പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ അതീവ ഗുരുതരമായി തുടരുന്നു. അമേരിക്കയുടെ മൂന്നെണ്ണം ഉള്‍പ്പെടെ ആറ് കപ്പലുകളാണ് ഇറാന് ആക്രമിച്ചത്.
ഹോര്‍മുസില്‍ ബദല്‍ ജലപാത ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് മൂന്ന് എണ്ണക്കപ്പലുകള്‍ ആക്രമിച്ചതെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) വ്യക്തമാക്കി. യുഎസുമായി ബന്ധമുള്ള മറ്റു മൂന്ന് കപ്പലുകള്‍ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടതായി ഐ.ആര്.ജി.സി അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം ഖാര്‍ഗ് ദ്വീപില്‍ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകള്‍ക്ക് നേരെ യു.എസ് നടത്തിയ ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അമേരിക്കന്‍ നാവിക ഉപരോധം തുടരുകയാണെങ്കില്‍ യു.എസ് സൈനിക കപ്പലുകള്‍ക്ക് നേരെ വരും ദിവസങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇറാന് സൈന്യം കടുത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രണ്ട് അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് നേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങള്‍. ഇറാന്റെ മുഴുവന്‍ എണ്ണക്കപ്പലുകളും നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ് സേത്ത് വ്യക്തമാക്കി.
ഇതിനിടെ, തെക്കന്‍ ലെബനോണിലേക്ക് ഇസ്രയേലിന്റെ ആക്രമണങ്ങളും തുടരുകയാണ്. സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങളും സജീവമായി നടക്കുന്നുണ്ട്.
തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണില്‍ ആശയവിനിമയം നടത്തി. അമേരിക്കയുമായി നടത്തിയ ഏറ്റവും പുതിയ സമാധാന ചര്‍ച്ചകളെക്കുറിച്ചും ഇനിയും പരിഹരിക്കപ്പെടാനുള്ള വിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

