കേരളത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂടുപിടിക്കുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം ശ്രീയുടെ ഭാഗമാകമായാൽ മതിയെന്നാണ് ജോൺ ബ്രിട്ടാസ് എംപി ഇക്കാര്യത്തിൽ പ്രതികരിച്ചത്.
എന്നാൽ ഇത്തരം നടപടികൾ ഉണ്ടായാൽ പൊതുജനങ്ങൾക്കിടയിൽ തങ്ങളുടെ യഥാർത്ഥ മുഖം അഴിഞ്ഞുവീഴുമെന്ന് യുഡിഎഫിലെ ചിലർക്കെങ്കിലും ബോധ്യപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ അവർക്ക് കൃത്യമായ ഒരു നിലപാടെടുക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
യുഡിഎഫിന്റെ എംപിമാർ രാജ്യസഭയിൽ ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിൽ, പിഎം ശ്രീയിൽ നിന്ന് പിന്മാറാം എന്ന കാര്യങ്ങളെല്ലാം കൃത്യമായി തന്നെയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ഈ മലക്കംമറിച്ചിൽ നടത്തേണ്ട
ആവശ്യമില്ല. കേരള സമൂഹത്തോട് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കിൽ യുഡിഎഫ് മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
സതീശൻ സർക്കാരിന്റെ നിലപാട് എന്താണെന്ന് നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്രയും നാണംകെട്ട
സമീപനം സ്വീകരിച്ച ഒരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ വേറെയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ പിഎം ശ്രീയിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗും രംഗത്ത് വന്നിരുന്നു.
പദ്ധതി നടപ്പിലാക്കരുതെന്നാണ് തങ്ങളുടെ കർശന നിലപാടെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. വോട്ട് ചെയ്ത ജനങ്ങൾക്ക് അനിഷ്ടമായ എന്തെങ്കിലും ഉണ്ടായാൽ അത് പറയാന് യൂത്ത് ലീഗ് ഉണ്ടാകുമെന്നും സർക്കാർ ജനങ്ങളുടെ കൂടെയല്ലെങ്കിൽ ജനങ്ങൾ ഭരണകൂടങ്ങൾക്ക് എതിരാകുമെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുന്നറിയിപ്പ് നൽകി.
യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ സർക്കാരാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചത്.
അന്ന് യൂത്ത് ലീഗായിരുന്നു പദ്ധതിയെ ഏറ്റവും കൂടുതൽ എതിർത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പി എം ശ്രീ വരരുതെന്ന് ആഗ്രഹിക്കുന്നുണ്ട്.
നിലവിൽ സർക്കാർ ഇക്കാര്യത്തിൽ ഉപസമിതി ഉണ്ടാക്കി അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണ്. ജനവികാരത്തിന് എതിരായി സർക്കാർ എന്തെങ്കിലും തീരുമാനം എടുത്താൽ യൂത്ത് ലീഗ് അപ്പോൾ തന്നെ ശക്തമായ അഭിപ്രായം പറയുമെന്നും മുനവ്വറലി ശിഹാബ് തങ്ങള് ഓർമ്മിപ്പിച്ചു.
ലീഗിന് പിന്നാലെ കോൺഗ്രസ്സിലും ഈ വിഷയത്തിൽ കടുത്ത ഭിന്നതയാണ് നിലവിലുള്ളത്. ലീഗിലെ എതിർപ്പുകൾക്ക് പിന്നാലെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത എതിർപ്പുകൾ ഉയർന്നു വന്നിട്ടുണ്ട്.
എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അടക്കമുള്ളവർ യോഗത്തിൽ വിമർശനം ഉന്നയിച്ചു. പദ്ധതിയിൽ നിന്നും പിന്മാറുന്നത് പ്രയാസമാണെന്ന നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും, ഒറ്റയടിക്ക് ഒരു തീരുമാനത്തിലേക്ക് പോകുന്നത് സർക്കാരിന് കനത്ത വെല്ലുവിളിയാകും.
മന്ത്രിസഭാ ഉപസമിതി ഇതുവരെ രണ്ട് തവണയാണ് യോഗം ചേർന്നത്. മൂന്നാം യോഗത്തോടെ അന്തിമ റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു ധാരണയെങ്കിലും, കാര്യങ്ങളിൽ ഇതുവരെ രാഷ്ട്രീയ സമവായമാകാത്തതാണ് പ്രധാന തടസ്സമായി നിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

