണ്.
ഇവിടെ അനുയോജ്യമായ സ്ഥലത്തല്ല അടിപ്പാത നിർമിച്ചത്. അടിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലേക്ക് കടക്കുന്നതിന് സർവീസ് റോഡിലെ ഒറ്റവരി ഗതാഗതം ലംഘിക്കേണ്ടിവരുന്നു.
മറുവശത്ത് ഉമയനല്ലൂർ ക്ഷേത്രം റോഡിലേക്കു കടക്കുന്നതിനും സമാനമായ അവസ്ഥയാണ് ഉള്ളത്. ഇരുവശങ്ങളിലെയും സർവീസ് റോഡുകളിൽ ഗതാഗതക്കുരുക്കിന് ഇതു കാരണമാകുന്നുണ്ടെന്ന് മാത്രമല്ല, അടിപ്പാതയ്ക്ക് മതിയായ വീതി ഇല്ലാത്തതും പ്രതിസന്ധിയാണ്.
അനധികൃത പാർക്കിങ് തീർക്കുന്ന അപകടങ്ങൾ
ഉമയനല്ലൂർ പട്ടരുമുക്കിൽ ഉയരപ്പാത ആരംഭിക്കുന്നിടത്തും മേവറം വാഴപ്പള്ളി ഭാഗത്തെയും റോഡുകളിൽ വാഹനങ്ങൾ കൊണ്ടുവരുന്ന കണ്ടെയ്നർ ലോറികൾ പകലും രാത്രിയും നിർത്തിയിടുന്നുണ്ട്. ഉയരപ്പാത വഴി രാത്രി ചീറിപ്പാഞ്ഞു വരുന്ന വാഹന ഡ്രൈവർമാർക്ക് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കണ്ണിൽപെടില്ല.
ഈ വാഹനങ്ങളിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു തിരിച്ച് അപകടത്തിൽപെട്ട ഒട്ടേറെ സംഭവങ്ങൾ വാഴപ്പള്ളി ജംക്ഷനിൽ ഉണ്ടായിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപ്, വാഴപ്പള്ളിയിൽ സർവീസ് റോഡും ഉയരപ്പാതയും രണ്ടായി തിരിയുന്ന ഭാഗത്ത് കൃത്യമായ ദിശാ ബോർഡ് സ്ഥാപിക്കാത്തതിനാൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞിരുന്നു. കൊട്ടിയം സിതാര ജംക്ഷനിൽ നിന്ന് വാഴപ്പള്ളി ഭാഗം വരെ വരുന്ന 3 കിലോമീറ്റർ ദൂരം കേവലം 3 മിനിറ്റ് കൊണ്ടാണ് വാഹനങ്ങൾ ഒാടിയെത്തുന്നത്.
സിതാര ജംക്ഷനിൽ ഉയരപ്പാത ആരംഭിക്കുന്ന ഭാഗത്ത് വലിയ വാഹനങ്ങൾ നിർത്തിയിടുന്നു. ബൈപാസ് റോഡിൽ പാലത്തറയ്ക്കും മേവറത്തിനും ഇടയിൽ ഉയരപ്പാത അവസാനിച്ച് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും ഉമയനല്ലൂർ കടമ്പാട്ട് ജംക്ഷന് സമീപത്തും വാഹനങ്ങൾ നിർത്തിയിടുന്നതും വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്.
നീണ്ടകരയിലെ ഇടുങ്ങിയ റോഡ്
നീണ്ടകര പാലത്തിനു സമീപം ദേശീയപാത ഇടുങ്ങിയതിനാൽ, ഇരുഭാഗത്തു നിന്ന് എത്തുന്ന വാഹനങ്ങൾക്ക് സുഗമമായി കടക്കാൻ കഴിയാറില്ല. റോഡിനു വളവും ഉണ്ട്.
ഇരുവശത്തും സർവീസ് റോഡ് ഭാഗികമായാണ് പൂർത്തിയായത്. ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ സർവീസ് റോഡ് പൂർത്തിയാക്കി അതുവഴി വിട്ടാൽ അപകടവും ഗതാഗതക്കുരുക്കും ഒഴിവാക്കാം.
എന്നാൽ കൊല്ലത്ത് നിന്നെത്തുന്ന വാഹനങ്ങൾ മറുവശത്തെ ദേശീയപാതയിലൂടെ മുന്നോട്ട് സഞ്ചരിച്ചു വേണം തെക്കുംഭാഗത്തെ റോഡിലേക്ക് കടക്കാൻ. ദേശീയപാത നിർമാണം പൂർത്തിയായതിനാൽ 100 കിലോമീറ്ററിലധികം വേഗത്തിലാണ് വാഹനങ്ങൾ കൊല്ലം ഭാഗത്തേക്ക് സഞ്ചരിക്കുന്നത്.
ഇതു വൻ അപകടത്തിനു സാധ്യതയൊരുക്കുന്നു. ഇടപ്പള്ളിക്കോട്ട, ചവറ ജംക്ഷൻ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ അപകട
ഭീഷണിയുണ്ട്. ഓച്ചിറയിൽ ട്രാഫിക് നിയന്ത്രണമില്ല
പ്രിമിയർ ജംക്ഷൻ അടിപ്പാത, കൊട്ട്നാട്ട് ജംക്ഷനിൽ ടെംപിൾ ബൈപാസ് റോഡിൽ നിന്നു ദേശീയപാതയിലേക്ക് കയറുന്ന ഭാഗം, ചങ്ങൻകുളങ്ങര ശാരദാ ദേവിക്ഷേത്രത്തിനു മുന്നിൽ, ചങ്ങൻകുളങ്ങര അടിപ്പാത, വവ്വാക്കാവ് ജംക്ഷൻ എന്നിവിടങ്ങളാണ് പ്രധാന അപകട
മേഖലകൾ. ഈ ഭാഗങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളും വേഗ നിയന്ത്രണങ്ങളും അത്യാവശ്യമാണ്.
കൊട്ട്നാട്ട് ജംക്ഷനിൽ നിന്നാണ് ബൈപാസ് റോഡിൽ നിന്നു വാഹനങ്ങൾ പുതിയ ദേശീയപാതയിലേക്ക് കയറുന്നത്. ബൈപാസ് റോഡിൽ കയറാതെ ദീർഘദൂര വാഹനങ്ങൾ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.
ഇവിടെ ട്രാഫിക് നിയന്ത്രണത്തിനു സംവിധാനങ്ങളൊന്നുമില്ല. ശാരദാദേവി ക്ഷേത്ര ജംക്ഷനിൽ സർവീസ് റോഡിൽ നിന്നു ദേശീയപാതയിലേക്ക് കയറുന്ന ഭാഗത്തും സുരക്ഷാ സംവിധാനങ്ങളുടെ കുറവുണ്ട്.
താൽക്കാലികമായി നിർമിച്ച പ്രവേശന ഭാഗങ്ങളിലെ അപാകത മൂലം ഇരുചക്രവാഹനങ്ങൾ നിരന്തരം അപകടത്തിൽപെടുന്നുണ്ട്. കരുനാഗപ്പള്ളിയിലെ അനധികൃത പാർക്കിങ്
റോഡിന്റെ ഇരുവശങ്ങളിലെയും അനധികൃത പാർക്കിങ് കാരണം കരുനാഗപ്പള്ളി ലാലാജി ജംക്ഷൻ, മിനി സിവിൽ സ്റ്റേഷൻ ഭാഗങ്ങൾ അപകട
മേഖലകളായി മാറി. സർവീസ് റോഡുകളുടെ വശത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പെട്ടെന്ന് റോഡിലേക്ക് കയറുന്നതും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
നടപ്പാലം വേണമെന്ന് കൊട്ടിയത്ത് ആവശ്യം
കൊട്ടിയം ജംക്ഷന് സമീപം ഇഎസ്ഐ ആശുപത്രിക്കു സമീപം നടപ്പാലം നിർമിക്കണമെന്ന് കൊട്ടിയം പൗരവേദി ആവശ്യപ്പെട്ടു. എൻ.കെ.പ്രേമചന്ദ്രൻ എംപി, ബി.ബി.ഗോപകുമാർ എംഎൽഎ, വിഷ്ണു മോഹൻ എംഎൽഎ എന്നിവരെ ഇക്കാര്യം അറിയിച്ചതായി പൗരവേദി പ്രസിഡന്റ് കൊട്ടിയം എൻ.അജിത്കുമാർ, സെക്രട്ടറി നൗഷാദ് പാട്ടത്തിൽ, ട്രഷർ ജോൺ മോത്ത എന്നിവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

