സംസ്ഥാനത്ത് ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്ക് അറുതി വരുത്തുക ലക്ഷ്യമിട്ട് പൊലീസിന്റെ കീഴിൽ പുതിയ നർകോട്ടിക് കൺട്രോൾ ബ്യൂറോ ഡിവിഷൻ രൂപീകരിക്കാൻ ഉന്നതതല നിർദേശം. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനായി ഇന്റലിജൻസ് വിഭാഗം മേധാവി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സമിതിയെ ഡിജിപി ചുമതലപ്പെടുത്തി.
നിലവിലുള്ള സംവിധാനപ്രകാരം ജില്ലകളിൽ ലഹരിക്കേസുകൾ അന്വേഷിക്കുന്നതിന് ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉള്ളത്. മൂന്നോ നാലോ സിവിൽ പൊലീസ് ഓഫിസർമാർ മാത്രമുള്ള ഈ ചെറിയ വിഭാഗത്തെ പലപ്പോഴും മറ്റ് ഔദ്യോഗിക ചുമതലകളിലേക്കും നിയോഗിക്കാറുണ്ട്.
എന്നാൽ പുതിയ പദ്ധതിയിലൂടെ എഡിജിപി, ഐജി, എസ്പിമാർ എന്നിവർ ഉൾപ്പെടുന്ന വളരെ വിപുലമായ ഭരണസംവിധാനമാണ് രൂപീകരിക്കാൻ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി കേസുകൾ നേരിട്ട് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള പ്രത്യേക നർകോട്ടിക് സ്റ്റേഷനുകളും നിലവിൽവരും.
ഓരോ ലഹരിക്കേസും നിസ്സാരമായി കാണാതെ ആഴത്തിലുള്ള അന്വേഷണം നടത്തി അവയുടെ ഉറവിടം കണ്ടെത്തുക വഴി ലഹരിയുടെ ശൃംഖല തകർക്കുകയാണ് പുതിയ ഡിവിഷന്റെ ലക്ഷ്യം. അതിനിടയിൽ, കേരളത്തിൽ ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും കൂടുതലായി നടക്കുന്നുവെന്ന് സംശയിക്കുന്ന 138 ലഹരി ഹോട്സ്പോട്ടുകൾ എക്സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്തുള്ള കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളാണ് ഇത്തരം ലഹരി കേന്ദ്രങ്ങളായി മാറിയിട്ടുള്ളത്. ഈ സ്ഥലങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വെട്ടിത്തെളിച്ച് സൗന്ദര്യവൽക്കരണം നടത്താനാണ് തീരുമാനം.
തുടർന്ന് ജനങ്ങൾക്ക് ആശ്രയിക്കാവുന്ന വിശ്രമ, വിനോദ ഇടങ്ങളായി ഇവയെ മാറ്റിയെടുക്കും. ഇത്തരം ഭാഗങ്ങളിൽ പൊതുജനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നത് വഴി സാമൂഹ്യവിരുദ്ധരെയും ലഹരി സംഘങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

