രാജസ്ഥാനിലെ ജയ്പൂരിൽ സ്വർണാഭരണ കടയിൽ വൻ മോഷണശ്രമം. ഉപഭോക്താവെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി, ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങളുമായി കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.
20 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് യുവതി തട്ടിയെടുക്കാൻ ശ്രമിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: നിവാരു റോഡിലെ ലക്ഷ്മി നഗറിലുള്ള ഭവാനി ജ്വല്ലേഴ്സിൽ ഇന്നലെ രാവിലെ 11.45 ഓടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ജ്വല്ലറി ഉടമയായ ത്രിലോക് ചന്ദ് പ്രജാപത് പൊലീസിന് നൽകിയ പരാതിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവതി, 25 സ്വർണമോതിരങ്ങൾ അടങ്ങിയ ബോക്സുമായി കടയിൽ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു.
ഉടൻതന്നെ ജ്വല്ലറി ഉടമയും ജീവനക്കാരനും ചേർന്ന് യുവതിയെ പിന്നാലെ ഓടി പിന്തുടർന്നു. ഏകദേശം 500 മീറ്ററോളം ദൂരം ഓടിയാണ് ഇവർ യുവതിയെ കീഴ്പ്പെടുത്തിയത്.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ജയിലിൽ പോകണമെന്ന ആഗ്രഹം കൊണ്ടാണ് താൻ മോഷണം നടത്തിയതെന്നാണ് യുവതി പിന്നീട് പൊലീസിന് നൽകിയ മൊഴി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

