പാക്കിസ്ഥാൻ സർക്കാരിന്റെ നിരുത്തരവാദപരമായ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ ചൈനയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് ജാമിയത് ഉലമ-ഇ-ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) നേതാവ് മൗലാനാ ഫസലുർ റഹ്മാൻ വെളിപ്പെടുത്തി. ബലൂചിസ്ഥാനിലെ ഖനന പദ്ധതിയിൽ നിന്ന് അവർ പിന്മാറിയതായും അദ്ദേഹം വ്യക്തമാക്കി.
ബലൂചിസ്ഥാനിലെ വലിയ ഖനന പദ്ധതികളായ റെക്കോ ഡിക്, സൈൻഡക് എന്നിവ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, ഖനനം ചെയ്തെടുക്കുന്ന ധാതുക്കൾ എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ആർക്കുമറിയില്ലെന്ന് ഫസലുർ റഹ്മാൻ പറഞ്ഞു.
ഈ ഖനികൾകൊണ്ട് പാക്കിസ്ഥാന് ഇതുവരെ ഒരു പ്രയോജനവും കിട്ടിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പാക്കിസ്ഥാനി ഭരണകൂടം ഇപ്പോഴും ബ്രിട്ടീഷ് ഭരണകൂട
മനോഭാവമാണ് കാട്ടുന്നത്. പാക്കിസ്ഥാനിലെ രണ്ട് പ്രവിശ്യകൾ പ്രക്ഷോഭത്തീയിൽ എരിയുകയാണ്.
ഗ്രാമങ്ങളിൽ ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ പറ്റുന്നില്ല. ജോലി ചെയ്യാൻ പറ്റുന്നില്ല.
കുട്ടികളെ സ്കൂളിൽ വിടാനാവുന്നില്ല – റഹ്മാൻ ആരോപിച്ചു. ചൈനക്കാരായ ഉദ്യോഗസ്ഥരും തൊഴിലാളികളും പാക്കിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി നേരിടുന്നുണ്ട്.
ഐഎംഎഫിൽ നിന്നും ലോകബാങ്കിൽ നിന്നുമൊക്കെ കടമെടുത്ത് കൂട്ടിയത് പാക്കിസ്ഥാന് തിരിച്ചടിയായി. സ്വന്തമായി ഒരു തീരുമാനമെടുക്കാൻ പോലും ഈ രാജ്യാന്തര സ്ഥാപനങ്ങൾ ഇപ്പോൾ പാക്കിസ്ഥാനെ അനുവദിക്കുന്നില്ല.
പാക്കിസ്ഥാനിലെ പ്രശ്നങ്ങൾക്ക് ഇപ്പോഴത്തെ പ്രവിശ്യാ സംവിധാനമാണ് പ്രശ്നമെന്ന് സർക്കാർ കരുതുന്നു. പുതിയ പ്രവിശ്യകൾ രൂപീകരിച്ച് പ്രശ്നം തീർക്കാനാണ് നീക്കം.
അതൊരു നല്ല ഉപായമാണെന്ന് തോന്നുന്നില്ലെന്ന് മൗലാനാ ഫസലുർ റഹ്മാൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

