തിരുവനന്തപുരം: ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും അപ്രത്യക്ഷമായ പോസ്റ്റുകൾ തിരികെ സ്ഥാപിച്ച് മെറ്റ. കേന്ദ്ര ഐടി മന്ത്രാലയത്തിനും മെറ്റക്കും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി കത്ത് അയച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സാങ്കേതിക തകരാർ കാരണം സംഭവിച്ച പിഴവാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെടാൻ കാരണമെന്നാണ് മെറ്റയുടെ ഔദ്യോഗിക വിശദീകരണം. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്തയുടേയും നബിദിന ആശംസകളുടെയും പോസ്റ്റുകൾ അപ്രത്യക്ഷമായ സംഭവത്തിലാണ് കത്ത് നൽകിയത്.
നീക്കം ചെയ്യപ്പെട്ട പോസ്റ്റുകൾ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും ഉള്ളടക്കം ഒഴിവാക്കാനിടയായ സാഹചര്യം വ്യക്തമാക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്.
ഇതിന്റെ തുടർച്ചയായാണ് നടപടികൾ വേഗത്തിലാക്കി മെറ്റ വിശദീകരണം നൽകിയതും പോസ്റ്റുകൾ തിരികെ കൊണ്ടുവന്നതും. നേരത്തെ സമാനമായ രീതിയിൽ വിമർശന പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പോസ്റ്റുകൾ പിൻവലിച്ചതെന്ന തരത്തിലുള്ള വിമർശനങ്ങൾ അന്ന് ഉയർന്നിരുന്നെങ്കിലും പിന്നീട് ആ വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കപ്പെട്ടു. ആരുടെയും ആവശ്യപ്രകാരമല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും, സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വ്യക്തമാക്കി മെറ്റ രംഗത്തു വന്നിരുന്നു.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരുടെ ചിത്രം ദുരുപയോഗം ചെയ്തുകൊണ്ടുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ഉപയോഗിച്ചപ്പോൾ സംഭവിച്ച പിഴവാണ് ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യപ്പെടാൻ ഇടയാക്കിയതെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു മുൻപും മാർച്ചിലും ഏപ്രിലിലും സമാനമായ രീതിയിൽ ചില ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്യപ്പെട്ടിരുന്നു.
എ ഐ സോഫ്റ്റ്വെയർ അപ്ഗ്രഡേഷന്റെ ഭാഗമായുള്ള സാങ്കേതിക തടസ്സങ്ങളാണ് അന്നും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നായിരുന്നു മെറ്റയുടെ അന്നത്തെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

